വാരണാസി: മദ്യപാനികളെന്ന് ഉത്തര്‍പ്രദേശിലെ യുവാക്കളെ പരാമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. സംസ്ഥാനത്തെ യുവാക്കളെ ഇത്തരത്തില്‍ പരാമര്‍ശിച്ചത് തന്നെ ഞെട്ടിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാരണാസിയില്‍ നിരവധി പദ്ധതികളുടെ ഉദ്ഘാടനം നടത്തവെ ആയിരുന്നു മോദിയുടെ പരാമര്‍ശം (Rahul Gandhi).
രാഹുലിന്‍റെ പേര് എടുത്ത് പറയാതെ ആയിരുന്നു മോദിയുടെ വിമര്‍ശനങ്ങള്‍. കോണ്‍ഗ്രസ് കുടുംബത്തിലെ രാജകുമാരന്‍ ഉത്തര്‍പ്രദേശിലെ കുട്ടികളെ മദ്യപാനികള്‍ എന്ന് വിളിച്ചു എന്നായിരുന്നു മോദി ചൂണ്ടിക്കാട്ടിയത്. കാശിയിലെയും ഉത്തര്‍പ്രദേശിലെയും എല്ലാ കുടുംബങ്ങളിലെയും കുട്ടികളെ കോണ്‍ഗ്രസിന്‍റെ യുവരാജാവ് മദ്യപാനികള്‍ എന്ന് വിളിച്ചിരിക്കുന്നു. എന്ത് ഭാഷയാണിത്. രണ്ട് ദശകമായി അവര്‍ മോദിയെ അപമാനിക്കുന്നു. ഇപ്പോള്‍ അവരുടെ അസ്വസ്ഥതകള്‍ മുഴുവന്‍ ഉത്തര്‍പ്രദേശിലെ യുവാക്കളുടെ മേല്‍ ചൊരിയുകയാണ്. ബുദ്ധിഭ്രമം വന്നവര്‍ ഉത്തര്‍പ്രദേശിലെ യുവാക്കളെ മദ്യപാനികള്‍ എന്ന് വിളിക്കുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി (Modi).
ഉത്തര്‍പ്രദേശിലെ യുവാക്കള്‍ ഒരു വികസിത സംസ്ഥാനം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ്. ഉത്തര്‍പ്രദേശ് വികസനത്തിന്‍റെ പാതയിലാണിപ്പോള്‍. ഇന്ത്യ സഖ്യം നടത്തുന്ന ഈ അവഹേളനങ്ങള്‍ ആരും മറക്കരുതെന്നും മോദി കൂട്ടിച്ചേര്‍ത്തു (drunken youth).
അധികാര പാരമ്പര്യമുള്ള ഒരു വ്യക്തി എപ്പോഴും സാധാരണയുവാക്കളെ ഭീഷണിപ്പെടുത്തുന്നു. അവര്‍ക്കിഷ്‌ടം എപ്പോഴും അവരെ പുകഴ്‌ത്തുന്നവരെയാണ്. രാമക്ഷേത്രം ഉദ്ഘാടനം ചെയ്‌തതോടെ ഉത്തര്‍പ്രദേശിലെ വെറുക്കാന്‍ അവര്‍ക്ക് ഒരു കാരണം കൂടി ആയിരിക്കുന്നു. കോണ്‍ഗ്രസിന് രാമനോട് ഇത്രമാത്രം വെറുപ്പുണ്ടായിരുന്നുവെന്ന് അറിയില്ലായിരുന്നു. അവര്‍ക്ക് കുടുംബത്തിനും വോട്ട് ബാങ്കിനുമപ്പുറം ആരെയും കാണാനോ ചിന്തിക്കാനോ സാധ്യമല്ല.
ഈ മാസം 20നാണ് രാഹുല്‍ ഗാന്ധിയില്‍ നിന്ന് ഇത്തരമൊരു പരാമര്‍ശം ഉണ്ടായത്. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി താന്‍ വാരണാസിയില്‍ എത്തിയപ്പോള്‍ മദ്യപിച്ച് റോഡില്‍ കിടക്കുന്ന യുവാക്കളെ കണ്ടുവെന്നായിരുന്നു രാഹുലിന്‍റെ പരാമര്‍ശം. മോദിക്കെതിരെ സംസാരിക്കുമ്പോഴാണ് ഇത്തരമൊരു പരാമര്‍ശം രാഹുലില്‍ നിന്നുണ്ടായത്.
അമേഠിയില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് രാഹുല്‍ ഇങ്ങനെ പറഞ്ഞത്. രാത്രിയില്‍ മദ്യപിച്ച് ഇവര്‍ ഉല്ലാസയാത്ര പോകുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. രാമക്ഷേത്രത്തില്‍ മോദി, അംബാനി, അദാനി തുടങ്ങിയവര്‍ മാത്രമാണ് സന്ദര്‍ശനം നടത്തുന്നത്. ശതകോടീശ്വരന്‍മാരെ മാത്രമാണ് അവിടെ കാണാന്‍ കഴിയുന്നത്. പിന്നാക്കക്കാരില്‍ നിന്നോ ദലിതുകളില്‍ നിന്നോ ഉള്ള ആരെയും കാണാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വാരണാസിയിലേക്ക് കേന്ദ്രത്തില്‍ നിന്ന് വന്‍തോതില്‍ ഫണ്ടുകള്‍ ഒഴുകിയെത്തുന്നു. സ്‌മാര്‍ട്ട്സിറ്റി ദൗത്യത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന നഗരം കൂടിയാണിത്. 2015 ജൂണ്‍ 25നാണ് മോദി പദ്ധതിക്ക് തുടക്കമിട്ടത്.
Also Read: അങ്കപ്പുറപ്പാട് ആഗ്രയില്‍; ഇന്ത്യ സഖ്യത്തിന്‍റെ യുപി തെരഞ്ഞെടുപ്പ് പ്രചാരണം 25 ന് ആഗ്രയില്‍ തുടങ്ങും