ന്യൂഡല്‍ഹി : മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ തത്സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് പൊതുതാത്‌പര്യ ഹര്‍ജി. ഡല്‍ഹി സ്വദേശിയായ കര്‍ഷകനും സാമൂഹിക പ്രവര്‍ത്തകനുമായ സുര്‍ജിത് സിങ് യാദവാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയെ റിമാന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഇഡിയുടെ അപേക്ഷയില്‍ റൂസ് അവന്യൂ കോടതിയില്‍ വാദം നടക്കുന്നതിനിടെയാണ് പൊതു താത്‌പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്.
അഴിമതി ആരോപണ വിധേയനായ മുഖ്യമന്ത്രിയെ തത്‌സ്ഥാനത്ത് തുടരാന്‍ അനുവദിക്കരുതെന്ന് ഹര്‍ജിയില്‍ പറയുന്നു. കെജ്‌രിവാള്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നത് നിയമ നടപടി തടസപ്പെടുത്തുന്നതിന് കാരണമാകും. മാത്രമല്ല ഇത് സംസ്ഥാനത്തെ ഭരണഘടന സംവിധാനത്തിന്‍റെ തകര്‍ച്ചയ്‌ക്കും ഇടയാക്കുമെന്നും യാദവ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിക്ക് തന്‍റെ കടമകളും ഉത്തരവാദിത്തങ്ങളും നിര്‍വഹിക്കാനാകില്ലെന്നും മാത്രമല്ല ആരോപണ വിധേയനായ മുഖ്യമന്ത്രി ഇനിയും തത്‌സ്ഥാനത്ത് തുടരുന്നത് പൊതുജനങ്ങളോട് കാണിക്കുന്ന അനീതിയാണെന്നും ഹര്‍ജിയില്‍ സുര്‍ജിത് സിങ് യാദവ് പറഞ്ഞു.
കേസില്‍ മുഖ്യമന്ത്രി അറസ്റ്റിലായെങ്കിലും അദ്ദേഹം സ്ഥാനം ഒഴിയില്ലെന്നും ആവശ്യമെങ്കില്‍ ജയിലിനുള്ളില്‍ നിന്ന് സര്‍ക്കാരിനെ നയിക്കുമെന്നും എഎപി മാന്ത്രിമാര്‍ പ്രസ്‌താവനകള്‍ നടത്തുന്നുണ്ട്. ജയിലില്‍ കിടക്കുന്ന മുഖ്യമന്ത്രിക്ക് നിയമം അനുശാസിക്കുന്ന യാതൊരു ഇടപാടും നടത്താന്‍ കഴിയില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നതിന് തടസമില്ല : മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തത്‌സ്ഥാനത്ത് തുടരുന്നതിന് തടസമില്ലെന്ന് മുന്‍ ലോക്‌സഭ സെക്രട്ടറി ജനറല്‍ പിഡിടി ആചാരി പറഞ്ഞു. എഎപിക്ക് നിയമസഭയില്‍ വ്യക്തമായ ഭൂരിപക്ഷമുണ്ട്. നിയമസഭാകക്ഷി കെജ്‌രിവാളില്‍ അവിശ്വാസം രേഖപ്പെടുത്തിയിട്ടുമില്ല.
കേസുമായി ബന്ധപ്പെട്ട് കോടതികളൊന്നും രാജിവയ്‌ക്കാന്‍ അദ്ദേഹത്തോട് നിര്‍ദേശിച്ചിട്ടുമില്ല. ഇത്തരം സാഹചര്യങ്ങളെല്ലാം കണക്കിലെടുത്ത് അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാമെന്നും പിഡിടി ആചാരി പറഞ്ഞു. എന്നാല്‍ ഇത്തരമൊരു ഭരണം പ്രായോഗികമാകണമെന്നില്ല. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി താത്‌കാലികമായി തന്‍റെ ചുമതല മറ്റൊരാളെ എല്‍പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ (മാര്‍ച്ച് 21) വൈകിട്ടാണ് മദ്യനയ അഴിമതി കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറസ്റ്റിലായത്. കേസില്‍ ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് കാണിച്ച് 9 തവണ ഇഡി സമന്‍സ് അയച്ചിരുന്നു. എന്നാല്‍ കെജ്‌രിവാള്‍ ഹാജരായിരുന്നില്ല. മാത്രമല്ല അറസ്റ്റില്‍ നിന്നും സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളുകയും ചെയ്‌തു. ഇതോടെയാണ് മുഖ്യമന്ത്രി അറസ്റ്റിലായത്.