വെല്ലൂർ: കച്ചത്തീവ് വിഷയത്തില്‍ കോണ്‍ഗ്രസും ഡിഎംകെയും ചേര്‍ന്ന് രാജ്യത്തെ ഇരുട്ടിൽ നിര്‍ത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു പാര്‍ട്ടികളും സ്‌ത്രീകളോട് മോശമായാണ് പെരുമാറുന്നതെന്നും മോദി കുറ്റപ്പെടുത്തി. ഡിഎംകെ പാര്‍ട്ടിക്കെതിരെയും മോദി അഴിമതി ആരോപണം നടത്തി. ദ്രാവിഡ പാർട്ടിക്കാണ് അഴിമതിയുടെ 'ആദ്യ പകർപ്പവകാശ'മെന്നും വെല്ലൂരിലെ എന്‍ഡിഎ തെരഞ്ഞെടുപ്പ് റാലിക്കിടെ മോദി പരിഹസിച്ചു.
“അഴിമതിയുടെ ആദ്യ പകർപ്പവകാശം ഡിഎംകെയ്ക്കാണ്. കുടുംബം മുഴുവൻ തമിഴ്‌നാടിനെ കൊള്ളയടിക്കുകയാണ്. ഡിഎംകെ ഒരു കുടുംബ കമ്പനി ആണ്. ഡിഎംകെ തങ്ങളുടെ കാലഹരണപ്പെട്ട ചിന്താഗതി കൊണ്ട് സംസ്ഥാനത്തെ യുവാക്കളുടെ പുരോഗതിയെ തടസപ്പെടുത്തുകയാണ്. ഭാഷ, പ്രദേശം, വിശ്വാസം, ജാതി എന്നിവയുടെ പേരിൽ ഡിഎംകെ ആളുകളെ ഭിന്നിപ്പിക്കുകയാണ്. ജനങ്ങൾ ഇതിലൂടെയല്ലാതെ നോക്കി കാണുന്ന ദിവസം ഒരു വോട്ട് പോലും ലഭിക്കില്ലെന്ന് ഡിഎംകെയ്ക്ക് അറിയാം. ഡിഎംകെയുടെ പതിറ്റാണ്ടുകൾ പഴക്കമുള്ള അപകടകരമായ രാഷ്‌ട്രീയം തുറന്നുകാട്ടാൻ ഞാൻ തീരുമാനിച്ചിരിക്കുകയാണ്.'- മോദി പറഞ്ഞു.
കച്ചത്തീവ് ശ്രീലങ്കയ്ക്ക് നല്‍കിയപ്പോള്‍ കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന കോൺഗ്രസിനെയും സംസ്ഥാനത്ത് അധികാരത്തിലിരുന്ന ഡിഎംകെയെയും മോദി വീണ്ടും വിമര്‍ശിച്ചു. 1974-ൽ കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്തത് ഏത് മന്ത്രിസഭാ യോഗത്തിലെടുത്ത തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് മോദി ചോദിച്ചു. ആര്‍ക്ക് പ്രയോജനമുണ്ടാക്കാനാണ് തീരുമാനമെന്നും മോദി ചോദിച്ചു. ഇതിനൊന്നും കോൺഗ്രസ് മറുപടി നൽകിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിന് ശേഷം തമിഴ്‌നാട്ടിൽ നിന്നുള്ള ഇന്ത്യൻ മത്സ്യ തൊഴിലാളികളെ അറസ്‌റ്റ് ചെയ്യുകയും അവരുടെ ബോട്ടുകൾ പിടിച്ചെടുക്കുകയും ചെയ്‌തപ്പോള്‍ കോൺഗ്രസും ഡിഎംകെയും അവരോട് കപട അനുകമ്പ കാണിക്കുകയായിരുന്നു എന്നും മോദി ആരോപിച്ചു. ശ്രീലങ്കയിലെ തൂക്കുമരത്തിൽ നിന്ന് അഞ്ച് മത്സ്യ തൊഴിലാളികളെ രക്ഷിക്കുക വഴി എൻഡിഎ സർക്കാർ അവരുടെ ശാശ്വത മോചനം ഉറപ്പാക്കുകയായിരുന്നു എന്നും മോദി പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ 'ശക്തി' പരാമർശത്തില്‍ കോണ്‍ഗ്രസിനെ മോദി വീണ്ടും കടന്നാക്രമിച്ചു. ഹിന്ദു വിശ്വാസത്തിന്‍റെ ശക്തിയെ തകർക്കാനാണ് കോണ്‍ഗ്രസിന്‍റെ രാജകുമാരന്‍ ശ്രമിക്കുന്നതെന്ന് മോദി വിമര്‍ശിച്ചു. ഡിഎംകെയും സമാന ആശയം കൊണ്ടുനടക്കുന്നവരാണെന്നും മോദി പറഞ്ഞു. അവർ സനാതന ധർമ്മത്തെ കുറിച്ച് മോശമായി സംസാരിക്കുന്നു. രാമക്ഷേത്ര ഉദ്ഘാടനം ബഹിഷ്‌കരിക്കുന്നു. പുതിയ പാർലമെന്‍റ് മന്ദിരത്തിൽ പവിത്രമായ ചെങ്കോല്‍ സ്ഥാപിക്കുന്നതിനെ എതിര്‍ക്കുന്നു എന്നും മോദി കൂട്ടിച്ചേർത്തു.
ഇന്ത്യാ സഖ്യം സ്‌ത്രീകളോട് മോശമായാണ് പെരുമാറുന്നതെന്ന് അദ്ദേഹം ആരോപിച്ചു. അമ്മ ജയലളിത ജീവിച്ചിരുന്നപ്പോൾ ഡിഎംകെ എങ്ങനെയാണ് അവരോട് പെരുമാറിയതെന്ന് എല്ലാവർക്കും അറിയാം. ബിജെപിക്കും എൻഡിഎയ്ക്കും വേണ്ടിയുള്ള നിങ്ങളുടെ അനുഗ്രഹങ്ങൾ സനാതന ശക്തിയെ സംരക്ഷിക്കുകയും സ്‌ത്രീകളുടെ ബഹുമാനം ഉറപ്പാക്കുകയും ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഡിഎംകെയ്ക്ക് കുടുംബ രാഷ്‌ട്രീയം, അഴിമതി, തമിഴ് വിരുദ്ധ സംസ്‌കാരം എന്നിങ്ങനെ മൂന്ന് മാനദണ്ഡങ്ങളാണുള്ളതെന്ന് മോദി ആരോപിച്ചു. തമിഴ്‌നാടിന്‍റെ വളർച്ചയ്ക്കായി കേന്ദ്രം നൽകുന്ന ആയിരക്കണക്കിന് കോടി രൂപയിൽ ഡിഎംകെ അഴിമതി നടത്തി. മണൽ കടത്തുകാര്‍ മൂലം തമിഴ്‌നാടിന് 4600 കോടി രൂപയുടെ നഷ്‌ടം ഉണ്ടായതായി തെളിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മയക്കുമരുന്ന് കേസില്‍ പിടിയിലായ മുന്‍ ഡിഎംകെ അംഗം ജാഫർ സാദിഖിനെ പരാമര്‍ശിച്ചും മോദി ഡിഎംകെയെ വിമര്‍ശിച്ചു. എൻസിബി പിടികൂടിയ മയക്കുമരുന്ന് ഉടമയ്ക്ക് ഏത് കുടുംബവുമായാണ് ബന്ധമുള്ളതെന്ന് തമിഴ്‌നാട്ടിലെ ജനങ്ങളോട് പറയണമെന്നും അദ്ദേഹം പറഞ്ഞു.
Also Read : രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള സൗന്ദര്യമത്സരമല്ല; ജയറാം രമേശ്