ശ്രീനഗര്‍: ജമ്മു കശ്‌മീരിന്‍റെ പുതിയ മുഖ്യമന്ത്രിയായി ഒമര്‍ അബ്‌ദുള്ള ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11.30 മുതലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആരംഭിക്കുക. ഒമര്‍ അബ്‌ദുള്ളയുടെ നേതൃത്വത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ്, സിപിഎം ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ 'ഇന്ത്യാ' സഖ്യത്തിന്‍റെ സര്‍ക്കാരാണ് അധികാരമേല്‍ക്കുന്നത്.
90 അംഗ നിയമസഭയില്‍ നാഷണല്‍ കോണ്‍ഫറന്‍സിന് 42 സീറ്റുകളാണ് ഉള്ളത്. കോണ്‍ഗ്രസിന് 6 സീറ്റും സിപിഎമ്മിന് ഒരു സീറ്റുമുണ്ട്. ഇവരുടെ പിന്തുണയോടുകൂടിയാണ് ഒമര്‍ അബ്‌ദുള്ളയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നത്. പ്രധാനപ്പെട്ട വകുപ്പുകളുടെ ചുമതല നാഷണല്‍ കോണ്‍ഫറന്‍സിനായിരിക്കും. ആറു സീറ്റുള്ള കോണ്‍ഗ്രസിനും മന്ത്രിസഭയില്‍ ഇടംനല്‍കും. സിപിഎമ്മിന്‍റെ ഏക അംഗം യൂസഫ് തരിഗാമിയും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാൻ 'ഇന്ത്യാ' സഖ്യത്തിലെ നേതാക്കളും കശ്‌മീരില്‍ എത്തിയിട്ടുണ്ട്. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, നാഷണലിസ്‌റ്റ് കോൺഗ്രസ് പാർട്ടിയുടെ (ശരദ് പവാർ) വർക്കിംഗ് പ്രസിഡന്‍റ് സുപ്രിയ സുലെ, സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പ്രകാശ് കാരാട്ട്, ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കനിമൊഴി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ എന്നിവരാണ് ഒമര്‍ അബ്‌ദുള്ളയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാൻ ശ്രീനഗറിലെത്തിയത്.
6 വര്‍ഷത്തെ രാഷ്ട്രപതി ഭരണം പിന്‍വലിച്ചതിന് ശേഷമാണ് കശ്‌മീരില്‍ പുതിയ സര്‍ക്കാര്‍ വരുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണത്തിന് അവസരം ഒരുക്കുന്നതിന്‍റെ ഭാഗമായാണ് രാഷ്ട്രപതി ഭരണം പിന്‍വലിച്ചത്. 2019 ഒക്ടോബര്‍ 31 നാണ് ജമ്മു കശ്‌മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഒമറിന്‍റെ രാഷ്ട്രീയ ജീവിതം
1998 ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിലാണ് ഒമര്‍ അബ്‌ദുള്ള ആദ്യമായി തന്‍റെ 28-ാം വയസില്‍ മത്സരിക്കുന്നത്. അക്കാലത്തെ വാണിജ്യ വ്യവസായ വകുപ്പ് മന്ത്രിയായി (MoS) ഒമര്‍ അബ്‌ദുള്ളയെ നിയമിച്ചു. പിന്നീട് അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള സർക്കാരിൽ വിദേശകാര്യ സഹമന്ത്രിയായി സേവനമനുഷ്‌ഠിച്ചു.
2002 ൽ ഒമർ തന്‍റെ ആദ്യ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചു. അന്ന് പിഡിപി സ്ഥാനാർത്ഥി ഖാസി അഫ്‌സലിനോട് ഗന്ദർബാലിൽ തോല്‍വി വഴങ്ങി. ആ വർഷം പിഡിപിയും കോൺഗ്രസും ചേർന്ന് സർക്കാർ രൂപീകരിച്ചു. പിന്നീട് 2008 ൽ ഗന്ദർബാലിൽ നിന്ന് വിജയിച്ച ഒമർ, കോൺഗ്രസ് പിന്തുണയോടെ മുഖ്യമന്ത്രിയായി.
2014 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സോനാവർ, ബീർവ സീറ്റുകളിൽ നിന്ന് മത്സരിച്ചെങ്കിലും സോൻവാറിൽ പിഡിപിയുടെ പുതുമുഖമായ അഷ്‌റഫ് മിറിനോട് പരാജയപ്പെട്ടു. 2015 ൽ പിഡിപിയും ബിജെപിയും ചേര്‍ന്ന കൂട്ട് 2018 ജൂണിൽ മെഹബൂബ മുഫ്‌തിക്കുള്ള പിന്തുണ ബിജെപി പിൻവലിച്ചപ്പോഴാണ് അവസാനിച്ചത്.
Read Also: ജമ്മു കശ്‌മീരില്‍ മുഖ്യമന്ത്രിയാകാൻ ഒമർ അബ്‌ദുള്ള