ബെംഗളൂരു (കർണാടക) : കർണാടക സർക്കാർ ഇന്ധനത്തിന്‍റെ വിൽപ്പന നികുതി വർധിപ്പിച്ചു. സംസ്ഥാനത്തെ പെട്രോളിനും ഡീസലിനും വില വർധിപ്പിക്കും. പെട്രോൾ ലിറ്ററിന് 3 രൂപയും ഡീസലിന് 3.5 രൂപയും വർധിക്കുമെന്നാണ് ഔദ്യോഗിക അറിയിപ്പ്. സംസ്ഥാന ധനവകുപ്പ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പെട്രോളിന്‍റെ വിൽപന നികുതി 3.92 ശതമാനം വർധിപ്പിച്ച് 25.92ൽ നിന്ന് 29.84 ശതമാനമാക്കി.
ഡീസലിൽ 14.34 ൽ നിന്ന് 18.44 ശതമാനമായി 4.1 ശതമാനമാണ് വർധന. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ദിവസങ്ങൾക്ക് ശേഷമാണ് തീരുമാനം. കർണാടകയിൽ 28 ൽ 19 സീറ്റ് എൻഡിഎയും 17 സീറ്റ് ജെഡി(എസ്) 2 ഉം നേടി. സംസ്ഥാനത്ത് ഭരണകക്ഷിയായ കോൺഗ്രസിന് ഒമ്പത് സീറ്റുകളാണ് ലഭിച്ചത്.
സംസ്ഥാനത്തിന്‍റെ വരുമാനവും ധനസ്ഥിതിയും ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി സിദ്ധരാമയ്യ അവലോകനം ചെയ്‌തതിന് പിന്നാലെയാണ് വിഭവസമാഹരണം ലക്ഷ്യമിട്ടുള്ള നീക്കം. റവന്യൂ സമാഹരണ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് കൂടുതൽ പരിശ്രമിക്കണമെന്ന് യോഗത്തിൽ മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വില വർധിപ്പിച്ച വിജ്ഞാപനം ഉടനടി പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.