ബെംഗളുരു: രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ മുസാവിര്‍ ഹുസൈന്‍ ഷാസിബ് മുഖ്യപ്രതിയെന്ന് ദേശീയ അന്വേഷണ ഏജന്‍സി. അബ്‌ദുള്‍ മത്തീന്‍ താഹ മുഖ്യ ആസൂത്രകനെന്നും എന്‍ഐഎ ഇന്ന് പുറത്ത് വിട്ട വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. ഇരുവരും കര്‍ണാടകയിലെ ശിവമോഗ ജില്ലയിലെ തീര്‍ത്ഥഹള്ളി സ്വദേശികളാണ്.
ഒളിവിലുള്ള ഇരുവരെയും കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കര്‍ണാടകയിലെ പതിനെട്ട് ഇടങ്ങളില്‍ ഇതിനകം തെരച്ചില്‍ നടത്തിക്കഴിഞ്ഞു. ഇതിന് പുറമെ തമിഴ്‌നാട്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും തെരച്ചില്‍ നടത്തി. ഇരുവരെയും കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ ഇനാം നല്‍കുമെന്ന് നേരത്തെ തന്നെ എന്‍ഐഎ പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുവരുടെയും വിവരങ്ങള്‍ക്കായി ഇവരുടെ ബന്ധുക്കളെയും സ്‌കൂള്‍, കോളജ് കാലത്തെ സുഹൃത്തുക്കളെയും അടക്കം ചോദ്യം ചെയ്‌തു.
അറസ്‌റ്റിലായ മുസമില്‍ ഷെരീഫിന്‍റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്‌തിരുന്നു. ചിക്കമംഗളുരുവിലെ ഖല്‍സ സ്വദേശിയാണിയാള്‍. ഇയാളാണ് സാങ്കേതിക സഹായങ്ങള്‍ നല്‍കിയതെന്നാണ് എന്‍ഐഎയുടെ വിശദീകരണം. ഇയാളെ കഴിഞ്ഞ മാസം 26നാണ് അറസ്‌റ്റ് ചെയ്‌തത്. പൊലീസ് കസ്‌റ്റഡിയിലുള്ള ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
അറസ്‌റ്റ് ചെയ്‌ത ആളിന്‍റെയും അറസ്‌റ്റ് ചെയ്യാനുള്ളവരുടെയും കാര്യത്തില്‍ എല്ലാവരുടെയും സഹകരണവും എന്‍ഐഎ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതൊരു ഭീകരാക്രമണമാണ്. ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ താല്‍പര്യമുള്ളവര്‍ മുന്നോട്ട് വരണമെന്നും എന്‍ഐഎ ആവശ്യപ്പെട്ടു. സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ നല്‍കുന്നത് ഫലപ്രദമായ അന്വേഷണത്തെ ബാധിക്കുമെന്നും എന്‍ഐഎ ചൂണ്ടിക്കാട്ടി.