ന്യൂഡൽഹി: മൂന്നാം വട്ടവും അധികാരത്തിലെത്തുമെന്ന പരോക്ഷ സൂചനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്‌സഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി പറയവെയാണ് പ്രധാനമന്ത്രിയുടെ പരാമർശം. പ്രതിപക്ഷത്തിന് കുറേകാലത്തേക്ക് അധികാരത്തിലെത്താൻ കഴിയില്ലെന്നും, വീണ്ടും പ്രതിപക്ഷത്തിരിക്കാൻ അവരെ ജനം ആശീർവദിക്കുമെന്നും മോദി പരിഹസിച്ചു (PM Modi Reply in LS for Motion Of Thanks).
പ്രതിപക്ഷം സഭയിൽ നിന്ന് സന്ദർശക ഗാലറിയിലേക്ക് ചുരുങ്ങുമെന്നും പ്രധാനമന്ത്രി പരോക്ഷമായി പറഞ്ഞു. "പ്രതിപക്ഷത്ത് ദീർഘകാലം ഇരിക്കാൻ തീരുമാനിച്ചെന്നാണ് അവരുടെ പ്രസംഗത്തിലെ ഓരോ വാക്കിലൂടെയും എനിക്കും രാജ്യത്തിനും ബോധ്യമായത്. ആളുകൾ ദൈവത്തെപ്പോലെയാണ്, നിങ്ങൾ (പ്രതിപക്ഷം) നടത്തുന്ന ശ്രമങ്ങൾക്ക് ആളുകൾ അനുഗ്രഹിക്കുമെന്നും നിങ്ങൾ പൊതു ഗാലറിയിലേക്ക് മാറുമെന്നും എനിക്ക് ബോധ്യമുണ്ട്," മോദി പരിഹസിച്ചു.
കുടുംബാധിപത്യത്തിന്‍റെ പേരില്‍ കോൺഗ്രസിനെയും പ്രധാനമന്ത്രി കടന്നാക്രമിച്ചു. കുടുംബഭരണം കാരണം കോൺഗ്രസിലെ കഴിവുള്ളവർക്ക് ഉയരാനായില്ല. ഒരു കുടുംബത്തില്‍ നിന്ന് കൂടുതൽ പേർ രാഷ്ട്രീയത്തിലെത്തുന്നത് ദോഷമല്ല. എന്നാൽ കുടുംബം പാർട്ടിയെ നയിക്കുന്നത് ജനാധിപത്യത്തിന് അപകടമാണ്. രാജ്‌നാഥ് സിങിന്‍റെയും അമിത് ഷായുടെയും കുടുംബങ്ങളല്ല പാർട്ടി നടത്തുന്നതെന്നും മോദി ചൂണ്ടിക്കാട്ടി.
എൻഡിഎ സർക്കാരിൻ്റെ മൂന്നാം ടേമിൽ രാജ്യം മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായിരിക്കുമെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. "2014 ൽ ഇന്ത്യ 11-ാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായിരുന്നു. ഇന്ന് ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ്, എന്നിട്ടും അവർ (കോൺഗ്രസ്) നിശബ്‌ദരാണ്... 30 വർഷത്തിനുള്ളിൽ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥകുമെന്ന് അവർ ഒരു വിഭാവനം ചെയ്‌തു. രാജ്യത്തെ ഇത്രയും കാലം കാത്തിരിക്കാൻ ഞങ്ങൾ അനുവദിക്കില്ല. ഞങ്ങളുടെ മൂന്നാം ടേമിൽ ഇന്ത്യ മൂന്നാമത്തെ വലിയസ് സാമ്പത്തിക ശക്തിയാകും. ഇത് മോദിയുടെ ഉറപ്പാണ്." പ്രധാനമന്ത്രി പറഞ്ഞു.