ന്യൂഡൽഹി : ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് കേന്ദ്ര സർക്കാർ ആം ആദ്‌മി പാർട്ടിക്ക് പുതിയ ഓഫിസിനായുള്ള സ്ഥലം അനുവദിച്ചു. ബംഗ്ലാവ് നമ്പർ 1, രവിശങ്കർ ശുക്ല ലെയ്‌ൻ, ന്യൂഡൽഹി ആയിരിക്കും ആം ആദ്‌മി പാർട്ടി ആസ്ഥാനത്തിന്‍റെ പുതിയ വിലാസമെന്ന് പാർട്ടി അറിയിച്ചു. ആം ആദ്‌മി പാർട്ടിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ഋഷികേശ് കുമാർ, ജൂൺ 5 ന് പാർട്ടിയെ പിന്തുണച്ച് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിട്ടുണ്ടെന്നും സ്ഥലം എഎപിക്ക് അനുവദിക്കണമെന്നും പറഞ്ഞു.
'ജൂൺ 5 ന്, ഹൈക്കോടതി ഞങ്ങൾക്ക് അനുകൂലമായ വിധി പുറപ്പെടുവിക്കുകയും ആം ആദ്‌മി പാർട്ടിക്ക് സ്ഥലം നൽകണമെന്ന് പറയുകയും ചെയ്‌തു. ജൂലൈ 17 ന് അവസാനിച്ച ആറാഴ്‌ചത്തെ സമയപരിധി ഉണ്ടായിരുന്നു. ജൂലൈ 16 ന് കേന്ദ്ര സർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടു. കോടതി അവരുടെ അപേക്ഷ നിരസിക്കുകയും ജൂലൈ 25-നകം അലോട്ട്മെന്‍റ് നൽകണമെന്ന് യൂണിയനോട് ആവശ്യപ്പെടുകയും ചെയ്‌തു' -അഭിഭാഷകൻ ഋഷികേശ് കുമാർ പറഞ്ഞു.
'കോടതി നിർദേശങ്ങൾ പാലിച്ചാണ് യൂണിയൻ ഞങ്ങൾക്ക് അലോട്ട്മെന്‍റ് വാഗ്‌ദാനം ചെയ്‌തത്. പാർട്ടി സംഘം സ്ഥലം പരിശോധിച്ച് വരികയാണ്. അതിനുശേഷം തുടർനടപടികൾ തീരുമാനിക്കുമെ'ന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹി മന്ത്രിയും ആം ആദ്‌മി പാർട്ടി നേതാവുമായ സൗരഭ് ഭരദ്വാജ് മാധ്യമങ്ങളോട് പറഞ്ഞു. 'എഎപിയെ ഓഫിസിൽ നിന്ന് പുറത്താക്കി തെരുവിലേക്ക് തള്ളാനുള്ള ശ്രമങ്ങൾ നടക്കുന്നു, അത് ചവിട്ടിമെതിച്ച് അവസാനിപ്പിക്കണം. ഇത് രാഷ്‌ട്രീയത്തിലെ പൊതു മര്യാദയാണ്. പാർട്ടിക്ക് ഒരു ഓഫിസ് അനുവദിക്കുക.
നിർഭാഗ്യവശാൽ, ഇതിന് പോലും കോടതിയെ സമീപിക്കേണ്ടിവരുന്നു. കോടതിയുടെ ആവർത്തിച്ചുള്ള നിർദേശങ്ങളോടെ, എഎപിക്ക് ഓഫിസ് അനുവദിക്കാൻ കേന്ദ്രം നിർബന്ധിതരായത് ഞങ്ങൾ സ്വാഗതം ചെയ്യുന്നു. പക്ഷേ ഇത് നിർഭാഗ്യകരമാണ്, ഞങ്ങൾ കോടതിയെ സമീപിക്കുന്നതിന് മുമ്പ് അവർ ഓഫിസ് അനുവദിക്കേണ്ടതായിരുന്നു.
പാർട്ടിയുടെ ആസ്ഥാനം നിലവിൽ റോസ് അവന്യൂ ഏരിയയിലാണ് പ്രവർത്തിക്കുന്നത്, 2015 ൽ പാർട്ടി പൂർണ ഭൂരിപക്ഷത്തോടെ ഡൽഹി സർക്കാർ രൂപീകരിച്ചതിന് ശേഷം ഇത് അനുവദിച്ചു. മുമ്പ്, ദേശീയ തലസ്ഥാനത്തെ പട്ടേൽ നഗറിലും കൊണാട്ട് പ്ലേസിലും വാടകയ്ക്ക് എടുത്ത സ്ഥലങ്ങളിലായിരുന്നു പാർട്ടിയുടെ ആസ്ഥാനം' എന്ന് അദ്ദേഹം പറഞ്ഞു.