പാറ്റ്ന : നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവിന്‍റെ സഹായി കസ്റ്റഡിയില്‍. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അറസ്റ്റിലായ അനുരാഗ് യാദവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയാണ് തേജസ്വിയുടെ പി എ പ്രീതം കുമാറിനെ പിടികൂടിയത്. ബീഹാര്‍ പോലീസിന്‍റെ ഇക്കണോമിക് ഒഫന്‍സ് വിങ്ങ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. അനുരാഗ് യാദവിന് താമസിക്കാന്‍ ഇന്‍സ്പെക്ഷന്‍ ഗസ്റ്റ് ഹൗസില്‍ സൗകര്യം ഒരുക്കിയത് പ്രീതം കുമാറാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പേപ്പര്‍ ചോര്‍ച്ചയില്‍ പ്രീതം കുമാറിന് ഇതില്‍ക്കവിഞ്ഞ ബന്ധമുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്. ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരങ്ങളുമായി എക്കണോമിക് ഒഫന്‍സ് വിങ്ങ് മേധാവി ഡല്‍ഹിക്ക് തിരിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങള്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അന്വേഷണ സംഘത്തിന് കൈമാറും.
അതേ സമയം ചോദ്യപേപ്പര്‍ ചോര്‍ച്ചയിലെ മുഖ്യ സൂത്രധാരന്‍ സഞ്ജീവ് മുഖിയക്ക് വേണ്ടിയുള്ള തെരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കി. ചോദ്യപേപ്പര്‍ ചോര്‍ത്തല്‍ സംഘത്തിലുണ്ടെന്ന് കരുതുന്ന നിതീഷ് പട്ടേല്‍, റോക്കി, ചിന്‍റു, പിന്‍റു എന്നിവര്‍ക്കു വേണ്ടിയും തെരച്ചില്‍ തുടരുകയാണ്.
ബീഹാറിലെ പരീക്ഷാ മാഫിയയുമായി ബന്ധപ്പെട്ട മറ്റ് രണ്ട് പേര്‍ക്കും നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പങ്കുള്ളതായി സ്ഥിരീകരിക്കാത്ത വിവരം പുറത്തു വരുന്നുണ്ട്. വൈശാലി സ്വദേശികളായ രണ്ടു പേരാണ് ഈ മാഫിയയുടെ ഭാഗമായി പ്രവൃത്തിച്ചതെന്നാണ് സൂചന. രാജസ്ഥാനിലെ കോട്ടയിലെ പ്രശസ്തമായ കോച്ചിങ്ങ് സ്ഥാപനത്തില്‍ നീറ്റ് പരിശീലനം തേടിക്കൊണ്ടിരുന്ന അനുരാഗ് യാദവാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ആദ്യം പിടിയിലായത്. തനിക്ക് അമ്മാവന്‍ സിക്കന്ദര്‍ യാദവേന്ദുവില്‍ വഴിയാണ് പരീക്ഷാ പേപ്പര്‍ ലഭിച്ചതെന്നാണ് അനുരാഗ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്.
ഡിവൈ പാട്ടീല്‍ സ്കൂളിലെ സെന്‍ററില്‍ നീറ്റ് പരീക്ഷ എഴുതുന്നതിന് തൊട്ടു തലേന്നാളാണ് അനുരാഗിന് ചോദ്യപേപ്പര്‍ ചോര്‍ന്നു കിട്ടുന്നത്. കോട്ടയില്‍ നിന്ന് എത്തിയ തന്നെ അമ്മാവന്‍ അമിത് ആനന്ദ്, നിതീഷ് കുമാര്‍ എന്നിവരുടെ അടുത്തേക്ക് കൊണ്ടു പോവുകയായിരുന്നു. അവിടെ വെച്ചാണ് നീറ്റ് ചോദ്യപേപ്പറും ഉത്തരക്കടലാസും നല്‍കിയതെന്നും അനുരാഗ് സമ്മതിച്ചു. ഇത് ഒറ്റ രാത്രി കൊണ്ട് മനപാഠമാക്കാന്‍ പരിശ്രമിച്ചിരുന്നതായും അനുരാഗ് പറഞ്ഞു.
എന്നാല്‍ ഏറെയൊന്നും ഓര്‍ത്തു വെക്കാന്‍ അനുരാഗ് യാദവിന് കഴിഞ്ഞില്ലെന്നാണ് ഉത്തരക്കടലാസില്‍ നിന്ന് വ്യക്തമാകുന്നത്. ആകെ 72 ല്‍ 185 മാര്‍ക്കാണ് അനുരാഗിന് കിട്ടിയത്. പെര്‍സന്‍റൈല്‍ സ്കോര്‍ 54.84 മാത്രം. ഫിസിക്സിന് 85.8 ശതമാനം മാര്‍ക്ക് കിട്ടിയ അനുരാഗ് കെമിസ്ട്രിയില്‍ നേടിയത് വെറും 5 ശതമാനം മാര്‍ക്കാണ്.ബയോളജിയില്‍ 51 ശതമാനവും. ചോര്‍ത്തി നല്‍കിയ ചോദ്യപേപ്പറിന് ഓരോ വിദ്യാര്‍ത്ഥിയും 30-32 ലക്ഷം രൂപ നല്‍കണമെന്ന് അമിത് ആനന്ദും നിതീഷ് കുമാറും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സിക്കന്ദര്‍ യാദവേന്ദു ഇത് നാല്‍പ്പത് ലക്ഷമാക്കി. അനുരാഗിന് പുറമേ ചോദ്യപേപ്പര്‍ ചോര്‍ന്നു കിട്ടിയ ഒ ബി സി വിഭാഗക്കാരായ 3 വിദ്യാര്‍ത്ഥികളേയും അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്.
വൈശാലി സ്വദേശികളായ രണ്ടു പേരുടെ സഹായത്തോടെയാണ് അമിത് ആനന്ദും നിതീഷ് കുമാറും ചോദ്യപേപ്പര്‍ ചോര്‍ത്തിയതെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഏറെക്കാലമായി മഹാരാഷ്ട്രയില്‍ കഴിയുന്ന അതുല്‍ വത്സ്, അന്‍ഷുല്‍ സിങ്ങ് എന്നിവരുടെ പങ്കാണ് ഇപ്പോള്‍ സംഘം അന്വേഷിക്കുന്നത്.
Also Read: നീറ്റ് ചോദ്യ പേപ്പർ ചോർച്ച: ബിഹാറിൽ 9 പേരെ ചോദ്യം ചെയ്യും