ന്യൂഡൽഹി : രാജ്യതലസ്ഥാനത്തെ മജ്‌നു കാ ടില്ലയിലെ പാകിസ്ഥാൻ ഹിന്ദു അഭയാർഥി ക്യാമ്പ് പൊളിക്കുന്നത് ചോദ്യം ചെയ്‌തുള്ള ഹർജിയിൽ മറുപടി നൽകാൻ കേന്ദ്ര സർക്കാരിന് രണ്ടാഴ്‌ച സമയം അനുവദിച്ച് ഡൽഹി ഹൈക്കോടതി. ഏപ്രിൽ 24-ന് കേസ് ലിസ്റ്റ് ചെയ്‌ത ജസ്റ്റിസ് മിനി പുഷ്‌കർണ്ണ ഇടക്കാല ഉത്തരവ് അടുത്ത തീയതി വരെ തുടരുമെന്നും അറിയിച്ചു.
വിഷയത്തിൽ നിർബന്ധിത നടപടിയെടുക്കരുതെന്ന് ഡൽഹി ഡെവലപ്‌മെൻ്റ് അതോറിറ്റിക്ക് (ഡിഡിഎ) ഹൈക്കോടതി നേരത്തെ നിർദേശം നൽകിയിരുന്നു. ഡിഡിഎ നൽകിയ നോട്ടിസിനെതിരായ ഹർജിയിൽ മാർച്ച് 12നാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ഹർജി പരിഗണിക്കുന്നതിനിടെ പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് കടന്ന ഹിന്ദു സമൂഹത്തിന് എല്ലാ പിന്തുണയും നൽകാൻ ഇന്ത്യൻ യൂണിയൻ ശ്രമിക്കുമെന്ന 2013 ലെ കേന്ദ്ര സർക്കാരിന്‍റെ പ്രസ്‌താവനയും ഹൈക്കോടതി പരിഗണിച്ചു. അടുത്ത വാദം കേൾക്കുന്നത് വരെ ഹർജിക്കാരനെതിരെ നിർബന്ധിത നടപടിയെടുക്കരുതെന്നും ജസ്റ്റിസ് മിനി പുഷ്‌കർണ ഉത്തരവിട്ടു.
അതേസമയം വിഷയത്തിൽ കേന്ദ്ര സർക്കാരിനോട് വാദിക്കാനും മൂന്ന് ദിവസത്തിനകം കക്ഷികളുടെ ഭേദഗതി മെമ്മോ സമർപ്പിക്കാനും ബെഞ്ച് നിർദേശിച്ചു. മാർച്ച് ആറിനകം സ്ഥലം ഒഴിയണമെന്ന് ആവശ്യപ്പെട്ട് മാർച്ച് നാലിന് നൽകിയ നോട്ടിസ് ചോദ്യം ചെയ്‌ത് രവി രഞ്ജൻ സിങ് എന്നയാളാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. 800 ഓളം ആളുകൾക്ക് ബദൽ പാർപ്പിടം സ്ഥാപിക്കുന്നത് വരെ ക്യാമ്പ് പൊളിക്കുന്നത് സ്റ്റേ ചെയ്യണമെന്നാണ് ഹർജിക്കാരൻ്റെ ആവശ്യം.
2019ലെ പൗരത്വ ഭേദഗതി നിയമം (CAA) കണക്കിലെടുത്ത്, മജ്‌നു കാ ടില്ലയിലെ പാകിസ്ഥാൻ ഹിന്ദു അഭയാർഥി ക്യാമ്പ് തടസപ്പെടുത്തുകയോ തകർക്കുകയോ ചെയ്യരുതെന്ന് ബന്ധപ്പെട്ടവരോട് നിർദേശിക്കാൻ ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്. പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് പീഡിപ്പിക്കപ്പെടുന്ന മുസ്ലീം ഇതര ന്യൂനപക്ഷങ്ങൾക്ക് അഭയം നൽകാൻ ഇന്ത്യ ഗവൺമെൻ്റ് ആഗ്രഹിക്കുന്നതായും ഹർജിയിൽ പറയുന്നു.
2024 മാർച്ച് 6-നകം സ്ഥലം ഒഴിയണമെന്ന് ആവശ്യപ്പെട്ട് 2024 മാർച്ച് 4 ന് ഒരു പൊതു അറിയിപ്പ് പ്രദേശത്ത് ഒട്ടിച്ചിട്ടുണ്ടെന്നും ഇല്ലെങ്കിൽ പ്രതിഭാഗം അവരുടെ ക്യാമ്പ് പൊളിക്കുമെന്നും ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ ആർകെ ബാലി കോടതിയിൽ വാദിച്ചു. പാകിസ്ഥാൻ ഹിന്ദു അഭയാർഥികൾ വർഷങ്ങളായി മജ്‌നു കാ ടില്ലയിൽ താമസിച്ച് വരികയാണ്. അധികാരികൾ ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നുണ്ടെന്നും അവരുടെ കുട്ടികൾ അടുത്തുള്ള സർക്കാർ സ്‌കൂളുകളിൽ പഠിക്കുകയാണെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ഡൽഹിയിലെ യമുന നദീതീരത്തുള്ള ഗുരുദ്വാര മജ്‌നു കാ ടില്ലയുടെ തെക്ക് വശത്തുള്ള, യമുന വെള്ളപ്പൊക്ക സമതല മേഖലയിലെ എല്ലാ കൈയേറ്റങ്ങളും നീക്കം ചെയ്യണമെന്ന് 2019ൽ ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) ഉത്തരവിട്ടതായി ഡൽഹി ഡെവലപ്‌മെൻ്റ് അതോറിറ്റിയുടെ അഭിഭാഷകൻ വാദിച്ചു. ജുഡിഷ്യൽ ഉത്തരവുകൾ പാലിക്കാൻ ഡിഡിഎ ബാധ്യസ്ഥരാണെന്നും അഡ്വക്കേറ്റ് വ്യക്തമാക്കി. എൻജിടി പാസാക്കിയ 2019 ഒക്‌ടോബർ 17ലെ ഉത്തരവിനെയാണ് ഡിഡിഎയുടെ സ്റ്റാൻഡിങ് കൗൺസലും ആശ്രയിച്ചത്. ഹർജിക്കാരനോട് ഡിഡിഎയ്‌ക്ക് അനുഭാവം ഉണ്ടെങ്കിലും, ദേശീയ ഹരിത ട്രൈബ്യൂണൽ പാസാക്കിയ നിർദേശങ്ങളിൽ ഡിഡിഎ ബാധ്യസ്ഥരാണെന്നും അവർ കൂട്ടിച്ചേർത്തു.