ന്യൂഡൽഹി : രാജ്യസഭ എംപി ജയ ബച്ചനെ അപമാനിച്ചെന്ന് ആരോപിച്ച് രാജ്യസഭാധ്യക്ഷനും ഉപരാഷ്‌ട്രപതിയുമായ ജഗദീപ് ധൻകറിനെതിരെ ഇംപീച്ച്മെന്‍റ് നടപടിക്കൊരുങ്ങി പ്രതിപക്ഷം. പ്രമേയത്തിൽ പ്രതിപക്ഷ എംപിമാർ ഒപ്പുവെക്കുന്ന നടപടിക്രമങ്ങള്‍ ഇതിനോടകം സഭയിൽ ആരംഭിച്ചു.
ജയ ബച്ചനെ രാജ്യസഭയില്‍ ചര്‍ച്ചക്ക് ക്ഷണിച്ചപ്പോള്‍ ‘ജയ അമിതാഭ് ബച്ചന്‍’ എന്ന് ജഗദീപ് ധൻകര്‍ അഭിസംബോധന ചെയ്‌തതിനെ തുടര്‍ന്നാണ് പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തിയത്. രാജ്യസഭ അധ്യക്ഷൻ തന്നെ അപമാനിച്ചെന്നും തന്നോട് മാപ്പ് പറയാതെ പ്രതിഷേധത്തില്‍ നിന്നും പിന്‍മാറില്ലെന്നും ജയ ബച്ചന്‍ അറിയിച്ചു.
തുടര്‍ന്ന് ജയ ബച്ചനും ജഗദീപ് ധൻകറും തമ്മിൽ സഭയില്‍ രൂക്ഷമായ വാക്ക് പോര് ഉണ്ടായി. തന്നെ ആരും പഠിപ്പിക്കാന്‍ വരേണ്ടതില്ലെന്ന് ജഗദീപ് ധൻകർ സഭയില്‍ പ്രതികരിച്ചു. ജയ അറിയപ്പെടുന്ന കലാകാരിയായിരിക്കാം, എന്നാൽ സഭയുടെ അച്ചടക്കം ബാധകമാണെന്നും ധൻകർ പറഞ്ഞു.
പ്രതിഷേധത്തെ തുടർന്ന് സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയി. ഇതിന് പിന്നാലെയാണ് ഇംപീച്ച്മെന്‍റ് നടപടിയിലേക്ക് പ്രതിപക്ഷ കക്ഷികൾ കടന്നത്. 14 ദിവസം മുൻപെങ്കിലും പ്രമേയം സമർപ്പിക്കണമെന്ന് ചട്ടമുള്ളതിനാല്‍ നിലവില്‍ നടക്കുന്ന സമ്മേളനത്തിൽ ഇംപീച്ച്മെന്‍റ് അവതരിപ്പിക്കാൻ സാധ്യതയില്ല.
എന്താണ് ഇംപീച്ച്‌മെന്‍റ്
ഭരണഘടന വ്യവസ്ഥകളുടെ ലംഘനത്തിനോ തെറ്റായ പെരുമാറ്റത്തിനോ ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരെ നീക്കം ചെയ്യാൻ രൂപകൽപ്പന ചെയ്യപ്പെട്ട ഭരണഘടന സംവിധാനമാണ് ഇന്ത്യയിൽ ഇംപീച്ച്മെന്‍റ്. പബ്ലിക് ഓഫീസുകളുടെ സമഗ്രതയും ഉത്തരവാദിത്തവും നിലനിർത്താൻ ഉദ്ദേശിച്ചുള്ള സങ്കീർണ്ണവും അതേസമയം അപൂർവ്വമായി മാത്രം പ്രയോഗിച്ചിട്ടുള്ളതുമായ ഒരു പ്രക്രിയയാണിത്.
ഇംപീച്ച്‌മെന്‍റെ മോഷന്‍റെ സാധുത
ഉപരാഷ്‌ട്രപതിക്കെതിരെയുള്ള ഇംപീച്ച്‌മെന്‍റ് പ്രമേയം സാധുവാകണമെങ്കിൽ, അത് ഭരണഘടനാ ലംഘനം അടിസ്ഥാനമായുള്ളതായിരിക്കണം. ആരോപണങ്ങൾ ഗുരുതരവും തെളിവുകളുടെ അടിസ്ഥാനത്തിലുമായിരിക്കണം. ഈ സാഹചര്യത്തിൽ, വൈസ് പ്രസിഡന്‍റ് ജഗ്‌ദീപ് ധന്‍കറിന്‍റെ പെരുമാറ്റം എങ്ങനെയാണ് ഭരണഘടന ലംഘനമാകുന്നതെന്ന് പ്രതിപക്ഷം തെളിയിക്കണം.
