ന്യൂഡല്‍ഹി: ബിജെപിയുടെ മുതിര്‍ന്ന നേതാക്കളെ സന്ദര്‍ശിച്ച് നിയുക്‌ത പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്‍ കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി തുടങ്ങിയവരെ അവരുടെ വസതികളിലെത്തി കണ്ടാണ് മോദി കൂടിക്കാഴ്‌ച നടത്തിയത്. ഞായറാഴ്‌ച രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായി മൂന്നാം വട്ടം അവരോധിതനാകുന്നതിന് മുന്നോടിയായാണ് ഈ സന്ദര്‍ശനങ്ങള്‍.
മുന്‍ രാഷ്‌ട്രപതി രാം നാഥ് കോവിന്ദുമായും ഡല്‍ഹിയില്‍ മോദി കൂടിക്കാഴ്‌ച നടത്തി. നേരത്തെ പാര്‍ലമെന്‍റിലെ സംവിധാന്‍ സദനില്‍ നടന്ന സംയുക്ത യോഗത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രിയെ മോദി വിളികളോടെയാണ് സ്വീകരിച്ചത്. യോഗത്തിനെത്തിയ പ്രധാനമന്ത്രി ഭരണഘടനയില്‍ ആദരവോടെ നെറ്റിമുട്ടിച്ച് അഭിവാദ്യമര്‍പ്പിച്ചു.
ബിഹാറിലെ എല്ലാ കുടിശിക ജോലികളും ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനുമായ നിതീഷ് കുമാര്‍ എന്‍ഡിഎ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ പറഞ്ഞു. എല്ലാവരെയും ഇത്തരത്തില്‍ ഒന്നിച്ച് കാണാനായതില്‍ സന്തോഷമുണ്ട്. നമുക്കെല്ലാവര്‍ക്കും മോദിക്കൊപ്പം പ്രവര്‍ത്തിക്കാം. താങ്കള്‍ ഞായറാഴ്‌ച പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേല്‍ക്കും. എന്നാല്‍ അത് ഇന്ന് വേണമെന്ന് താന്‍ ആഗ്രഹിക്കുകയാണ്. എപ്പോള്‍ സത്യപ്രതിജ്ഞ ചെയ്‌താലും താങ്കള്‍ക്കൊപ്പം ഉണ്ടാകും. താങ്കളുടെ നേതൃത്വത്തില്‍ നമുക്ക് ഒന്നിച്ച് മുന്നോട്ട് പോകാമെന്നും നിതീഷ് കൂട്ടിച്ചേര്‍ത്തു.
എംപിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട നിതിന്‍ ഗഡ്‌ക്കരി, ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി, ലോക്‌ജനശക്‌തി പാര്‍ട്ടി (രാം വിലാസ് പാസ്വാന്‍) നേതാവ് ചിരാഗ് പാസ്വാന്‍, മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി അധ്യക്ഷനുമായ അജിത് പവാര്‍, എച്ച്എഎം സ്ഥാപകന്‍ ജിതിന്‍ റാം മാഞ്ചി തുടങ്ങിയവരും പ്രധാനമന്ത്രിയായി മോദിയെ തെരഞ്ഞെടുത്ത് കൊണ്ടുള്ള പ്രമേയത്തെ പിന്തുണച്ചു. പിന്നീട് എന്‍ഡിഎ നേതാക്കള്‍ രാഷ്‌ട്രപതി ഭവനിലെത്തി തങ്ങളുടെ പിന്തുണ ഉറപ്പാക്കുന്ന കത്ത് രാഷ്‌ട്രപതിക്ക് കൈമാറി.
കഴിഞ്ഞ ദിവസം എന്‍ഡിഎ നേതാക്കള്‍ യോഗം ചേര്‍ന്ന് മോദിയെ തങ്ങളുടെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തിരുന്നു. എന്‍ഡിഎ വികസിത ഇന്ത്യയ്ക്കായി സമവായത്തോടെ മുന്നോട്ട് പോകുമെന്ന് മോദി പറഞ്ഞിരുന്നു. ഞായറാഴ്‌ചയാണ് മോദിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേല്‍ക്കുക.
ബിജെപിക്ക് ഇക്കുറി 240 സീറ്റുകളാണ് ലഭിച്ചത്. സഖ്യകക്ഷികളും കൂടി കൂടുമ്പോള്‍ ഇത് 293 ആകും. ചന്ദ്രബാബു നായിഡുവിന്‍റെ ടിഡിപിയും നിതീഷ് കുമാറിന്‍റെ ജെഡിയുവും യഥാക്രമം 16 ഉം 12 ഉം സീറ്റുകള്‍ നേടി. ഇവരും എന്‍ഡിഎയെ പിന്തുണച്ചിട്ടുണ്ട്.
Also Read: എന്‍ഡിഎ' പുനര്‍ നിർവചിച്ച് മോദി; കേരളത്തിലെ വിജയം രക്തസാക്ഷികള്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും മോദി