ഡെറാഡൂൺ : പതഞ്ജലി ഉത്‌പന്നങ്ങളുടെ പേരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട കേസിൽ പതഞ്ജലി മാനേജിങ് ഡയറക്‌ടർ ആചാര്യ ബാലകൃഷ്‌ണയ്‌ക്കും സഹസ്ഥാപകനും യോഗ ഗുരുവുമായ ബാബ രാംദേവിനും ഹരിദ്വാറിലെ സിജെഎം കോടതിയുടെ സമൻസ്. 25 ദിവസത്തിനിടെ രണ്ടാം തവണയാണ് ഇരുവർക്കും സമൻസ് ലഭിക്കുന്നത്. സമൻസ് അയച്ചിട്ടും രാംദേവും ആചാര്യ ബാലകൃഷ്‌ണയും ഹാജരാകാത്തതിനെ തുടർന്നാണ് കോടതി വീണ്ടും സമൻസ് അയച്ചത്.
പതഞ്ജലിയുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെ നടപടിയെടുക്കാത്തതിന് ഉത്തരാഖണ്ഡ് സർക്കാരിൻ്റെ ആയുർവേദ, യുനാനി വകുപ്പിനെ സുപ്രീം കോടതി ശാസിച്ചിരുന്നു. സമൻസ് അയച്ചിട്ടും രാംദേവും ആചാര്യ ബാലകൃഷ്‌ണയും ഹാജരാകാത്തതിനെ തുടർന്നാണ് കോടതി വീണ്ടും സമൻസ് അയച്ചത്. ഇതിനെ തുടർന്നാണ് ലൈസൻസിങ് അതോറിറ്റി രാംദേവിൻ്റെ 14 ഉത്‌പന്നങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും നിരോധിക്കുകയും ചെയ്‌തത്.
ദിവ്യ ഫാർമസിക്കും പതഞ്ജലി ആയുർവേദ ലിമിറ്റഡിനുമെതിരെ ആയുർവേദ, യുനാനി വകുപ്പ് ഓഫിസർമാർ സിജെഎം കോടതിയിൽ പരാതി നൽകിയിരുന്നു. കേസിൽ ജൂൺ 7 ന് അടുത്ത വാദം കേൾക്കും. കേസുമായി ബന്ധപ്പെട്ട് അടുത്തിടെ ഇരുവരും സുപ്രീം കോടതിയില്‍ മാപ്പ് പറഞ്ഞിരുന്നു.
വിഷയത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നൽകിയ ഹർജിയിൽ സുപ്രീം കോടതിയിൽ കേസ് നടന്നുകൊണ്ടിരിക്കുകയാണ്. ആയുർവേദ മരുന്നുകൾ ഉപയോഗിച്ച് ചില രോഗങ്ങൾ ചികിത്സിക്കുമെന്ന തെറ്റായ അവകാശവാദങ്ങളാണ് പതഞ്ജലി ഉന്നയിക്കുന്നതെന്നാണ് ഐഎംഎ പറയുന്നത്. പതഞ്ജലിയുടെ ഈ അവകാശവാദങ്ങൾ ഡ്രഗ്‌സ് ആൻഡ് അദർ മാജിക് റെമഡീസ് ആക്‌ട് 1954, ഉപഭോക്തൃ സംരക്ഷണ നിയമം 2019 എന്നിവയുടെ ലംഘനമാണെന്നും ഐഎംഎ ഹർജിയിൽ പറയുന്നുണ്ട്.