ബെംഗളൂരു: കർണാടക നിയമസഭയിൽ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് (pakistan slogans in vidhan soudha) മൂന്ന് പേരെ പൊലീസ് പിടികൂടി. ഡൽഹി സ്വദേശി ഇൽതാസ്, ബംഗളൂരുവിലെ ആർടി നഗർ സ്വദേശി മുനാവർ, ഹാവേരി ജില്ലയിലെ ബ്യാദാഗി സ്വദേശി മുഹമ്മദ് ഷാഫി നാഷിപുടി എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെയാണ് മൂന്ന് പേരെയും പൊലീസ് പിടികൂടിയത്.
ഇന്ന് കോടതിയിൽ ഹാജരാക്കിയ പ്രതികളെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. സയ്യിദ് നസീർ ഹുസൈൻ രാജ്യസഭാംഗമായതിന്‍റെ വിജയാഘോഷത്തിനിടെ വിധാന സൗധയുടെ ഇടനാഴിയിൽ പാകിസ്ഥാൻ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ചു എന്നാണ് ആരോപണം. എഫ്എസ്എൽ റിപ്പോർട്ട്, സാഹചര്യ തെളിവുകൾ, സാക്ഷി മൊഴികൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്‌തതെന്ന് സെൻട്രൽ ഡിവിഷൻ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ശേഖർ എച്ച്ടി പറഞ്ഞു.
അറസ്റ്റിലായ പ്രതികൾ രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായികളാണെന്നാണ് ബിജെപി ആരോപിക്കുന്നത്. കേസ് അന്വേഷണം പൂർണമാകുന്നതുവരെ നസീർ ഹുസൈന് സത്യവാചകം ചൊല്ലിക്കൊടുക്കരുതെന്ന് ബിജെപി ഉപരാഷ്ട്രപതിക്ക് നിവേദനം നൽകിയിട്ടുണ്ട്.
വിഷയത്തിൽ പൊലീസ് അന്വേഷണം തുടരുകയാണെന്നും കേസ് രജിസ്റ്റർ ചെയ്‌ത് മൂന്ന് പേരെ പിടികൂടിയിട്ടുണ്ട്. അന്വേഷണം തുടരുമെന്നും കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര പ്രതികരിച്ചു.