ചണ്ഡീഗഡ്: മുൻ കോൺഗ്രസ് നേതാവും, പഞ്ചാബ് മുൻ മുഖ്യമന്ത്രിയുമായ ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന് പിന്നാലെ പട്യാലയിൽ നിന്നുള്ള കോൺഗ്രസ് എംപിയായ ഭാര്യ പർണീത് കൗറും ബിജെപിയിലേക്ക്. നേരത്തെ ക്യാപ്റ്റന്‍ അമരീന്ദർ സിങ്ങ് കോൺഗ്രസിൽ നിന്നും രാജിവച്ച് ബിജെപിയിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് പർണീത് കൗറും ബിജെപിയിലേക്ക് എത്തുന്നത്.
നാളെ (14-03-2024) ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് വെച്ച് പർണീത് കൗർ ബിജെപി അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട് (Former Punjab CM Captain Amarinder Singh's wife is also going to join the BJP). പട്യാലയില്‍ നിന്നും നാല് തവണ കോണ്‍ഗ്രസ് എംപിയായ പർണീത് കൗർ വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പട്യാലയില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന.
ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പായി ക്യാപ്റ്റൻ കുടുംബത്തിൽ നിന്നുള്ള പുതിയ വാർത്ത വലിയ രാഷ്ട്രീയ കോളിളക്കം സൃഷ്‌ടിച്ചിരിക്കുകയാണ്. ക്യാപ്റ്റൻ അമരീന്ദർ സിങ്ങും, മകൾ ജയ് ഇന്ദർ കൗറും കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. ക്യാപ്റ്റൻ അമരീന്ദർ സിംഗ് കഴിഞ്ഞ ദിവസം ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. തന്‍റെ എക്‌സിലൂടെ അദ്ദേഹം കൂടിക്കാഴ്‌ചയുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെച്ചിരുന്നു.