ന്യൂഡൽഹി: പിഎച്ച്ഡി പ്രവേശനത്തിനുളള മാനദണ്ഡങ്ങൾ പരിഷ്‌കരിച്ച് യൂണിവേഴ്‌സിറ്റി ഗ്രാൻ്റ്സ് കമ്മിഷൻ. സർവകലാശാലയുടെ പ്രവേശന പരീക്ഷ ഇല്ലാതെ നെറ്റ് സ്‌കോറിന്‍റെ അടിസ്ഥാനത്തിൽ പിഎച്ച്ഡി പ്രവേശനം നേടാമെന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്. മുൻപ് വിവിധ സര്‍വകലാശാലകളിൽ ഒന്നിലധികം പ്രവേശന പരീക്ഷകളിലൂടെ കടന്നുപോകേണ്ടി വന്ന വിദ്യാർത്ഥികൾക്ക് യുജിസിയുടെ പുതിയ തീരുമാനം ആശ്വാസമാകും.
2020ലെ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന്‍റെ ഭാഗമായി ഒരു വിദഗ്‌ധ സമിതിയുടെ ശുപാർശകളെ തുടർന്ന് മാർച്ച് 13 ന് ചേർന്ന 578-ാമത് യോഗത്തിലാണ് സർവകലാശാല ബോഡി പിഎച്ച്ഡി പ്രവേശനം സംബന്ധിച്ച ഉത്തരവിറക്കിയത്.
തീരുമാനത്തിന്‍റെ ലക്ഷ്യമെന്ത്
പിഎച്ച്ഡി പ്രവേശനത്തിന് ഏകീകൃത രൂപം കൊണ്ടുവരാന്‍ ലക്ഷ്യമിട്ടാണ് യുജിസിയുടെ നടപടി. 2024-25 അക്കാദമിക്ക് വർഷം മുതൽ എല്ലാ സർവകലാശാലകൾക്കും പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കുളള പ്രവേശനത്തിന് നെറ്റ് സ്‌കോറുകൾ മാനദണ്ഡമാക്കും.
വ്യക്തിഗത സർവകലാശാലകളോ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോ നടത്തുന്ന പ്രത്യേക പ്രവേശന പരീക്ഷകളുടെ ആവശ്യകത ഇതുമൂലം മാറ്റിസ്ഥാപിക്കാനാകുമെന്ന് യുജിസി ചെയർമാൻ മമിദാല ജഗദേഷ് കുമാർ പറഞ്ഞു.
പിഎച്ച്ഡി പ്രവേശനത്തിനുളള പുതിയ മാനദണ്ഡങ്ങൾ:
- ജെആർഎഫിനൊപ്പം പിഎച്ച്ഡി പ്രവേശനവും അസിസ്‌റ്റന്‍റ് പ്രൊഫസറായി നിയമനവും.
- ജെആർഎഫ് ഇല്ലാതെ പിഎച്ച്ഡി പ്രവേശനവും അസിസ്‌റ്റന്‍റ് പ്രൊഫസറായി നിയമനവും.
- പിഎച്ച്‌ഡി പ്രോഗ്രാമിലേക്കുള്ള പ്രവേശനം മാത്രം. ജെആർഎഫ് അവാർഡിനോ അസിസ്‌റ്റന്‍റ് പ്രൊഫസറായി നിയമിക്കുന്നതിനോ വേണ്ടി അല്ല.
നെറ്റ് പരീക്ഷയ്‌ക്കുളള അപേക്ഷ എപ്പോൾ?
വർഷത്തിൽ ജൂണ്‍, ഡിസംബർ മാസങ്ങളിലായി രണ്ട് തവണയാണ് യുജിസി നെറ്റ് പരീക്ഷകൾ നടത്തുന്നത്. 2024 ജൂണിൽ നടക്കാനിരിക്കുന്ന നെറ്റ് പരീക്ഷയ്ക്കുള്ള അപേക്ഷകൾ അടുത്ത ആഴ്‌ച മുതൽ സ്വീകരിക്കുന്നതിനായുളള പ്രവർത്തനങ്ങൾ എൻടിഎ നടത്തിവരികയാണ്. നെറ്റ് ഫലം ഓരോ ഉദ്യോഗാർത്ഥിക്കും ലഭിക്കുന്ന മാർക്കിനൊപ്പം പെർസെൻറ്റൈലിൽ പ്രഖ്യാപിക്കും.
പിഎച്ച്ഡി പ്രവേശനം എങ്ങനെ:
- യൂണിവേഴ്‌സിറ്റി ഗ്രാൻ്റ്സ് കമ്മിഷൻ റെഗുലേഷൻസ് 2022 അനുസരിച്ച്, ജെആർഎഫിന് യോഗ്യത നേടുന്ന ഉദ്യോഗാർഥികൾ പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി ഒരു അഭിമുഖത്തിന് വിധേയരാകും.
- കാറ്റഗറി 2, 3 എന്നിവയിൽ വരുന്ന വിദ്യാർഥികൾക്ക് പിഎച്ച്ഡി പ്രവേശനത്തിന് നെറ്റ് സ്കോറുകൾക്ക് 70 ശതമാനം വെയിറ്റേജും അഭിമുഖത്തിന് 30 ശതമാനം വെയിറ്റേജും പരിഗണിക്കും. പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം നെറ്റ് മാർക്കിന്‍റെയും, അഭിമുഖത്തിന്‍റെയോ/വൈവയിലെയോ പ്രകടനത്തിന്‍റെയോ സംയോജിത മെറിറ്റും അനുസരിച്ചായിരിക്കും.
- കാറ്റഗറി 2, 3 വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക് നെറ്റ് പരീക്ഷയിൽ ലഭിക്കുന്ന മാർക്ക് ഉപയോഗിച്ച് ഒരു വർഷത്തിനുള്ളിൽ പിഎച്ച്ഡി പ്രവേശനം നേടാം.