ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിന് പിന്നാലെ തലസ്ഥാനത്ത് ചേര്‍ന്ന എന്‍ഡിഎ യോഗം അവസാനിച്ചു. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു യോഗം. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിക്കാന്‍ യോഗത്തില്‍ ധാരണയായി.
യോഗത്തിന് പിന്നാലെ എന്‍ഡിഎ നേതാക്കള്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിനെ കാണും. രാത്രി 7.30നാകും നേതാക്കള്‍ രാഷ്‌ട്രപതിയുമായി കൂടിക്കാഴ്‌ച നടത്തുക. സര്‍ക്കാര്‍ രൂപീകരണത്തിന് പിന്തുണ അറിയിച്ച് രാഷ്‌ട്രപതിക്ക് നേതാക്കള്‍ കത്ത് നല്‍കും.
ടിഡിപിയും (തെലുഗു ദേശം പാര്‍ട്ടി) ജെഡിയുവും എന്‍ഡിഎയ്‌ക്കൊപ്പമുണ്ട്. ഇരു പാര്‍ട്ടികളെയും പ്രതിനിധീകരിച്ച് ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും യോഗത്തില്‍ പങ്കെടുത്തു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല.
എന്‍ഡിഎയ്‌ക്ക് 293ഉം ഇന്ത്യ മുന്നണിക്ക് 232 സീറ്റുകളുമാണ് ലഭിച്ചത്. കഴിഞ്ഞ തവണ 303 സീറ്റുകള്‍ ബിജെപിക്കുണ്ടായിരുന്നു. അതേസമയം കോണ്‍ഗ്രസിന് ഇത്തവണ 99 സീറ്റുകള്‍ ലഭിച്ചു.
മുന്‍ വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് കോണ്‍ഗ്രസ് നിരവധി മണ്ഡലങ്ങളില്‍ മികച്ച പ്രകടനം കാഴ്‌ചവച്ചു. ഇന്നലെയാണ്, രാജ്യത്തെ 542 ലോക്‌സഭ മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പിന്‍റെ ഫലം പുറത്തുവന്നത്. ജൂണ്‍ 8ന് പുതിയ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ നടക്കും.
Also Read: ഡല്‍ഹിയിലേക്ക് ഒരേ വിമാനത്തില്‍, അടുത്തടുത്ത് നിതീഷ് കുമാറും തേജസ്വി യാദവും ; ആകാശ സസ്‌പെന്‍സ്
അതേസമയം ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്‌ട്രപതിക്ക് രാജിക്കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് എന്‍ഡിഎ യോഗം ചേര്‍ന്നത്. കാവല്‍ മന്ത്രിസഭ തുടരണമെന്ന് രാജിക്കത്ത് നല്‍കവേ അദ്ദേഹം രാഷ്‌ട്രപതിക്ക് നിര്‍ദേശം നല്‍കി.