ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവുമായി രാഷ്‌ട്രപതി ഭവനില്‍ കൂടിക്കാഴ്‌ച നടത്തി. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യത്തിന്‍റെ അധ്യക്ഷനെന്ന നിലയില്‍ വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു. ഭരണമുന്നണിയുടെ സഖ്യകക്ഷികള്‍ നേരത്തെ ഡല്‍ഹിയില്‍ യോഗം ചേര്‍ന്ന് മോദിയെ തങ്ങളുടെ നേതാവായി തെരഞ്ഞെടുത്തിരുന്നു.
മൂന്നാം എന്‍ഡിഎ സര്‍ക്കാരിനെയും മോദി നയിക്കും. നേരത്തെ മോദി മുന്‍ രാഷ്‌ട്രപതി രാം നാഥ് കോവിന്ദുമായും കൂടിക്കാഴ്‌ച നടത്തിയിരുന്നു. മുതിര്‍ന്ന ബിെജപി നേതാക്കളായ എല്‍ കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്‌ച നടത്തി.
മോദി മോദി വിളികളോടെയാണ് സംവിധാന്‍ സദനില്‍ നടന്ന എന്‍ഡിഎ സഖ്യകക്ഷികളുടെ യോഗത്തില്‍ പ്രധാനമന്ത്രിയെ വരവേറ്റത്. യോഗത്തിനെത്തിയ മോദി ഭരണഘടനയെ വണങ്ങി. ജൂണ്‍ ഒന്‍പതിന് തുടര്‍ച്ചയായ മൂന്നാം തവണ പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേല്‍ക്കും.
Also Read: മൂന്നാമൂഴത്തിന് തയ്യാർ: അദ്വാനിയുമായും മുരളീ മനോഹര്‍ ജോഷിയുമായും കൂടിക്കാഴ്‌ച നടത്തി മോദി