ശ്രീനഗർ : ജമ്മുകശ്‌മീരിൽ ഭീകരരുടെ സാന്നിധ്യമുള്ളതായി ലെഫ്റ്റനൻ്റ് ജനറൽ രാജീവ് ഘായി സ്ഥിരീകരിച്ചു. കേന്ദ്രഭരണപ്രദേശത്ത് 70-80 വിദേശ ഭീകരർ പ്രവർത്തിക്കുന്നതായി ജമ്മുകശ്‌മീർ ഡിജിപി ആർ ആർ സ്വയിൻ കണക്കുകൾ നൽകിയിരുന്നു. തുടർന്ന് ശ്രീനഗർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർമിയുടെ 15 കോർപ്‌സിൻ്റെ ജനറൽ ഓഫിസർ കമാൻഡിങ് (GoC) ആയ രാജീവ് ഘായി ഈ കണക്കുകൾ ശരിവച്ചു.
വടക്കൻ കശ്‌മീരിലെ ബാരാമുള്ളയിലെ ജനറൽ ബിപിൻ റാവത്ത് സ്റ്റേഡിയത്തിൽ നടന്ന കാർഗിൽ യുദ്ധ സേനാനികളെ ആദരിക്കുന്ന ചടങ്ങിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഗോസി ലഫ്റ്റനൻ്റ് ജനറൽ രാജീവ് ഘായി ഇക്കാര്യം പറഞ്ഞത്. സുരക്ഷ സേന തീവ്രവാദികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെക്കൻ കശ്‌മീരിൽ ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്ന ലഷ്‌കർ-ഇ-തൊയ്‌ബ കമാൻഡർ റിയാസ് ദാറിനെ വധിച്ച സംഭവം വലിയ വിജയമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കശ്‌മീരിലെ നിയന്ത്രണരേഖയിലെ സ്ഥിതി സുസ്ഥിരമാണെന്നും സൈന്യത്തിൻ്റെ ഹിമാലയൻ റെജിമെൻ്റിനെ പ്രശംസിക്കുന്നതായും രാജീവ് ഘായ് പറഞ്ഞു. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനായി എല്ലാ സുരക്ഷ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ലെഫ്റ്റനൻ്റ് ജനറൽ ഘായ് വ്യക്തമാക്കി.
Also Read: പുൽവാമയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; മേഖലയില്‍ പരിശോധന