വാരണാസി : ഗ്യാന്‍വാപി കോംപ്ലക്‌സില്‍ സ്ഥാപിച്ചിട്ടുള്ള ഷൂ റാക്കുകള്‍ നീക്കം ചെയ്യാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് വാരണാസി ജില്ല കോടതിയില്‍ ഹര്‍ജി (Petition In UP Court to Remove Shoe Stands In Gyanvapi Complex). ഷൂ റാക്കുകള്‍ നീക്കം ചെയ്യാന്‍ ഉത്തര്‍പ്രദേശ് സംസ്ഥാന സര്‍ക്കാരിനോടും അഞ്ജുമാന്‍ ഇന്‍റസാമിയ മസ്‌ജിദി കമ്മിറ്റിയോടും നിര്‍ദേശിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
ഭഗവാന്‍ ആദി വിശ്വേശ്വര്‍ വിരാജ്‌മാന്‍ ആന്‍ഡ് അദേഴ്‌സ് വേഴ്‌സസ് യുപി സ്റ്റേറ്റ് ആന്‍ഡ് അദേഴ്‌സ് കേസിലെ വാദിയായ കിരണ്‍ സിങ് ആണ് ഹര്‍ജിക്കാരന്‍. അഭിഭാഷകരായ മന്‍ ബഹദൂര്‍ സിങ്, അനുപം ദ്വിവേദി എന്നിവര്‍ മുഖേനയാണ് കിരണ്‍ സിങ് ഹര്‍ജി സമര്‍പ്പിച്ചത്.
ഹര്‍ജിയില്‍ മാര്‍ച്ച് 19ന് കോടതി വാദം കേള്‍ക്കുമെന്ന് അനുപം ദ്വിവേദി പറഞ്ഞു. അതേസമയം ഹര്‍ജിക്കെതിരെ അപ്പീല്‍ പോകാനൊരുങ്ങുകയാണ് അഞ്ജുമാന്‍ ഇന്‍റസാമിയ മസ്‌ജിദ് കമ്മിറ്റി. ഹര്‍ജിക്കെതിരെ തങ്ങളുടെ വിയോജിപ്പ് അറിയിക്കുെമന്ന് അഞ്ജുമാന്‍ ഇന്‍റസാമിയ മസ്‌ജിദ് കമ്മിറ്റി ജോയിന്‍റ് സെക്രട്ടറി എസ്എം യാസിന്‍ പറഞ്ഞു. വെള്ളിയാഴ്‌ച ഗ്യാന്‍വാപി പള്ളിക്ക് സമീപം ആറ് ഷൂ റാക്കുകളാണ് മസ്‌ജിദ് കമ്മിറ്റി സ്ഥാപിച്ചത്.