ഉത്തര്‍പ്രദേശ്: വാരണാസി ലോക്‌സഭ മണ്ഡലത്തില്‍ നിന്നും വീണ്ടും വിജയത്തിലേറി പ്രധാനമന്ത്രി നരേന്ദ്ര മോദി. 6,11,439 വോട്ടുകള്‍ നേടിയാണ് മൂന്നാം തവണയും ലോക്‌സഭ മണ്ഡലത്തിലെ മോദിയുടെ വിജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായ്‌യെ 1.5 ലക്ഷം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മുന്നേറ്റം.
വോട്ടെണ്ണലിന്‍റെ ആദ്യഘട്ടത്തിലെ ഫലം ഇത്തവണ വാരണാസിയില്‍ ചരിത്രം മാറ്റി കുറിക്കുമെന്നാണ് പാര്‍ട്ടികളും നേതാക്കളും അണികളുമെല്ലാം കരുതിയത്. ആദ്യ ഘട്ടത്തില്‍ നരേന്ദ്ര മോദിയെ പിന്തള്ളി കോണ്‍ഗ്രസിന്‍റെ അജയ് റായ് ലീഡ് ചെയ്‌തത് ബിജെപിക്കുള്ളില്‍ വലിയ ആശങ്കയുണ്ടാക്കി. 6000 വോട്ടുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ അജയ് റായ് മുന്നിട്ട് നിന്നത്. എന്നാല്‍ ഏതാനും സമയങ്ങള്‍ പിന്നിട്ടതോടെ വീണ്ടും ബിജെപിയുടെ ലീഡ് ഉയര്‍ന്നു.
2019ലെ തെരഞ്ഞെടുപ്പില്‍ വാരണാസിയില്‍ 6,74,664 വോട്ടുകള്‍ക്കാണ് നരേന്ദ്ര മോദി വിജയിച്ചത്. അന്നും കോണ്‍ഗ്രസില്‍ നിന്ന് അജയ് റായ് തന്നെയാണ് മത്സര ഗോദയിലിറങ്ങിയത്.
വാരണാസി ചൂടേറിയ തട്ടകം: 2014ലാണ് ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയില്‍ നിന്നും ലോക്‌സഭ തെരഞ്ഞെടുപ്പിനെ നേരിട്ടത്. മത്സരത്തില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയം കൊയ്യുകയും തുടര്‍ന്നുള്ള തെരഞ്ഞെടുപ്പിലും വിജയിക്കുകയും ചെയ്‌തു. രണ്ട് തവണ വിജയത്തിലേറിയതിന്‍റെ കരുത്തിലാണ് ഇത്തവണ മോദി വാരണാസിയില്‍ നിന്നും ജനവിധി തേടിയത്.
ജനവിധി അനുകൂലമാകുകയും ചെയ്‌തു. കോണ്‍ഗ്രസിന്‍റെ അജയ് റായ്‌യ്‌ക്ക് പുറമെ ബഹുജൻ സമാജ് പാർട്ടിയുടെ (ബിഎസ്‌പി) അഥർ ജമാൽ ലാരിയും വാരണാസിയില്‍ മത്സര രംഗത്തുണ്ടായിരുന്നു. കരുത്തുറ്റ മത്സരാര്‍ഥികളുടെ ത്രികോണ മത്സരത്തിനാണ് ഇത്തവണ വാരണാസി സാക്ഷ്യം വഹിച്ചത്. ഇവര്‍ക്ക് പുറമെ യുഗ തുളസി പാർട്ടിയുടെ കോലിസെട്ടി ശിവകുമാർ, അപ്‌നാ ദളിലെ ഗഗൻ പ്രകാശ് യാദവ്, സ്വതന്ത്ര സ്ഥാനാര്‍ഥികളായ ദിനേഷ് കുമാർ യാദവ്, സഞ്ജയ് കുമാർ തിവാരി എന്നിവരും വാരണാസിയില്‍ മത്സര രംഗത്തുണ്ടായിരുന്നു.
നടൻ ശ്യാം രംഗീല ഉൾപ്പെടെ 41 സ്ഥാനാർഥികള്‍ ആദ്യം വാരണാസിയില്‍ നിന്നും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതില്‍ ഏഴ് നാമനിര്‍ദേശ പത്രികകള്‍ ഒഴികെ ബാക്കിയെല്ലാം തള്ളുകയും ചെയ്‌തിരുന്നു. 1991 മുതല്‍ വാരണാസിയില്‍ ബിജെപിയാണ് നിരന്തരം ഭരണത്തിലേറുന്നത്. 2009ൽ ബിജെപി നേതാവ് മുരളി മനോഹർ ജോഷിയാണ് വാരണാസിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട എംപി. പിന്നീടുള്ള തെരഞ്ഞെടുപ്പുകളിലാണ് നരേന്ദ്ര മോദി മത്സര രംഗത്തേക്കിറങ്ങിയത്.
2024ലെ വോട്ടെടുപ്പ്: വാരണാസി നിയോജക മണ്ഡലത്തില്‍ ഇത്തവണ 19,97,578 വോട്ടര്‍മാരാണുള്ളത്. തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടം നടന്ന ജൂണ്‍ 1നാണ് വാരണാസിയില്‍ വോട്ടെടുപ്പ് നടന്നത്.
Also Read: വയനാട്ടിൽ വിജയം കൊയ്‌ത് രാഹുല്‍ ഗാന്ധി ; വിജയിച്ചത് 3,64,422 വോട്ടുകൾക്ക്