ഗുജറാത്ത് : സൂറത്ത് ലോക്‌സഭ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയുടെ നാമ നിർദ്ദേശ പത്രിക തെരഞ്ഞെടുപ്പ് ഓഫീസർ റദ്ദാക്കി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിലേഷ് കുംഭാനിയുടെ പത്രികയാണ് റദ്ദാക്കിയത്. സാക്ഷികളുടെ ഒപ്പ് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
കോൺഗ്രസ് സ്ഥാനാർഥി നിലേഷ് കുംഭാനിയുടെയും അദ്ദേഹത്തിന്‍റെ ഡമ്മി സ്ഥാനാർഥി സുരേഷ് പദ്‌ശാലയുടെയും നാമനിർദ്ദേശ പത്രികയിൽ സാക്ഷികളാവരുടെ ഒപ്പുകൾ വ്യാജമാണെന്ന് കണ്ടെത്തിയതായി കലക്‌ടർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
നിലേഷ് കുംഭാനിയെ നാമനിർദേശം ചെയ്യുന്ന സമയത്ത് ഒപ്പിട്ട മൂന്ന് പേരും സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് തെരഞ്ഞെടുപ്പ് ഓഫീസർ ഡോ സൗരഭ് പർധി പറഞ്ഞു. ഇതിന് പുറമെ നിലേഷ് കുംഭാനി നാമനിർദ്ദേശ പത്രികയിൽ നൽകിയ ഒപ്പ് തെറ്റാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
നിലേഷ് കുംഭാനിയുടെയും ഡമ്മി സ്ഥാനാർഥി സുരേഷ് പദ്‌ശാലയുടെയും സ്ഥാനാർത്ഥിത്വം റദ്ദാക്കിയതോടെ സൂറത്ത് ലോക്‌സഭ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് സ്ഥാനാർഥികളില്ലാതായി. അതേസമയം ഗുജറാത്തിലെ 26 സീറ്റുകളിലേക്കും മെയ് 7- ന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക.