അനകപ്പള്ളി (ആന്ധ്രാപ്രദേശ്): ആന്ധ്രപ്രദേശില്‍ മരുന്ന് കമ്പനിയില്‍ റിയാക്‌ടര്‍ പൊട്ടിത്തെഖിച്ച് 16 പേര്‍ക്ക് ദാരുണാന്ത്യം. അനകപ്പള്ളി ജില്ലയിലെ അച്യുതപുരത്തുള്ള എസെന്‍ഷ്യ ഫാര്‍മ കമ്പനിയിലാണ് ദാരുണ സംഭവം. പരിക്കേറ്റ അമ്പതോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
അപകടത്തില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അനുശോചനം രേഖപ്പെടുത്തി. അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉച്ചഭക്ഷണത്തിന്‍റെ ഇടവേളയിലാണ് കമ്പനിയില്‍ പൊട്ടിത്തെറി ഉണ്ടായത്. പിന്നാലെ ഫാക്‌ടറിയുടെ പരിസരത്ത് പുക ഉയര്‍ന്നു. എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാന്‍ സാധിക്കാത്ത സാഹചര്യമായിരുന്നു ഏറെ നേരെ ഫാക്‌ടറി പരിസരത്ത്.
സ്‌ഫോടന സമയത്ത് നൂറുകണക്കിന് തൊഴിലാളികളാണ് ഫാക്‌ടറിയില്‍ ഉണ്ടായിരുന്നത്. ശബ്‌ദം കേട്ട ഉടനെ ചിലര്‍ ഇറങ്ങി ഓടി. അഞ്ച് പേരുടെ മൃതദേഹങ്ങൾ അനകപ്പള്ളി സർക്കാർ ആശുപത്രിയിലാണ് ഉള്ളത്. പരിക്കേറ്റവർ അനകപ്പള്ളിയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. പരിക്കേറ്റവരിൽ അഞ്ച് പേർക്ക് 60 ശതമാനത്തിലധികം പൊള്ളലേറ്റതായാണ് റിപ്പോർട്ട്.
Also Read: ഗ്ലാസ് ഫാക്‌ടറിയിലെ കംപ്രസർ പൊട്ടിത്തെറിച്ചു; 5 തൊഴിലാളികൾക്ക് ദാരുണാന്ത്യം