മുംബൈ : പേടിഎം ഉപയോക്താക്കള്‍ക്ക് പേയ്‌മെന്‍റ് പ്രവർത്തനങ്ങള്‍ തുടരാന്‍ അനുവദിച്ച് നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. എസ്ബിഐ, ആക്‌സിസ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, യെസ് ബാങ്ക് എന്നീ നാല് ബാങ്കുകളിലൂടെ യുപിഐ ഇടപാടുകൾ തുടരാനാണ് കമ്പനിക്ക് എൻപിസിഐ അനുമതി നൽകിയത്. മാർച്ച് 15 മുതല്‍ പേടിഎം പേയ്‌മെന്‍റ് ബാങ്ക് ലിമിറ്റഡ്(പിപിബിഎല്‍) നിക്ഷേപങ്ങളോ ക്രെഡിറ്റ് ഇടപാടുകളോ ടോപ്പ്-അപ്പുകളോ സ്വീകരിക്കരുതെന്ന് റിസർവ് ബാങ്ക് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കമുണ്ടാകുന്നത്.
പേടിഎം ബ്രാൻഡിന്‍റെ ഉടമയായ വണ്‍97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിന്‍റെ (ഒസിഎല്‍)കയ്യിലാണ് പേടിഎം പേയ്‌മെന്‍റ് ബാങ്ക് ലിമിറ്റഡിൽ 49 ശതമാനം ഓഹരിയും. എല്ലാ പിപിബിഎല്‍ ഉപഭോക്താക്കളോടും മാർച്ച് 15-നകം മറ്റ് ബാങ്കുകളിലേക്ക് മാറാൻ ആർബിഐ നിർദ്ദേശിച്ചിരുന്നു. പിപിബിഎല്ലിന് ഏകദേശം 30 കോടി വാലറ്റുകളും 3 കോടി ഉപഭോക്താക്കളുമാണുള്ളത്.
പേടിഎം ബാങ്കിനെതിരെ നടപടിയെടുത്തെങ്കിലും 80-85 ശതമാനം പേടിഎം വാലറ്റ് ഉപയോക്താക്കൾക്ക് ഒരു തടസ്സവും നേരിടേണ്ടി വരില്ലെന്നും ബാക്കിയുള്ള ഉപയോക്താക്കള്‍ അവരുടെ ആപ്പുകൾ മറ്റ് ബാങ്കുകളുമായി ലിങ്ക് ചെയ്യണമെന്നുമാണ് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് കഴിഞ്ഞ ആഴ്‌ച പറഞ്ഞത്.
ജനുവരി 31-ന് ആണ് ചട്ടലംഘനം ചൂണ്ടിക്കാട്ടി പേടിഎം പേയ്‌മെന്‍റ് ബാങ്കിനെതിരെ ആര്‍ബിഐ നടപടി സ്വീകരിക്കുന്നത്. ഫെബ്രുവരി 29ന് ശേഷം അക്കൗണ്ടുകൾ, വാലറ്റുകൾ, ഫാസ്‌ടാഗുകൾ എന്നിവയിലെ നിക്ഷേപങ്ങളോ ടോപ്പ്-അപ്പുകളോ സ്വീകരിക്കരുതെന്നായിരുന്നു ആർബിഐ നിർദ്ദേശം. പിന്നീട് സമയപരിധി നീട്ടി മാർച്ച് 15 വരെയാക്കി. മാർച്ച് 15-ന് മുമ്പ് മറ്റൊരു ബാങ്കിൽ നിന്ന് പുതിയ ഫാസ്‌ടാഗ് വാങ്ങാൻ പേടിഎം ഫാസ്‌ടാഗ് ഉപയോക്താക്കളോട് എൻഎച്ച്എഐ നിർദ്ദേശിച്ചിരുന്നു.
നടപടികളെ തുടർന്ന്, പ്രമോട്ടർ വിജയ് ശേഖർ ശർമ്മ കഴിഞ്ഞ മാസം പേടിഎം പേയ്‌മെന്‍റ് ബാങ്ക് ലിമിറ്റഡിന്‍റെ പാർട്ട് ടൈം നോൺ എക്‌സിക്യൂട്ടീവ് ചെയർമാൻ സ്ഥാനം ഒഴിഞ്ഞിരുന്നു. തുടര്‍ന്ന് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻ ചെയർമാൻ ശ്രീനിവാസൻ ശ്രീധർ, മുൻ ബാങ്ക് ഓഫ് ബറോഡ എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ അശോക് കുമാർ ഗാർഗ്, വിരമിച്ച രണ്ട് ഐഎഎസ് ഉദ്യോഗസ്ഥർ എന്നിവരെ ബാങ്കിന്‍റെ ബോർഡിൽ ഉൾപ്പെടുത്തി ബോര്‍ഡ് പുനസംഘടിപ്പിച്ചു.