ശ്രീനഗർ: കശ്‌മീരിൽ അടുത്ത മൂന്ന് ദിവസം ശീത തരംഗം പ്രവചിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ പല സ്ഥലങ്ങളിലും താപനില കുറഞ്ഞിട്ടുണ്ട്. ശ്രീനഗറിൽ മൈനസ് 4.6 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കഴിഞ്ഞ രാത്രിയെ അപേക്ഷിച്ച് താപനില രണ്ട് സെൽഷ്യസ് കുറവാണ്. ഗുൽമാർഗിൽ മൈനസ് 7.6 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. അമർനാഥ് യാത്രയുടെ ബേസ് ക്യാമ്പായി പ്രവർത്തിക്കുന്ന പഹൽഗാമിൽ മൈനസ് 8.4 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. താഴ്വരയിലെ ഏറ്റവും തണുപ്പുള്ള നഗരമാണിത്.
കശ്‌മീരിലേക്കുള്ള പ്രവേശന കവാടമായ ഖാസിഗണ്ടിലെ ഏറ്റവും കുറഞ്ഞ താപനില മൈനസ് 5.6 ഡിഗ്രി സെൽഷ്യസും വടക്കൻ കശ്‌മീരിലെ കുപ്‌വാരയിൽ മൈനസ് 4.7 ഡിഗ്രിയും തെക്കൻ കശ്‌മീരിലെ കോക്കർനാഗിൽ മൈനസ് 4.2 ഡിഗ്രിയുമാണ്.
ഡിസംബർ 21വരെ പ്രധാനമായും വരണ്ട കാലാവസ്ഥയായിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ പ്രവചനം. എന്നാൽ താഴ്‌വരയിലെ താപനില ഇനിയും കുറയുമെന്നും അടുത്ത മൂന്ന് ദിവസങ്ങളിൽ പല സ്റ്റേഷനുകളിലും ശീത തരംഗം ഉണ്ടാകുമെന്നുമാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.