ഹൈദരാബാദ്: ഒളിമ്പിക് മെഡല്‍ ജേതാവ് നീരജ് ചോപ്രയുടെ അമ്മ സരോജദേവിക്ക് വികാര നിര്‍ഭരമായ കത്തുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നവരാത്രിക്ക് മുന്നോടിയായി നീരജിന്‍റെ അമ്മ തനിക്ക് കൊടുത്ത് വിട്ട ചുറുമയ്‌ക്ക് (ലഡു പോലുള്ള ഒരു മധുരപലഹാരം) പ്രധാനമന്ത്രി നന്ദി അറിയിച്ചു. നീരജിന്‍റെ അമ്മ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നുവെന്ന് കരുതുവെന്ന് കത്തില്‍ അദ്ദേഹം പറഞ്ഞു.
സരോജദേവി തനിക്ക് കൊടുത്ത് വിട്ട ചുറുമ തന്‍റെ അമ്മയെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഉണര്‍ത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജമൈക്കന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയിലാണ് നീരജിനെ കാണാന്‍ കഴിഞ്ഞത്. അമ്മയുണ്ടാക്കിയ രുചികരമായ ചുറുമ നീരജ് തനിക്ക് സമ്മാനിച്ചതോടെ തന്‍റെ സന്തോഷം വര്‍ധിച്ചു.
ഇന്ന് ഇത് കഴിച്ചതോടെ തനിക്ക് ഈ കത്തെഴുതാതെ ഇരിക്കാനാകുമായിരുന്നില്ല. അമ്മ തയാറാക്കുന്ന ഈ വിശേഷ വിഭവത്തെക്കുറിച്ച് നീരജ് തന്നോട് പറയാറുണ്ട്. എന്നാല്‍ ഇന്ന് ഇത് കഴിച്ചതോടെ താന്‍ വികാരാധീനനായിരിക്കുന്നു. താങ്കളുടെ അഗാധമായ സ്‌നേഹവും ഊഷ്‌മളതയും നിറച്ച ഈ സമ്മാനം തന്നില്‍ സ്വന്തം അമ്മയുടെ ഓര്‍മ്മകള്‍ ഉണര്‍ത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നവരാത്രി ഉത്സവത്തിന് മുന്നോടിയായുള്ള ഈ സമ്മാനം ഏറെ പ്രത്യേകതകള്‍ ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവരാത്രിയോട് അനുബന്ധിച്ചുള്ള ഈ 9 ദിവസം തനിക്ക് ഉപവാസമാണ്. ഉപവാസം തുടങ്ങുന്നതിന് മുമ്പുള്ള തന്‍റെ പ്രധാന ആഹാരം അമ്മ കൊടുത്തയച്ച ഈ മധുരപലഹാരമാണ്.
അമ്മ പാകം ചെയ്‌ത ഭക്ഷണമാണ് നീരജിന് രാജ്യത്തിന് വേണ്ടി മെഡല്‍ നേടാന്‍ വേണ്ട ഊര്‍ജ്ജം നല്‍കിയത്. ഈ ചുറുമ തനിക്ക് 9 ദിവസം രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാനുള്ള കരുത്തേകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വികസിത ഇന്ത്യയെന്ന തന്‍റെ കാഴ്‌ചപ്പാട് യഥാര്‍ഥ്യമാക്കാന്‍ താന്‍ അക്ഷീണം പ്രവര്‍ത്തിക്കുമെന്ന് രാജ്യത്തെ എല്ലാ അമ്മമാര്‍ക്കും താന്‍ ഈ നവരാത്രി വേളയില്‍ ഉറപ്പ് നല്‍കുന്നുവെന്ന് പറഞ്ഞാണ് മോദിയുടെ കത്ത് അവസാനിക്കുന്നത്.