ന്യൂഡൽഹി: 18-ാം ലോക്‌സഭ നിലവില്‍ വന്ന് മൂന്ന് മാസം പിന്നിടുമ്പോഴും പാർലമെൻ്റിൻ്റെ ഡിപ്പാർട്ട്‌മെൻ്റ് റിലേറ്റഡ് സ്‌റ്റാൻഡിംഗ് കമ്മിറ്റികൾ (ഡിആർഎസ്‌സി) രൂപീകരിച്ചിട്ടില്ല. കേന്ദ്ര സർക്കാരും പ്രതിപക്ഷവും തമ്മിൽ നടന്ന ചർച്ചകളൊന്നും ഇതുവരെ ഫലം കണ്ടില്ല.
ധനകാര്യം, വിദേശകാര്യം, പ്രതിരോധം തുടങ്ങിയ പ്രധാന സ്‌റ്റാൻഡിംഗ് കമ്മിറ്റികളുടെ അധ്യക്ഷ സ്ഥാനം വിട്ടുനൽകാൻ തയ്യാറാവാത്ത കേന്ദ്ര സർക്കാർ നിലപാടിനെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ എംപിയും രംഗത്തെത്തി. 2014ൽ കോൺഗ്രസിന് 44 സീറ്റുകൾ മാത്രമായിരുന്നപ്പോൾ വിദേശകാര്യ പാർലമെൻ്ററി പാനലിൽ താൻ അധ്യക്ഷനായിരുന്നുവെന്നും കോൺഗ്രസ് എംപി വീരപ്പമൊയ്‌ലി ധനകാര്യ പാനലിൻ്റെ അധ്യക്ഷനായിരുന്നുവെന്നും തരൂർ ചൂണ്ടിക്കാട്ടി.
എന്നാൽ ഇന്ന്, കോൺഗ്രസിന് പാർലമെൻ്റിൽ 101 എംപിമാർ ഉണ്ട്. ലോക്‌സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷി ആയിട്ടും ആവശ്യപ്പെട്ട മൂന്ന് പാനലുകളിൽ ഒന്നിൻ്റെ പോലും നിയന്ത്രണം കൈമാറാൻ സർക്കാർ വിമുഖത കാണിക്കുന്നുവെന്നും ശശി തരൂർ കുറ്റപ്പെടുത്തുകയുണ്ടായി.
പാര്‍ലമെന്‍ററി സമിതികളുടെ തുടക്കം
പാർലമെൻ്റിൻ്റെ പ്രധാന പ്രവർത്തനങ്ങളിലൊന്ന് എക്‌സിക്യൂട്ടീവിൻ്റെ മേൽനോട്ടമാണ്. ഗവൺമെൻ്റിൻ്റെ വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ഗ്രാൻ്റുകളുടെ (ബജറ്റ്) ഡിമാൻഡുകൾ വിശദമായി പരിശോധിക്കേണ്ടതുണ്ട്. സമയപരിമിതി കാരണം പാർലമെന്‍റ് സെഷനുകളിൽ ഈ പ്രവർത്തികൾ പൂർണമായും ചെയ്യാനാവില്ല. ഈ പ്രതിസന്ധിയെ മറികടക്കുന്നതിനായാണ് 1989-ൽ സ്‌റ്റാൻഡിംഗ് കമ്മിറ്റികൾ രൂപീകരിക്കുന്നത്.
കൃഷി, ശാസ്ത്ര സാങ്കേതിക സമിതി, വനം പരിസ്‌ഥിതി എന്നീ മൂന്ന് വകുപ്പുകളിലായാണ് ആദ്യത്തെ കമ്മിറ്റികൾ രൂപീകരിക്കപ്പെട്ടത്. കമ്മിറ്റികളുടെ പ്രവർത്തനം വിജയം കണ്ടതോടെ ഈ സംവിധാനം കൂടുതൽ വകുപ്പ് തലങ്ങളിലേക്ക് വിപുലീകരിച്ചു. തുടർന്ന് 1993 ഏപ്രിലിൽ 17 കമ്മിറ്റികള്‍ നിലവിൽ വന്നു. 2004 ജൂലൈയിൽ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട പാര്‍ലമെന്‍ററി സമിതികളുടെ എണ്ണം 17 ൽ നിന്ന് 24 ആയി ഉയർത്തി.
അംഗത്വം
മന്ത്രിമാർ ഒഴികെയുള്ള ലോക്‌സഭയിലെയും രാജ്യസഭയിലെയും എല്ലാ അംഗങ്ങളും ഇതിൽ ഏതെങ്കിലും ഒരു കമ്മിറ്റിയിൽ അംഗമായിരിക്കും. കമ്മിറ്റികളുടെ എണ്ണം 17 ആയിരുന്നപ്പോൾ ഓരോ കമ്മിറ്റിക്കും 45 അംഗങ്ങളുണ്ടായിരുന്നു. സമിതികളുടെ എണ്ണം 24 ആയി ഉയർന്നപ്പോൾ, ഓരോ കമ്മിറ്റിയിലെയും അംഗങ്ങളുടെ എണ്ണം 31 ആയി കുറഞ്ഞു.
