ന്യൂഡൽഹി : നിതി ആയോഗിന്‍റെ ഒമ്പതാമത് ഗവേണിങ് കൗൺസിൽ യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്ന് (ജൂലൈ 27) ചേരും. 2047 ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കുക എന്നതായിരിക്കും രാഷ്ട്രപതി ഭവൻ കൾച്ചറൽ സെന്‍ററില്‍ വച്ച് നടക്കുന്ന യോഗത്തിന്‍റെ മുഖ്യ അജണ്ട. പ്രധാനമന്ത്രിയെ കൂടാതെ, എല്ലാ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ലെഫ്റ്റനൻ്റ് ഗവർണർമാരും, കേന്ദ്ര മന്ത്രിമാരും, എക്‌സ് ഒഫീഷ്യോ അംഗങ്ങളും മറ്റ് അതിഥികളും യോഗത്തില്‍ പങ്കെടുക്കും.
കേരളം, തമിഴ്‌നാട്, പഞ്ചാബ്, ഡൽഹി സർക്കാരുകള്‍ യോഗം ബഹിഷ്‌കരിച്ചതായി അറിയിച്ചു. എന്നാല്‍ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി യോഗത്തില്‍ പങ്കെടുക്കും. 'വികസിത് ഭാരത്@2047' എന്നതാണ് നിതി ആയോഗിൻ്റെ ഈ വർഷത്തെ പ്രമേയം.
കേന്ദ്രവും സംസ്ഥാന സർക്കാരുകളും തമ്മിലുള്ള പങ്കാളിത്തവും സഹകരണവും വര്‍ധിപ്പിക്കുക, ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുക എന്നതാണ് യോഗത്തിന്‍റെ പ്രധാന ലക്ഷ്യങ്ങള്‍. വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നതിനുളള സംസ്ഥാനങ്ങളുടെ പങ്കിനെക്കുറിച്ചും യോഗത്തിൽ ചർച്ച നടക്കും. 2023 ഡിസംബറില്‍ നടന്ന ചീഫ് സെക്രട്ടറിമാരുടെ മൂന്നാം ദേശീയ സമ്മേളനത്തിൽ അവതരിപ്പിച്ച ശുപാർശകളും നിതി ആയോഗിൻ്റെ ഗവേണിങ് കൗൺസിൽ യോഗത്തില്‍ ചർച്ച ചെയ്യും.
ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി വളരാനുളള പാതയിലാണ് ഇന്ത്യ. 2047 ഓടെ 30 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയി ഇന്ത്യയെ മാറ്റുക എന്നതാണ് ലക്ഷ്യമിടുന്നത്.
Also Read: നിതി ആയോഗ് പുനഃസംഘടിപ്പിച്ച് കേന്ദ്രം; ചെയർപേഴ്‌സണായി പ്രധാനമന്ത്രി തുടരും