ന്യൂഡല്‍ഹി : കേന്ദ്രത്തിൽ ബിജെപി സർക്കാരിന്‍റെ തുടർച്ചയായ മൂന്നാം ടേമിൽ രാജ്യം ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narendra Modi on BJP third term and Indian economy). രാജ്യതലസ്ഥാനത്തെ ഭാരത് മണ്ഡപത്തിൽ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെയാണ് പ്രധാനമന്ത്രിയുടെ പ്രസ്‌താവന.
'ഞങ്ങളുടെ മൂന്നാം ടേമിൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നത് ഉറപ്പാണ്. കഴിഞ്ഞ 10 വർഷത്തിനിടയിൽ 25 കോടിയോളം ആളുകൾ സർക്കാരിന്‍റെ ശ്രമഫലമായി ദാരിദ്ര്യത്തിൽ നിന്ന് കരകയറി. ഇന്നത്തെ ഇന്ത്യ ഈയൊരു ലക്ഷ്യവുമായി മുന്നേറുകയാണ്. 2047 ഓടെ രാജ്യത്തെ 'വികസിത'മാക്കും. ഈ ലക്ഷ്യം കൈവരിക്കുന്നതിൽ മൊബിലിറ്റി മേഖല വലിയ പങ്ക് വഹിക്കും' -പ്രധാനമന്ത്രി നരേന്ദ്രമോദി (P M Narendra Modi) വ്യക്തമാക്കി.
ഇന്ത്യ വികസനത്തിന്‍റെ പാതയില്‍ നീങ്ങുകയാണ്. തങ്ങളുടെ മൂന്നാം ടേമിൽ, ഇന്ത്യ സമ്പദ്‌വ്യവസ്ഥയുടെ കാര്യത്തിൽ മൂന്നാം സ്ഥാനത്തെത്തും. മാത്രമല്ല മൂന്നാം ടേമിൽ, കൂടുതൽ വലിയ തീരുമാനങ്ങളും ഉണ്ടാകും, അതിനോടൊപ്പം ഇന്ത്യയിലെ ദാരിദ്ര്യം ഇല്ലാതാകും. ഇന്ത്യയുടെ വികസനത്തിന് ഒരു പുതിയ ദിശാബോധം നൽകുന്നതിനായി കഴിഞ്ഞ ഒന്നര വര്‍ഷം കൊണ്ട് താൻ പുതിയ പദ്ധതികൾ തയ്യാറാക്കി. ഇനി അത് എങ്ങനെ പ്രാവര്‍ത്തികമാകുമെന്ന് മനസിലാക്കാൻ ഒരു റോഡ് മാപ്പ് തയ്യാറാക്കുകയാണ്. ഏകദേശം 15 ലക്ഷത്തോളം ആളുകളുടെ ഉപദേശം താൻ സ്വീകരിച്ചു. 20 ദിവസങ്ങൾ കൂടി കഴിഞ്ഞാല്‍ ഒരു പൂര്‍ണ ചിത്രം ലഭിക്കുമെന്നും മോദി പറഞ്ഞു.
'ഇതാണ് ശരിയായ സമയമെന്ന്' ഞാൻ എപ്പോഴും പറയാറുണ്ട്. ഈ മന്ത്രം മൊബിലിറ്റി മേഖലയുമായി നന്നായി യോജിക്കുന്നു. ഇത് മൊബിലിറ്റി മേഖലയുടെ സുവർണ കാലഘട്ടത്തിന്‍റെ തുടക്കമാണെന്നും, ഇന്ന് സമ്പദ്‌വ്യവസ്ഥയില്‍ രാജ്യം അതിവേഗം വികസിക്കുകയാണെ'ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വന്തം അഭിലാഷങ്ങളും പ്രതീക്ഷകളുമുള്ള ഒരു പുതിയ മധ്യവർഗം രാജ്യത്ത് ഉയർന്നുവരികയാണ്. മധ്യവർഗത്തിന്‍റെ വരുമാനവും പരിധിയും വിപുലീകരിച്ചുവെന്നും ഇത് മൊബിലിറ്റി മേഖലയിൽ പുതിയ ഉയരങ്ങൾ ഉറപ്പാക്കും എന്നും പ്രധാനമന്ത്രി പറഞ്ഞു. 2014-ന് മുമ്പ് 12 കോടി കാറുകളാണ് ഇന്ത്യയില്‍ വിറ്റഴിച്ചിരുന്നത്. എന്നാല്‍ 2014 മുതൽ 21 കോടിയിലധികം കാറുകൾ വിറ്റഴിച്ചിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
2014-ന് മുമ്പ് പ്രതിവർഷം 2,000 കോടി ഇലക്‌ട്രിക് കാറുകൾ വിറ്റഴിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോൾ ഏകദേശം 12 ലക്ഷം ഇലക്‌ട്രിക് കാറുകൾ വാർഷികാടിസ്ഥാനത്തിൽ വിൽക്കുന്നുണ്ട്. പാസഞ്ചർ കാർ വിൽപ്പനയിൽ 60 ശതമാനം വർധനയാണ് ഇന്ത്യ രേഖപ്പെടുത്തിയത്. ഇരുചക്രവാഹനങ്ങളുടെ വിൽപ്പനയിലും 70 ശതമാനം വർധന ഉണ്ടായിട്ടുണ്ട് എന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
മൊബിലിറ്റി മേഖലയിൽ അഭൂതപൂർവമായ മാറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്നത്തെ ഇന്ത്യ ഭാവി സാഹചര്യം മനസിൽ വച്ചാണ് പുതിയ നയങ്ങളെ ആശ്രയിക്കുന്നത്. ഈ കാഴ്‌ചപ്പാടാണ് ഇടക്കാല ബജറ്റിലും പ്രതിഫലിക്കുന്നതെന്ന് മോദി പറഞ്ഞു. പുതിയ സർക്കാർ രൂപീകരണത്തിന് ശേഷം വിശദമായ ബജറ്റ് അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.