ന്യൂഡൽഹി: ഉത്സവസീസണായ നവംബറിൽ ഇന്ത്യയിൽ പെട്രോൾ, ഡീസൽ ഉപഭോഗം കുതിച്ചുയർന്നുവെന്നുള്ള പ്രാഥമിക കണക്കുകൾ പുറത്ത്. സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ കണക്കുകളാണ് പുറത്ത് വന്നത്. പെട്രോൾ വിൽപനയിൽ എല്ലാ വർഷങ്ങളിലും വർധനവുണ്ടായപ്പോൾ മൺസൂൺ മുതൽ ഡീസലിൻ്റെ ഉപഭോഗം മന്ദഗതിയിലായിരുന്നു. ഉപഭോഗത്തിൽ നല്ല വളർച്ചയുണ്ടായ മാസമാണ് നവംബർ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇന്ധന വിപണിയുടെ 90 ശതമാനവും നിയന്ത്രിക്കുന്ന മൂന്ന് സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളുടെ പെട്രോൾ വിൽപന നവംബറിൽ 8.3 ശതമാനം ഉയർന്ന് 3.1 ദശലക്ഷം ടണ്ണിലെത്തി. കഴിഞ്ഞ വർഷം ഇതേ മാസത്തെ ഉപഭോഗം 2.86 ദശലക്ഷം ടണ്ണായിരുന്നു. ഡീസലിൻ്റെ ഉപഭോഗം 5.9 ശതമാനത്തിൽ നിന്നും ഉയർന്ന് 7.2 ദശലക്ഷം ടണ്ണായി.
പെട്രോൾ, ഡീസൽ വിൽപന മൺസൂൺ മാസങ്ങളിൽ കുതിച്ചുയരുകയാണ് ചെയ്‌തത്. മഴ കുറഞ്ഞതോടെ പെട്രോളിൻ്റെ ഡിമാൻഡ് കുതിച്ചുയരുകയും എന്നാൽ ഡീസലിൻ്റെ ഉപഭോഗം കുറയുകയും ചെയ്‌തു. ഒക്‌ടോബറിലെ 2.96 ദശലക്ഷം ടൺ ഉപഭോഗവുമായി താരതമ്യം ചെയ്യുമ്പോൾ പ്രതിമാസം പെട്രോൾ വിൽപന 4.7 ശതമാനം ഉയർന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.
ഒക്‌ടോബറിൽ 6.5 ദശലക്ഷം ടൺ ഉപഭോഗത്തെക്കാൾ 11 ശതമാനം കൂടുതലാണ് ഡീസലിൻ്റെ ഉപഭോഗം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഇന്ധനമാണ് ഡീസൽ. പെട്രോളിയം ഉൽപന്ന ഉപഭോഗത്തിൻ്റെ 40 ശതമാനവും ഡീസലാണ്.
രാജ്യത്തെ മുഴുവൻ ഡീസൽ വിൽപനയുടെ 70 ശതമാനവും ഗതാഗത മേഖലയിലാണ് ഉപയോഗിക്കുന്നത്. കൊയ്ത്ത് യന്ത്രങ്ങളിലും ട്രാക്‌ടറുകളിലും ഉൾപ്പെടെ കാർഷിക മേഖലകളിൽ ഉപയോഗിക്കുന്ന പ്രധാന ഇന്ധനം കൂടിയാണിത്. നവംബറിലെ പെട്രോളിൻ്റെ ഉപഭോഗം 2022 നവംബറിനെക്കാൾ 16.5 ശതമാനം കൂടുതലാണ്. കൂടാതെ 2020 നവംബറിൽ കൊവിഡിൻ്റെ സമയത്തെ ഉപഭോഗം എടുത്തു കഴിഞ്ഞാൽ അതിനെക്കാളും 33.5 ശതമാനം കൂടുതലാണ്.
ഡീസലിൻ്റെ ഡിമാൻഡ് 2022 നവംബറുമായി താരതമ്യം ചെയ്യുമ്പോൾ 1.8 ശതമാനം കുറവാണ്. എന്നാൽ 2020 നവംബറിനെ അപേക്ഷിച്ച് നോക്കുമ്പോൾ 8.5 ശതമാനം കൂടുതലുമാണ്. 2024 നവംബറിൽ ജെറ്റ് ഫ്യൂവൽ (എടിഎഫ്) വിൽപന 3.6 ശതമാനം ഉയർന്ന് 650,900 ടണ്ണിലെത്തി. ഒക്‌ടോബറിൽ വിറ്റ 636,100 ടൺ ഇന്ധനവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് പ്രതിമാസം 2.3 ശതമാനം കൂടുതലാണ്.
എടിഎഫ് ഉപഭോഗം 2022 നവംബറിനെക്കാൾ 11.3 ശതമാനം കൂടുതലാണ്. എന്നാൽ 2020 നവംബറുമായി താരതമ്യം ചെയ്യുമ്പോൾ 1.9 ശതമാനം കൂടുതലുമാണ്. പാചക വാതക എൽപിജി വിൽപന 2024 നവംബറിൽ 7.3 ശതമാനം ഉയർന്ന് 2.76 ദശലക്ഷം ടൺ ആയി. എൽപിജി ഉപഭോഗം 2022 നവംബറിനെക്കാൾ 6.3 ശതമാനം കൂടുതലാണ്. 2020 നവംബറിനെക്കാൾ 19.9 ശതമാനം കൂടുതലുമാണ്.
Also Read: രാജ്യത്ത് വീണ്ടും എല്‍പിജി വാണിജ്യ സിലിണ്ടറിന്‍റെ വില കൂട്ടി; കേരളത്തില്‍ വര്‍ധിച്ചത് 17 രൂപ