ഭോപ്പാല്‍ (മധ്യപ്രദേശ്) : ചിന്ദ്വാര ജില്ലയിലെ സ്‌കൂളുകളിൽ ശോച്യാവസ്ഥ തുടരുന്നു. അടിസ്ഥാന സൗകര്യങ്ങളില്ലാതെ വലഞ്ഞ് വിദ്യാർഥികൾ. നിലവിലെ സാഹചര്യത്തിൽ ഗോശാലകളും സ്‌റ്റേജുകളും അങ്കണവാടികളുമാണ് പാഠശാലയായി ഉപയോഗിക്കുന്നത്. ജില്ലയിലെ അഞ്ഞൂറോളം സ്‌കൂളുകളുടെ അവസ്ഥയും ഇങ്ങനെയാണ്. ആദിവാസി മേഖലയിലെ സർക്കാർ നിയന്ത്രണത്തിലുള്ള സ്‌കൂളുകളുടെ സ്ഥിതിയും സമാനമാണ്.
താമിയ, പത്തായി, റാണികാച്ചർ, അംധാന എന്നീ പ്രദേശങ്ങളിലെ വിദ്യാർഥികളും ഈ പ്രതിസന്ധി നേരിടുന്നുണ്ട്. പത്തായിയിലെ പ്രൈമറി സ്‌കൂളിന്‍റെ കെട്ടിടം തകർന്നതിനാൽ വൃന്ദാവൻ ഗോശാലയിലാണ് കുട്ടികൾക്ക് ക്ലാസുകളെടുക്കുന്നത്. കഴിഞ്ഞ രണ്ട് വർഷമായി റാണികാച്ചർ ഗ്രാമത്തിൽ മൈദാനങ്ങളിലും സ്‌റ്റേജുകളിലുമാണ് ക്ലാസുകൾ നടക്കുന്നത്.
മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന് കഴിഞ്ഞ നാല് വർഷമായി തങ്ങൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഒന്നും യാഥാർഥ്യമായില്ലെന്ന് പത്തായിയിലെ പ്രൈമറി സ്‌കൂളിലെ പ്രധാന അധ്യാപിക സരിത ബെൽവൻഷി പറഞ്ഞു. സ്‌കൂൾ കെട്ടിടം ജീർണാവസ്ഥയിലായതിനാൽ എപ്പോൾ വേണമെങ്കിലും തകർന്ന് വീഴാവുന്ന അവസ്ഥയിലാണ്. ഏതുസമയത്തും ഏതുവിധത്തിലുള്ള അപകടവും സംഭവിക്കാവുന്ന നിലയിലാണ് സ്‌കൂൾ കെട്ടിടമെന്നും അവർ കൂട്ടിച്ചേർത്തു.
സർക്കാരിന്‍റെ അനാസ്ഥ തുടരുന്നതിൽ തദ്ദേശ ഭരണസമിതി പ്രതിനിധികളും നിസഹായത പ്രകടിപ്പിച്ചു. സ്‌കൂൾ കെട്ടിടങ്ങൾ തകർന്ന് കിടക്കുന്നതിനാൽ അധ്യാപകർ ക്രമീകരണങ്ങൾ നടത്തിയാണ് ക്ലാസുകൾ നടത്തുന്നതെന്ന് ജൻപഥ് ഗ്രാമപഞ്ചായത്ത് അംഗം ദേവി പട്ടേൽ പറഞ്ഞു. താമിയ ജില്ലാപഞ്ചായത്തിന് രേഖാമൂലം പരാതി നൽകിയിട്ടുണ്ടെന്നും ഇത് പ്രൈമറി സ്‌കൂളായതിനാൽ ആരും വേണ്ടത്ര ശ്രദ്ധ നൽകുന്നില്ലെന്നും ദേവി പട്ടേൽ കൂട്ടിച്ചേർത്തു.
നിലവിലുള്ള സ്‌കൂൾ കെട്ടിടങ്ങൾ നശിച്ചതിനാൽ സുരക്ഷിതമായ സർക്കാർ കെട്ടിടങ്ങളിലാണ് ഇനി സ്‌കൂളുകൾ സ്ഥാപിക്കേണ്ടതെന്ന് ബിആർസി കിഷോർ പാണ്ഡെ പറഞ്ഞു. ജീർണിച്ച കെട്ടിടങ്ങൾ കാരണം ചവൽപണി ഗ്രാമപഞ്ചായത്തിൻ്റെ അധികാരപരിധിയിൽ വരുന്ന സ്‌കൂളുകളിൽ സമാനമായ രീതിയിൽ ഈ ക്രമീകരണം നടപ്പാക്കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.