കണ്ണൂര്‍: വാഗ്‌ദാനങ്ങളും വികസന നേട്ടങ്ങളും ഉയര്‍ത്തിക്കാട്ടി മാഹിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി എ നമശ്ശിവായത്തിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണം. നരേന്ദ്ര മോദി സര്‍ക്കാരിന്‍റെയും പുതുച്ചേരി സര്‍ക്കാരിന്‍റെയും നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും മാഹിയുടെ വികസനത്തിന് നാഴികക്കല്ലാകുന്ന ജിപ്‌മര്‍ മെഡിക്കല്‍ കോളേജിന്‍റെ യൂണിറ്റ് സ്ഥാപിക്കുമെന്ന പ്രഖ്യാപനവും നടത്തിയായിരുന്നു എന്‍ഡിഎയുടെ പ്രചാരണം. ഉടന്‍ തന്നെ അതിനായുള്ള നടപടികള്‍ ആരംഭിക്കുമെന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും പുതുച്ചേരി ആഭ്യന്തര മന്ത്രിയുമായ എന്‍.നമശ്ശിവായം ഉറപ്പ് നല്‍കി.
മാഹി മത്സ്യബന്ധന തുറമുഖം, പുഴയോര നടപ്പാത, ട്രോമ കെയര്‍ സെന്‍റര്‍ എന്നിവ പൂര്‍ത്തിയാക്കുമെന്നും മാഹി ആശുപത്രിയുടെ നിലവാരം മെച്ചപ്പെടുത്താന്‍ കൂടുതല്‍ ഡോക്‌ടര്‍മാരേയും നഴ്‌സുമാരേയും നിയമിക്കുമെന്നും അദ്ധ്യാപക ക്ഷാമം പരിഹരിക്കുമെന്നും സ്ഥാനാര്‍ത്ഥി തന്നെ ഉറപ്പ് നല്‍കി.
ഏറെക്കാലമായി വികസന മുരടിപ്പ് നേരിടുന്ന മാഹിയിലെ പ്രശ്‌നങ്ങളില്‍ ഊന്നിയായിരുന്നു എന്‍ഡിഎ യുടെ പ്രകടനം. പുതുച്ചേരി മുഖ്യമന്ത്രി എന്‍. രംഗസ്വാമിക്കൊപ്പം റോഡ് ഷോ നടത്തിയായിരുന്നു പ്രചാരണം. പുതുച്ചേരിയില്‍ നിന്ന് എത്തിയ നേതാക്കള്‍ക്കൊപ്പം നമശ്ശിവായം വിവിധ കേന്ദ്രങ്ങളില്‍ വോട്ടര്‍മാരെ കണ്ടു. മാഹിയെ സമഗ്ര വികസനത്തിലേക്ക് നയിക്കുമെന്ന് മുഖ്യമന്ത്രി രംഗസാമിയും ഉറപ്പു നല്‍കി. മുഖ്യമന്ത്രിക്കും സ്ഥാനാര്‍ത്ഥിക്കുമൊപ്പം ബൈക്കുകളിലും മറ്റ് വാഹനങ്ങളിലുമായി എന്‍ഡിഎ യുടെ പ്രവര്‍ത്തകരും റോഡ്‌ഷോയില്‍ അണിചേര്‍ന്നു.
കഴിഞ്ഞ ദിവസം ഇന്ത്യാ മുന്നണി സ്ഥാനാര്‍ത്ഥി വി. വൈത്തിലിംഗം മാഹിയില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മറുപടി എന്ന നിലയിലാണ് എന്‍ഡിഎ യുടെ റോഡ് ഷോ അരങ്ങേറിയത്. പൂഴിത്തലയില്‍ നിന്ന് ആരംഭിച്ച് വളവില്‍ മാഹി മുനിസിപ്പല്‍ മൈതാനം, ചെമ്പ്ര, ഈസ്റ്റ് പള്ളൂര്‍, പന്തക്കല്‍, മൂലക്കടവ് എന്നിവിടങ്ങളില്‍ പര്യടനം നടത്തിയ ശേഷം ഇരട്ട പിലാക്കൂലില്‍ റോഡ് ഷോ സമാപിച്ചു. പുതുച്ചേരി എംഎല്‍എ കെ. വെങ്കിടേഷ്, മാഹി പ്രഭാരി രവിചന്ദ്രന്‍ എന്നിവരും പങ്കെടുത്തു.