ന്യൂഡൽഹി : രാം ലല്ലയിലെ സൂര്യതിലക് ചടങ്ങ് തത്സമയം കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. അസം - നൽബാരിയിലെ പൊതു റാലിയിൽ പങ്കെടുത്ത് മടങ്ങവെ പരിപാടിയുടെ ലൈവ് സ്ട്രീമിംഗ് വീക്ഷിക്കുന്ന ചിത്രങ്ങള്‍ പ്രധാനമന്ത്രി മോദി പങ്കിട്ടു. 'സൂര്യതിലകും അതിൽ നിന്നുയരുന്ന ആത്മീയ ഊർജവും വീക്ഷിത് ഭാരത് ദൗത്യത്തിനുള്ള പ്രതിജ്ഞയെ ശക്തിപ്പെടുത്തുമെന്ന്' ചിത്രങ്ങള്‍ പങ്കുവച്ച് പ്രധാനമന്ത്രി പറഞ്ഞു.
'നാൽബാരി റാലിക്ക് ശേഷം, ഞാൻ രാം ലല്ലയിലെ സൂര്യ തിലക് കണ്ടു. കോടിക്കണക്കിന് ഇന്ത്യക്കാരെ പോലെ, ഇത് എനിക്കും വളരെ വൈകാരികമായ നിമിഷമാണ്. അയോധ്യയിലെ മഹത്തായ രാമ നവമി ചരിത്രപരമാണ്. ഈ സൂര്യതിലക് നമ്മുടെ ജീവിതത്തിലേക്ക് ഊർജം പകരട്ടെ. മഹത്വത്തിന്‍റെ പുതിയ ഉയരങ്ങൾ താണ്ടാൻ നമ്മുടെ രാജ്യത്തെ പ്രചോദിപ്പിക്കട്ടെ' - മോദി എക്‌സിൽ കുറിച്ചു.
റാലിക്ക് മുന്നോടിയായി, അയോധ്യ ക്ഷേത്രത്തിലെ രാംലല്ല വിഗ്രഹത്തിലെ സൂര്യ തിലക് ചടങ്ങിന്‍റെ തത്സമയ സ്ട്രീമിങ് ലിങ്ക് പ്രധാനമന്ത്രി മോദി പങ്കിട്ടിരുന്നു. രാമനവമി ദിനത്തിൽ ഉച്ചയോടെയായിരുന്നു ചടങ്ങുകള്‍.
ALSO READ: രാമനവമി ആഘോഷമാക്കി അയോധ്യ: രാംലല്ല പ്രതിഷ്‌ഠയില്‍ സൂര്യാഭിഷേകം, ഭക്തിനിറവില്‍ ആയിരങ്ങള്‍
രാമക്ഷേത്രത്തിലെ കണ്ണാടികളുമായും ലെൻസുകളുമായും ബന്ധിപ്പിച്ച വിപുലമായ സംവിധാനത്തിലൂടെയാണ് രാംലല്ലയില്‍ സൂര്യ തിലക് നടന്നത്. ഇതിനായി ക്ഷേത്ര ട്രസ്റ്റ് ഒരു സംഘത്തെ നിയോഗിച്ചിരുന്നു. ശാസ്‌ത്രീയ വൈദഗ്ധ്യത്താല്‍ സന്നിവേശിപ്പിച്ച സൂര്യപ്രകാശം രാംലല്ല വിഗ്രഹത്തിന്‍റെ നെറ്റിയിൽ പതിക്കുന്നതായിരുന്നു ചടങ്ങ്.