ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പിന് പിന്നാലെ എൻഡിഎയും ഇന്ത്യാസഖ്യവും നടത്തുന്ന യോഗങ്ങളില്‍ പങ്കെടുക്കാന്‍ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും മുഖ്യ എതിരാളിയായ ആർജെഡി നേതാവ് തേജസ്വി യാദവും ഡല്‍ഹിയിലേക്ക് പുറപ്പെട്ടത് ഒരേ വിമാനത്തില്‍. പട്‌ന വിമാനത്താവളത്തിൽ നിന്നാണ് ഇരുവരും ഡല്‍ഹിയിലേക്ക് തിരിച്ചത്.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇന്ത്യാസഖ്യം തീര്‍ച്ചയായും ശ്രമിക്കുമെന്നാണ് തേജസ്വി യാദവ് ഡൽഹിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. 'ആർജെഡി പാർലമെൻ്റിലെ സീറ്റുകളുടെ എണ്ണം വർധിപ്പിക്കുകയും ഒരു കോടിയിലധികം വോട്ടുകൾ നേടുകയും ചെയ്‌തു. ഞങ്ങളുടെ പ്രകടനം വളരെ മികച്ചതായിരുന്നു. ഇന്ത്യാസഖ്യത്തിന് ഭഗവാന്‍ രാമന്‍റെ അനുഗ്രഹം ലഭിച്ചു. മോദി ഫാക്‌ടര്‍ പൂര്‍ണമായും ഇല്ലാതായെന്ന് ഇപ്പോള്‍ വ്യക്തമായി. ഭൂരിപക്ഷത്തിനായി ബിജെപി ഇപ്പോള്‍ സഖ്യകക്ഷികളെ ആശ്രയിച്ചിരിക്കുകയാണ്' - തേജസ്വി യാദവ് പറഞ്ഞു.
ബിഹാറിലെ 40 ലോക്‌സഭ സീറ്റുകളിൽ 12 സീറ്റില്‍ എൻഡിഎ സഖ്യ കക്ഷിയായ ജെഡി(യു) ആണ് വിജയിച്ചത്. ബിജെപി ലോക്‌സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുന്നതിൽ പരാജയപ്പെട്ടതിനാൽ സർക്കാർ രൂപീകരിക്കാന്‍ സഖ്യ കക്ഷികളുടെ പിന്തുണ ആവശ്യമാണ്. ഇന്ത്യാസഖ്യത്തിന്‍റെ ഭാഗമായ തേജസ്വി യാദവിൻ്റെ ആർജെഡി 4 ലോക്‌സഭ സീറ്റുകളാണ് നേടിയത്.
ബിഹാറിലെ മറ്റ് എൻഡിഎ സഖ്യ കക്ഷികളായ ചിരാഗ് പസ്വാൻ്റെ ലോക് ജനശക്തി പാർട്ടി (രാം വിലാസ്), ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്കുലർ) എന്നിവർ യഥാക്രമം 5, 1 സീറ്റ് വീതവുമാണ് നേടിയത്. അതേസമയം, ചിരാഗ് പസ്വാനും പാര്‍ട്ടിയിലെ വിജയിച്ച എംപിമാരും ഇന്ന് രാവിലെ നിതീഷ് കുമാറിനെ വിളിച്ച് അഭിനന്ദനം അറിയിക്കുകയും അനുഗ്രഹം തേടുകയും ചെയ്‌തിരുന്നു.