ഇംപീച്ച്‌മെന്‍റിന്‍റെ നടപടിക്രമം
1. ഉപരാഷ്‌ട്രപതി ചെയർപേഴ്‌സണായി പ്രവർത്തിക്കുന്ന രാജ്യസഭയിൽ ഇംപീച്ച്‌മെന്‍റ് പ്രമേയം അവതിരിപ്പിക്കാവുന്നതാണ്. രാജ്യസഭയിലെ മൊത്തം അംഗങ്ങളുടെ 20% എങ്കിലും പ്രമേയത്തിൽ ഒപ്പിടണം.
2. പ്രമേയം അംഗീകരിച്ചുകഴിഞ്ഞാൽ, ആരോപണങ്ങൾ അന്വേഷിക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കും. പാർലമെന്‍റിന്‍റെ ഇരുസഭകളിലെയും അംഗങ്ങളും സുപ്രീം കോടതിയിലോ ഹൈക്കോടതിയിലോ ഉള്ള ഒരു ജഡ്‌ജിയും അടങ്ങുന്നതാണ് സമിതി.
3. സമിതിയുടെ റിപ്പോർട്ട് രാജ്യസഭയിൽ അവതരിപ്പിക്കപ്പെടും. റിപ്പോർട്ടിൽ ആരോപണങ്ങളെ പിന്തുണക്കുന്നതാണെങ്കില്‍ പ്രമേയം സഭയിൽ ചർച്ച ചെയ്യും.
4. രാജ്യസഭയിൽ ഹാജരാകുകയും വോട്ടുചെയ്യുകയും ചെയ്യുന്ന മൊത്തം അംഗങ്ങളുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷം പ്രമേയം അംഗീകരിച്ചാല്‍ പ്രമേയം പാസാകും. രാഷ്‌ട്രീയ ലക്ഷ്യങ്ങൾക്കായി ഇംപീച്ച്‌മെന്‍റ് പ്രക്രിയ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനാണ് ഈ ഉയർന്ന പരിധി ഏര്‍പ്പെടുത്തിയിരിക്കുന്നത്.
5. രാജ്യസഭ പ്രമേയം പാസാക്കിയാൽ, അത് പിന്നീട് ലോക്‌സഭയിലേക്ക് അയക്കും. ലോക്‌സഭയില്‍ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ പ്രമേയം അംഗീകരിക്കപ്പെടണം.
ഇംപീച്ച്‌മെന്‍റിന്‍റെ അനന്തരഫലങ്ങൾ
ഇംപീച്ച്‌മെന്‍റ് പ്രമേയം പാസായാല്‍ വൈസ് പ്രസിഡന്‍റ് തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെടും. ഇത് പുതിയ ഉപരാഷ്‌ട്രപതിയെ തെരഞ്ഞെടുക്കുന്നത് വരെ രാജ്യസഭയുടെ പ്രവർത്തനത്തെ ബാധിക്കും.
ഇന്ത്യന്‍ ചരിത്രത്തില്‍ ഇംപീച്ച്മെന്‍റ് ചെയ്യപ്പെട്ടവര്‍...?
ഭരണഘടന നിലവിൽ വന്നതിന് ശേഷം ഉപരാഷ്‌ട്രപതിയെ ഇംപീച്ച്‌മെന്‍റ് ചെയ്യുന്ന ഒരു സംഭവത്തിന് ഇന്ത്യക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടില്ല. ഒരു ഉപരാഷ്‌ട്രപതിക്കുള്ള ഇംപീച്ച്‌മെന്‍റ് നടപടിക്രമം രാഷ്‌ട്രപതിയുടേതിന് സമാനമാണ്. എന്നാൽ ഒരു ഇന്ത്യൻ പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും ഇതുവരെ ഇംപീച്ച് ചെയ്യപ്പെട്ടിട്ടില്ല.