ശ്രീനഗര്‍: ജമ്മു കശ്‌മീര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷം പിന്നിട്ടതോടെ കശ്‌മീരിലെ പുതിയ മുഖ്യമന്ത്രി ഒമര്‍ അബ്‌ദുള്ളയായിരിക്കുമെന്ന് നാഷണല്‍ കോണ്‍ഫറൻസ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഫാറൂഖ് അബ്‌ദുള്ള പ്രഖ്യാപിച്ചു. ആകെയുള്ള ജമ്മു കശ്‌മീരിലെ 90 സീറ്റുകളില്‍ 46ലേറെ സീറ്റുകള്‍ വിജയിച്ചാണ് ഇന്ത്യ സഖ്യം ഭരണം ഉറപ്പിച്ചത്. നാഷണല്‍ കോണ്‍ഫറൻസ് 42 സീറ്റുകളിലും കോണ്‍ഗ്രസ് 6 സീറ്റുകളിലുമാണ് വിജയിച്ചത്.
29 സീറ്റുകളില്‍ ബിജെപി വിജയിച്ചപ്പോള്‍ 2014ലെ അവസാന നിയമസഭ തെരഞ്ഞെടുപ്പില്‍ 28 സീറ്റുകള്‍ ഉണ്ടായിരുന്ന മുൻ മുഖ്യമന്ത്രി മെഹ്‌ബൂബ മുഫ്‌തിയുടെ പിഡിപിക്ക് വെറും 3 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. 46 എന്ന കേവല ഭൂരിപക്ഷം ഇന്ത്യ സഖ്യം മറികടന്നതോടെയാണ് ഫാറൂഖ് അബ്‌ദുള്ള ഒമര്‍ അബ്‌ദുള്ളയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.
ബുദ്ഗാം, ഗന്ദർബാൽ എന്നീ രണ്ട് സീറ്റുകളിലേക്കാണ് ഒമർ മത്സരിച്ചത്. 18485 വോട്ടുകൾക്ക് അദ്ദേഹം ബുഡ്‌ഗാം സീറ്റിലും 9,766ല്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഗന്ദർബാൽ സീറ്റിലും ഒമര്‍ അബ്‌ദുള്ള വിജയിച്ചു. "ജനങ്ങൾ അവരുടെ ജനവിധി നൽകി, ഓഗസ്‌റ്റ് 5ന് ബിജെപി സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ തീരുമാനം തെറ്റാണെന്ന് ജനങ്ങള്‍ തെളിയിച്ചു. ഒമർ അബ്‌ദുള്ളയായിരിക്കും കശ്‌മീരിന്‍റെ അടുത്ത മുഖ്യമന്ത്രിയെന്ന്" ദേശീയ മാധ്യമത്തോട് ഫാറൂഖ് അബ്‌ദുള്ള പ്രതികരിച്ചു.
ആര്‍ട്ടിക്കിള്‍ 370ല്‍ ആടിയുലഞ്ഞ് ബിജെപി
തൂക്കുസഭയാകും കശ്‌മീരില്‍ വരികയെന്ന എക്‌സിറ്റുപോളുകളുടെ ഫലങ്ങളെല്ലാം മറികടന്നാണ് നാഷണല്‍ കോണ്‍ഫറൻസും കോണ്‍ഗ്രസും നേതൃത്വം നല്‍കുന്ന ഇന്ത്യ സഖ്യം 47ല്‍ അധികം സീറ്റുകളില്‍ വിജയിച്ചത്. കശ്‌മീരിന്‍റെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ നിയമസഭ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്. 2019ലാണ് ജമ്മു കശ്‌മീരിന് പ്രത്യേകാധികാരം നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം കേന്ദ്രം റദ്ദാക്കിയത്. ശേഷം ജമ്മു കശ്‌മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി സംസ്ഥാനത്തെ മാറ്റുകയും ചെയ്‌തിരുന്നു.
എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ബിജെപിക്ക് ഗുണകരമായിട്ടില്ലെന്നാണ് വിലയിരുത്തല്‍. ബിജെപിയുടെ നീക്കത്തിനെതിരെ തുടക്കം മുതല്‍ നാഷണല്‍ കോണ്‍ഫറൻസും കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. ജമ്മു കശ്‌മീരിലെ ജനങ്ങളുടെ പ്രത്യേക അവകാശങ്ങൾ കവരുന്നതിനാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതെന്നായിരുന്നു നാഷണല്‍ കോണ്‍ഫറൻസും കോണ്‍ഗ്രസും ആരോപിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ആര്‍ട്ടിക്കിള്‍ 370 തിരിച്ചുകൊണ്ടുവരുമെന്നായിരുന്നു പ്രതിപക്ഷ വാഗ്‌ദാനം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മുസ്‌ലീം ആധിപത്യമുള്ള കശ്‌മീര്‍ മേഖലകളില്‍ നാഷണല്‍ കോണ്‍ഫറൻസ് സ്ഥാനാര്‍ഥികളെയും ഹിന്ദു ഭൂരിപക്ഷമുള്ള ജമ്മു മേഖലകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെയും നിര്‍ത്തിയ ഇന്ത്യ സഖ്യത്തിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രം വിജയം കണ്ടു. ഹിന്ദു ഭൂരിപക്ഷമുള്ള ജമ്മു മേഖലയില്‍ നിന്ന് പരമാവധി സീറ്റുകളില്‍ വിജയിച്ച് പിഡിപിയോടൊപ്പം സഖ്യം ചേരാമെന്നായിരുന്നു ബിജെപി തന്ത്രം. എന്നാല്‍ 2014ലെ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന മെഹ്‌ബൂബ മുഫ്‌തിയുടെ പിഡിപിക്ക് 3 സീറ്റില്‍ മാത്രമാണ് ഇത്തവണ വിജയിക്കാനായത്. 2014ലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചതാണ് കശ്‌മീരിലെ പിഡിപിയുടെ പതനത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.
Read Also: കശ്‌മീരില്‍ കനലൊരു 'തരി'; ചുവന്ന് തുടുത്ത് കുല്‍ഗാം, 5-ാം തവണയും ചെങ്കൊടി പാറിച്ച് യൂസഫ് തരിഗാമി