ജയ്‌പൂർ : അതിർത്തി കടന്ന പാകിസ്ഥാൻ പൗരനെ ബിഎസ്‌എഫ് പിടികൂടി. ചോദ്യം ചെയ്യലിൽ തന്‍റെ കാമുകിയുടെ കുടുംബാംഗങ്ങളിൽ നിന്ന് രക്ഷപ്പെടുന്നതിനായാണ് അതിർത്തി കടന്നതെന്ന് പാകിസ്ഥാൻ സ്വദേശി പറഞ്ഞതായി അധികൃതർ അറയിച്ചു. രാജസ്ഥാനിലെ ബാർമറിൽ കഴിഞ്ഞ ഞായറാഴ്‌ചയാണ് (ഓഗസ്‌റ്റ് 25) സംഭവം.
ജഗ്‌സി കോലി (20) എന്ന വ്യക്തിയാണ് ബിഎസ്‌എഫിന്‍റെ പിടിയിലായത്. ചോദ്യം ചെയ്യലിനായി ജഗ്‌സിയെ തിങ്കളാഴ്‌ച (ഓഗസ്‌റ്റ് 26) പൊലീസിന് കൈമാറിയിരുന്നു. പ്രാഥമിക ചോദ്യം ചെയ്യലിൽ, കാമുകിയുടെ കുടുംബാംഗങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നും, അതിനാലാണ് അതിർത്തി കടന്നെന്നും പാകിസ്ഥാൻ പൗരൻ പറഞ്ഞതായി എസ്‌പി ബാർമർ നരേന്ദ്ര സിങ് മീണ വ്യക്തമാക്കി.
പാകിസ്ഥാനിലെ തർപാർക്കർ ജില്ലയിൽ ജഗ്‌സി കാമുകിയെ കാണാൻ പോയിരുന്നെന്നും എന്നാൽ അവളുടെ വീട്ടുകാർ അവനെ കണ്ടതിനാൽ പെൺകുട്ടിയുടെ സ്‌കാർഫുമായി അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. അതേസമയം ആ സ്‌കാർഫ് ഉപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായും ജഗ്‌സി പറഞ്ഞു. എന്നാൽ അതിന് കഴിഞ്ഞില്ല എന്നും ശേഷം അതിർത്തി കടക്കുകയായിരുന്നു എന്നും ജഗ്‌സി പറഞ്ഞതായി എസ്‌പി അറിയിച്ചു.
പാകിസ്ഥാൻ പൗരനെ ചോദ്യം ചെയ്‌ത് വരികയാണെന്നും രഹസ്യാന്വേഷണ ഏജൻസികളുടെ സംയുക്ത ചോദ്യം ചെയ്യൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Also Read: അതിര്‍ത്തികളില്‍ ഭീകരരുടെ നുഴഞ്ഞു കയറ്റ സാധ്യത; ബിഎസ്എഫിന് അതീവ ജാഗ്രതാ നിർദേശം