കന്യാകുമാരി (തമിഴ്‌നാട്): പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനിക്കാനായി കന്യാകുമാരിയിലെത്തി. ഡൽഹിയിൽ നിന്ന് വിമാന മാർഗം തിരുവനന്തപുരത്ത് എത്തിയ മോദി, അവിടെ നിന്നും ഹെലികോപ്‌ടറിലാണ് കന്യാകുമാരി ഗവൺമെൻ്റ് ഗസ്‌റ്റ് ഹൗസ് കോംപ്ലക്‌സിലെത്തിയത്. ഇവിടെ വിവേകാനന്ദ സ്‌മാരകത്തിലാണ് മോദി 45 മണിക്കൂര്‍ ധ്യാനമിരിക്കുക.
കന്യാകുമാരിയിലെത്തിയ മോദി ആദ്യം ഭഗവതി അമ്മൻ ക്ഷേത്രത്തിൽ ദർശനം നടത്തും. തുടര്‍ന്നാകും ബോട്ടിൽ വിവേകാനന്ദ പാറയിലെ സ്‌മാരകത്തില്‍ ധ്യാനമിരിക്കുക.
കനത്ത സുരക്ഷയിലാണ് മോദിയുടെ ധ്യാനം നടക്കുക. വിവിധ സുരക്ഷ ഏജന്‍സികളില്‍ നിന്ന് രണ്ടായിരം പൊലീസുകാരെ കന്യാകുമാരിയില്‍ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്.
2019 ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം കേദാര്‍നാഥ് ഗുഹയിലെ മോദിയുടെ ധ്യാനവും വലിയ വാര്‍ത്തയായിരുന്നു. വിവേകാനന്ദന്‍റെ കാഴ്‌ചപ്പാടുകള്‍ രാജ്യത്തിന് പ്രയോജനപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് കന്യാകുമാരി ധ്യാനത്തിനായി തെരഞ്ഞെടുത്തതെന്ന് ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഇവിടെ വെച്ചാണ് സ്വാമി വിവേകാനന്ദന് 'ഭാരത് മാത' എന്ന ദൈവിക കാഴ്‌ചപ്പാട് ഉണ്ടായതെന്നാണ് വിശ്വസിക്കപ്പെടുന്നതെന്ന് ബിജെപി അവകാശപ്പെടുന്നു.