ന്യൂഡൽഹി : രണ്ടാം മോദി സർക്കാരിന്‍റെ അവസാന ബജറ്റ് അവതരണത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. രാവിലെ 11 മണിക്ക് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണം തുടങ്ങും. സ്വതന്ത്ര ഇന്ത്യയുടെ 92-ാം ബജറ്റാകും ഇത്. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ഇടക്കാല ബജറ്റാണ് ഇന്നത്തേത് എന്ന പ്രത്യേകത കൂടിയുണ്ട്. ഈ മെയ് മാസം രണ്ടാം മോദി സര്‍ക്കാരിന്‍റെ കാലാവധി തീരുന്നതിനാലാണ് ഇടക്കാല ബജറ്റ് അവതരണം. പുതിയ സർക്കാർ അധികാരമേറ്റശേഷം അവരാകും അടുത്ത സമ്പൂർണ ബജറ്റ് അവതരിപ്പിക്കുക.
നരേന്ദ്ര മോദി പ്രധാനമന്ത്രി ആയ ശേഷമുള്ള 10-ാം ബജറ്റാണിത്. നിർമല സീതാരാമൻ അവതരിപ്പിക്കുന്ന ആറാമത്തെ ബജറ്റും. മോദിയുടെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാമത്തെ ഇടക്കാല ബജറ്റുകൂടിയാണിത്. 2019 ൽ ഒന്നാം മോദി സർക്കാരും ഇടക്കാല ബജറ്റ് അവതരിപ്പിച്ചിരുന്നു.
അന്ന് ഇടക്കാല ബജറ്റ് അവതരിപ്പിച്ച അന്നത്തെ ധനമന്ത്രി പീയൂഷ് ഗോയല്‍ വലിയ പ്രഖ്യാപനങ്ങളാണ് നടത്തിയത്. ഇന്ന് ബിജെപി സര്‍ക്കാര്‍ പ്രധാന നേട്ടങ്ങളിലൊന്നായി ഉയര്‍ത്തിക്കാട്ടുന്ന, കർഷകർക്ക് 6000 രൂപ അക്കൗണ്ടിലേക്ക് നൽകുന്ന പദ്ധതിയായ കിസാന്‍ സമ്മാന്‍ നിധി പ്രഖ്യാപിക്കപ്പെട്ടത് ഈ ഇടക്കാല ബജറ്റിലാണ്. സ്‌റ്റാന്‍ഡേഡ് ഡിഡക്‌ഷന്‍ 40,000 രൂപയില്‍നിന്ന് 50,000 ആക്കിയതും ഈ ബജറ്റിലായിരുന്നു.
ഇത്തവണത്തെ ഇടക്കാല ബജറ്റില്‍ വലിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ലെന്ന് നിര്‍മല സീതാരാമന്‍ നേരത്തെ പറഞ്ഞിരുന്നു. പുതിയ സർക്കാർ അധികാരമേൽക്കുന്നതുവരെയുള്ള നടപടിക്രമം മാത്രമായിരിക്കും ബജറ്റെന്ന് ധനമന്ത്രി ഇതിനോടകം സൂചിപ്പിച്ചിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ചില പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നുതന്നെയാണ് സാമ്പത്തിക വിദഗ്‌ധരുടെ അനുമാനം.
Also Read: ഇടക്കാല ബജറ്റ് നാളെ; ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി ആരാണെന്നറിയാമോ?
ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപദി മുര്‍മുവും നാരീശക്തിയെപ്പറ്റി ഊന്നിപ്പറഞ്ഞിരുന്നു. അതിനാൽ സര്‍ക്കാര്‍ വനിതകളെ ലക്ഷ്യമിട്ട് എന്തെങ്കിലും പദ്ധതി കരുതിവച്ചിട്ടുണ്ടാകുമെന്നാണ് പ്രതീക്ഷ. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിലുള്ള വനിതാ കർഷകർക്ക് സഹായം വർധിപ്പിക്കുമെന്ന റിപ്പോർട്ടുകളടക്കമുണ്ട്. ആദായ നികുതിയിലടക്കം ഇളവുകളും കര്‍ഷകര്‍ക്കുമുളള സഹായവും ബജറ്റിലുണ്ടാകാൻ സാധ്യതയുണ്ട്.