കൂടാതെ, ലോക്‌സഭയിലെയും രാജ്യസഭയിലെയും ആകെ അംഗങ്ങളുടെ അനുപാതം ഏകദേശം 2:1 ആയതിനാൽ, ഓരോ കമ്മിറ്റിയിലും ലോക്‌സഭയിൽ നിന്നും 21 ഉം രാജ്യസഭയിൽ നിന്നും 10 ഉം അംഗങ്ങളാണുണ്ടാവുക. അതേസമയം ആരോഗ്യകരമായ പ്രശ്ങ്ങൾ കൊണ്ടോ മറ്റോ ഏതെങ്കിലും എംപി മാർ വിട്ടുനിൽക്കാം. അങ്ങനെയുള്ള സാഹചര്യങ്ങളിൽ മറ്റു അംഗങ്ങൾക്ക് രണ്ട് കമ്മിറ്റികളിൽ ഒരേ സമയം പ്രവർത്തിക്കേണ്ട സാഹചര്യമുണ്ടാകും.
അധ്യക്ഷസ്ഥാനം
24 കമ്മിറ്റികളിൽ 8 കമ്മിറ്റികൾ രാജ്യസഭാ സെക്രട്ടേറിയറ്റിന് കീഴിലും 16 കമ്മിറ്റികൾ ലോക്‌സഭാ സെക്രട്ടേറിയററ്റിന് കീഴിലും ആണ് പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ യഥാക്രമം രാജ്യസഭാംഗങ്ങളും ലോക്‌സഭങ്ങളുമാണ് ഈ കമ്മിറ്റികളുടെ അധ്യക്ഷന്മാരായിരിക്കേണ്ടത്. ലോക്‌സഭ കമ്മിറ്റികളുടെ അധ്യക്ഷന്മാരെ ലോക്‌സഭ സ്‌പീക്കറും രാജ്യസഭ സമിതികളുടെ അധ്യക്ഷന്മാരെ രാജ്യസഭ ചെയർമാനുമാണ് നിയമിക്കുക.
അധികാര പരിധി
ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ ഗ്രാൻ്റുകൾക്കായുള്ള അപേക്ഷകൾ പരിഗണിക്കുകയും അവ ലോക്‌സഭയിൽ ചർച്ച ചെയ്യുന്നതിനായി റിപ്പോർട്ട് ചെയ്യുകയുമാണ് ഈ കമ്മിറ്റികളുടെ പ്രധാന ഉത്തരവാദിത്വം. ഇത്തരം ബില്ലുകൾ പരിശോധിച്ച ശേഷം പ്രെസിഡിങ് ഓഫീസർക്ക് റഫർ ചെയ്യും. ബന്ധപ്പെട്ട വകുപ്പുകളുടെ വാർഷിക റിപ്പോർട്ടുകൾ വിശകലനം ചെയ്യാനും കമ്മിറ്റിക്ക് അധികാരമുണ്ട്. കൂടാതെ കമ്മിറ്റികൾക്ക് ദേശീയ ദീർഘകാല നയ രേഖകളും പരിശോധിക്കാം.
എന്നാൽ ബന്ധപ്പെട്ട വകുപ്പുകളുടെ ദൈനം ദിന കാര്യങ്ങളിൽ ഇടപെടാനോ ഒരു കമ്മിറ്റിക്ക് മറ്റുള്ള കമ്മിറ്റികളുടെ കാര്യങ്ങളിൽ ഇടപെടാനോ അധികാരമില്ല. കൂടാതെ കമ്മിറ്റിക്ക് നിയമം നടപ്പിലാക്കാനും അധികാരമില്ല. നിർദേശങ്ങൾ നൽകുക മാത്രമാണ് കമ്മിറ്റിക്ക് ചെയ്യാൻ കഴിയുക. സമിതികൾ റിപ്പോർട്ട് ചെയ്യുന്ന ബില്ലുകൾ സമിതികളുടെ റിപ്പോർട്ടുകളുടെ വെളിച്ചത്തിൽ സഭകൾ പരിഗണിക്കും. ഇനി ഏതെങ്കിലും ബില്ലുകളുമായി ബന്ധപ്പെട്ട് എന്തെങ്കിലും നടപടികൾ സ്വീകരിച്ചാൽ വിശദീകരണം നൽകാനും കമ്മിറ്റി ബാധ്യസ്ഥരാണ്.
നിലവിലെ അവസ്ഥ
കക്ഷികളുടെ എണ്ണക്കൂടുതലാണ് ഇത്തരം നടപടികളെ നിലവിൽ സങ്കീർണമാക്കുന്നത്. കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട പ്രമുഖ രാഷ്ട്രീയ പാർട്ടി നേതാക്കളുമായി പാർലമെൻ്ററി കാര്യ മന്ത്രി അനൗപചാരിക കൂടിയാലോചനകൾ നടത്തുന്നുണ്ട്. ഓരോ പാർട്ടികളുടെയും പാലമെന്‍റിലെ പ്രാതിനിത്യം അനുസരിച്ച് കമ്മിറ്റികളിലെ അംഗങ്ങളുടെ എണ്ണം തീരുമാനിക്കലാണ് പ്രാഥമിക നടപടി. ഇത് തീരുമാനമായത് പിന്നെ ഓരോ രാഷ്ട്രീയ പാർട്ടി നേതാക്കൾക്കും അംഗങ്ങളെ നോമിനേറ്റ് ചെയ്യാം. ചുരുങ്ങിയത് മൂന്ന് മാസക്കാലമെങ്കിലും ഈ നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ എടുക്കും.
Also read:വഖഫ് ജെപിസിയുടെ ആദ്യ യോഗം പൂർത്തിയായി; 6 മണിക്കൂര്‍ യോഗത്തില്‍ വ്യവസ്ഥകളെ ചോദ്യം ചെയ്‌ത് പ്രതിപക്ഷം