കഴിഞ്ഞ ഏഴ് വർഷത്തിനിടെ അപകടകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ 84,119 കുട്ടികളെ ആർ.പി.എഫ് രക്ഷപ്പെടുത്തി. ഓപ്പറേഷൻ നന്‍ഹേ ഫാരിഷ്‌തേയുടെ ഭാഗമായാണ് ഇന്ത്യയിലെ വിവിധ റെയില്‍വെ സോണുകളില്‍ അപകടത്തിൽപ്പെട്ട കുട്ടികളെ രക്ഷപ്പെടുത്തിയത്. വിവിധ ഇന്ത്യൻ റെയിൽവേ സോണുകളിലായി പരിചരണവും സംരക്ഷണവും ആവശ്യമുള്ള കുട്ടികളെ രക്ഷിക്കാനുള്ള ദൗത്യമാണ് 'ഓപ്പറേഷൻ നന്‍ഹേ ഫാരിഷ്‌തേ'.
ദുഷ്‌കര സാഹചര്യങ്ങളിൽ കണ്ടെത്തുന്ന ആയിരക്കണക്കിന് കുട്ടികൾക്ക് ഇത് ഒരു ജീവനാഡിയാണ്. 2018ലാണ് ഓപ്പറേഷൻ നന്‍ഹേ ഫാരിഷ്‌തേക്ക് തുടക്കം കുറിച്ചത്. സമൂഹത്തിലെ ഏറ്റവും ദുർബലരായ ആളുകളെ സംരക്ഷിക്കാനുള്ള ആർ.പി.എഫിന്‍റെ പ്രതിബദ്ധതയുടെ തെളിവാണ് ഈ രക്ഷാപ്രവർത്തനം.
ഈ വർഷം 17,112 കുട്ടികളെ ആർ.പി.എഫ് രക്ഷപ്പെടുത്തി. ഇതില്‍ 13,187 പേർ ഓടിപ്പോയ കുട്ടികളായിരുന്നു. 2019 ൽ 15,932 കുട്ടികളെ രക്ഷപ്പെടുത്തി. 2020 കൊവിഡ് കാലത്ത് വെല്ലുവിളികൾക്കിടയിലും 5,011 കുട്ടികളെ രക്ഷിക്കാൻ ആർ.പി.എഫിന് കഴിഞ്ഞു. 2021ൽ 11,907 കുട്ടികളെയും 2022ൽ 17,756 കുട്ടികളെയും 2023ൽ 11,794 കുട്ടികളെയും ആർപിഎഫ് വിവിധ സാഹചര്യങ്ങളില്‍ രക്ഷിച്ചു.
കൂടുതൽ ബോധവൽക്കരണവും റെയിൽവേ സോണുകളിലുടനീളമുള്ള കൂടുതൽ ഏകോപിത പ്രവർത്തനങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തി. ദുരിതബാധിതരായ കുട്ടികളെക്കുറിച്ചുള്ള സമഗ്രമായ വിശദാംശങ്ങൾ ട്രാക്ക് ചൈൽഡ് പോർട്ടലിൽ ലഭിക്കും. 135 ലധികം റെയിൽവേ സ്റ്റേഷനുകളിൽ ഇന്ത്യൻ റെയിൽവേ ചൈൽഡ് ഹെൽപ്പ് ഡെസ്‌ക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർ.പി.എഫ്) കുട്ടിയെ രക്ഷപ്പെടുത്തി അവരെ ജില്ലാ ശിശുക്ഷേമ സമിതിക്ക് കൈമാറുകയും അതുവഴി കുട്ടിയെ മാതാപിതാക്കളിലേക്ക് എത്തിക്കുകയുമാണ് ചെയ്യുന്നത്.