ചെന്നൈ: ചെന്നൈയിലെ മീനമ്പാക്കം വിമാനത്താവളത്തിന് പിന്നാലെ പറന്തൂരിലും വിമാനത്താവളം സ്ഥാപിക്കാനുളള തമിഴ്‌നാട് സർക്കാരിൻ്റെ നീക്കത്തിന് പച്ചക്കൊടി കാട്ടി കേന്ദ്ര വ്യോമയാന മന്ത്രാലയം. സൈറ്റ് ക്ലിയറൻസ് സർട്ടിഫിക്കറ്റാണ് നൽകിയത്. പരന്തൂരിൽ പുതിയ അന്താരാഷ്ട്ര വിമാനത്താവളം സ്ഥാപിക്കുന്നതിനായിട്ടുളള പ്രവർത്തനങ്ങൾ സർക്കാർ തുടങ്ങിയിട്ടുണ്ട്.
പറന്തൂരിൽ വിമാനത്താവളം സ്ഥാപിക്കുന്നതിനായി കാഞ്ചീപുരത്തെ നെൽവായ് ഗ്രാമത്തിൽ നിന്ന് 69.05 ഹെക്‌ടർ ഭൂമിയും ശ്രീപെരുമ്പത്തൂരിൽ ഉദയരപാക്കം ഗ്രാമത്തിൽ നിന്ന് 67.13 ഹെക്‌ടർ ഭൂമിയും തമിഴ്‌നാട് സർക്കാർ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. തമിഴ്‌നാട് ഇൻഡസ്ട്രിയൽ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ (ടിഐഡിസിഒ) പറന്തൂർ വിമാനത്താവള പദ്ധതിക്കായി വിശദമായിട്ടുളള പ്രോജക്‌ട് റിപ്പോർട്ട് നേരത്തെ തയ്യാറാക്കിയിട്ടുണ്ടായിരുന്നു.
പ്രതിവർഷം ഒരു കോടി യാത്രക്കാരെ പ്രതീക്ഷിക്കുന്ന തരത്തിൽ 32,704 കോടി രൂപ ചെലവിൽ നാല് ഘട്ടങ്ങളിലായി വിമാനത്താവളത്തിൻ്റെ പണി പൂർത്തീകരിക്കുമെന്നാണ് പ്രോജക്‌ട് റിപ്പോർട്ടിൽ പറയുന്നത്. പുതിയ അന്താരാഷ്ട്ര വിമാനത്താവളം നിർമിക്കുന്നതിനായി പറന്തൂരിലും ഏകനാപുരത്തിനും ചുറ്റുമുള്ള 12 ഗ്രാമങ്ങളിലായി 5000 ഏക്കർ ഭൂമിയാണ് തമിഴ്‌നാട് സർക്കാർ ഏറ്റെടുത്തിരിക്കുന്നത്.
പരന്തൂർ വിമാനത്താവളത്തിൻ്റെ സൈറ്റ് അനുമതിക്കായി 2023ൽ ടിഡ്‌കോ അപേക്ഷിച്ചിരുന്നു. കൂടാതെ സിവിൽ ഏവിയേഷൻ ഒഴികെയുള്ള മന്ത്രാലയത്തിൽ നിന്ന് സൈറ്റ് ക്ലിയറൻസ്, പ്രോജക്റ്റ് ക്ലിയറൻസ്, പാരിസ്ഥിതിക അനുമതി എന്നിവയ്ക്കായും അപേക്ഷിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് കഴിഞ്ഞ വർഷം പറന്തൂർ വിമാനത്താവളത്തിന് കേന്ദ്ര പ്രതിരോധ മന്ത്രാലയം നോ ഒബ്‌സ്റ്റക്കിൾസ് സർട്ടിഫിക്കറ്റ് നൽകിയിരുന്നു.
ഇതേത്തുടർന്നാണ് പറന്തൂരിൽ പുതിയ വിമാനത്താവളം സ്ഥാപിക്കാൻ അനുമതി തേടി ടിഡ്‌കോ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് അപേക്ഷ നൽകിയത്. ഇത് സംബന്ധിച്ച് സിവിൽ ഏവിയേഷൻ ഡിപ്പാർട്ട്‌മെൻ്റ്, ആർമി, എയർഫോഴ്‌സ് ഉൾപ്പെടെയുള്ള വകുപ്പുതല ഉദ്യോഗസ്ഥർ അടുത്തിടെ പറന്തൂരിൽ സർവേ നടത്തിയിരുന്നു.
ഈ സാഹചര്യത്തിലാണ് പറന്തൂർ വിമാനത്താവളം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നൽകിയത്. കേന്ദ്ര സിവിൽ ഏവിയേഷൻ ഡിപ്പാർട്ട്‌മെൻ്റിൻ്റെ സൈറ്റ് ക്ലിയറൻസ് ലഭിച്ച ശേഷം തമിഴ്‌നാട് സർക്കാർ വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Also Read: പറന്തൂർ വിമാനത്താവള പദ്ധതിക്കെതിരെ കാഞ്ചീപുരത്ത് ശക്തമായ പ്രതിഷേധം