ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ പേയ്‌മെന്‍റ് പ്ലാറ്റ്‌ഫോമായ പേടിഎമ്മിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയതിൽ വിശദീകരണവുമായി കമ്പനി. പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനും ക്രെഡിറ്റ് ഇടപാടുകള്‍ നടത്തുന്നതിനും, പേടിഎം വാലറ്റുകൾ, പേടിഎം ഫാസ്‌ടാഗുകൾ തുടങ്ങിയവ പ്രവര്‍ത്തിപ്പിക്കുന്നതിനുമാണ് വിലക്ക്. എന്നാൽ ഫെബ്രുവരി 29 ന് ശേഷവും പേടിഎം പ്രവർത്തിക്കുമെന്നാണ് പേടിഎം (Paytm app will continue to work beyond February 29) അറിയിച്ചത്.
എക്‌സിലെ ഒരു പോസ്‌റ്റിലൂടെയാണ് പേടിഎം മാതൃ കമ്പനിയായ വണ്‍97 (One97) കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിൻ്റെ (OCL) സ്ഥാപകനും സിഇഒയുമായ സിഇഒ വിജയ് ശേഖർ ശർമ പറഞ്ഞത്. ഫെബ്രുവരി 29 ന് ശേഷവും സാധാരണ പോലെ ആപ്പ് പ്രവർത്തിക്കും. എല്ലാ വെല്ലുവിളികൾക്കും ഒരു പരിഹാരമുണ്ട്. നമ്മുടെ രാജ്യത്തെ പൂർണ അനുസരണയോടെ സേവിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഉടപാടുകളിലെ പുതിയ മാറ്റങ്ങൾക്കും, സാമ്പത്തിക സേവനങ്ങളിലെ ഉൾപ്പെടുത്തലിലും ഇന്ത്യ ആഗോള അംഗീകാരങ്ങൾ നേടിക്കൊണ്ടിരിക്കുമെന്നും വിജയ് ശേഖർ ശർമ പറഞ്ഞു.
നിലവിൽ പേടിഎം ഉപയോക്താക്കളുടെ സേവിങ്സ് അക്കൗണ്ടുകൾ, വാലറ്റുകൾ, ഫാസ്‌ടാഗുകൾ, എൻസിഎംസി അക്കൗണ്ടുകൾ എന്നിവയിലെ നിക്ഷേപങ്ങളെ ഇത് ബാധിക്കില്ലെന്ന് Paytm-നെ അറിയിച്ചിട്ടുണ്ട്, അവർക്ക് നിലവിലുള്ള ബാലൻസ് തുടരാം. ബുധനാഴ്‌ചയാണ് (ജനുവരി 31) ഇത് സംബന്ധിച്ച് ആര്‍ബിഐ ഉത്തരവ് കമ്പനിക്ക് ലഭിച്ചത് (Reserve Bank Of India).
ചൈനയിലെ അലിബാബ ഗ്രൂപ്പ് ഹോൾഡിങ്‌സിനും അതിന്‍റെ മുഖ്യ ഓഹരിയുടമയായ ജാക് മായുടെ ആൻഡേ ഗ്രൂപ്പിനും പങ്കാളിത്തമുള്ളതാണ് പേടിഎം. ഇന്ത്യക്കാരനായ വിജയ് ശേഖർ ശർമയുമായി ചേർന്നാണ് പേടിഎം രാജ്യത്ത് പേടിഎം പേയ്‌മെന്‍റ്സ് ബാങ്ക് തുടങ്ങിയത്. നോട്ട് നിരോധത്തിന് ശേഷമാണ് രാജ്യത്ത് പേടിഎം ഉപയോക്താക്കളുടെ എണ്ണം വർധിച്ചത്. ക്യുആർ കോഡ് ഉപയോഗിക്കുക വഴി പേടിഎം കൂടുതൽ ജനകീയമായി.
2016 ഓഗസ്‌റ്റിലാണ് പേടിഎം പേയ്‌മെന്‍റ് ബാങ്കുമായി ബാങ്കിങ് മേഖലയിലേക്ക് കടന്നത്. 2017 മെയ് മാസം നോയിഡയിലെ ഒരു ശാഖയിൽ നിന്നാണ് പേയ്‌മെന്‍റ് ബാങ്ക് ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചത്.