ചണ്ഡീഗഡ്: ഹരിയാന മുഖ്യമന്ത്രിയായി നയാബ് സിങ് സെയ്‌നി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. പഞ്ച്കുലയിൽ രാവിലെ 10 മണിക്ക് സെക്‌ടര്‍ 5 ലെ ദസറ ഗ്രൗണ്ടിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവരും, ബിജെപിയിലെ മുതിർന്ന നേതാക്കളും, എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കും.
സംസ്ഥാനത്തെ പ്രധാന വോട്ട് ബാങ്കായ മറ്റ് പിന്നാക്ക വിഭാഗങ്ങളിൽ (ഒബിസി) നിന്നുള്ളയാളാണ് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്ന നയാബ് സിങ് സെയ്‌നി. മാര്‍ച്ചില്‍ മനോഹര്‍ ലാല്‍ ഖട്ടറിന്‍റെ പിന്മുറക്കാരാനായിയാണ് സെയ്‌നി എത്തിയത്. പുതിയ സര്‍ക്കാരിലെ ഹരിയാന മുഖ്യമന്ത്രിയായി നയാബ് സെയ്‌നിയെ കഴിഞ്ഞ ദിവസം ഐകകണ്‌ഠേന ബിജെപി തെരഞ്ഞെടുത്തിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
പത്തില്‍ എട്ടു മന്ത്രിമാരും തോറ്റു, ഇനി പുതുമുഖങ്ങള്‍:
നയാബ് സെയ്‌നി സര്‍ക്കാരിലെ മറ്റ് മന്ത്രമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിസ്ഥാനത്തേക്ക് നിരവധി പുതുമുഖങ്ങള്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. മുൻ സെയ്‌നി സർക്കാരിലെ പത്തിൽ എട്ടു മന്ത്രിമാരും തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെയാണ് പുതുമുഖങ്ങളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താൻ ബിജെപി തീരുമാനിച്ചത്.
അന്തരിച്ച ബൻസി ലാലിന്‍റെ ചെറുമകൾ ശ്രുതി ചൗധരി മന്ത്രിസഭയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ ഹരിയാന മന്ത്രിസഭയിൽ അനിൽ വിജ്, കൃഷൻ ലാൽ മിധ, അരവിന്ദ് കുമാർ ശർമ്മ, വിപുൽ ഗോയൽ, നിഖിൽ മദൻ എന്നിവർ ഉൾപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ള മുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ, മുതിർന്ന പാർട്ടി നേതാക്കൾ എന്നിവരുൾപ്പെടെ ഒരുലക്ഷത്തോളം പേർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. 90 അംഗ നിയമസഭയിൽ 48 എംഎൽഎമാരുമായി ഹരിയാനയിൽ ബിജെപി തുടർച്ചയായ മൂന്നാം സർക്കാരാണ് രൂപീകരിക്കാൻ പോകുന്നത്. ഹരിയാനയിലെ മൂന്ന് സ്വതന്ത്ര എംഎൽഎമാരായ ദേവേന്ദർ കദ്യാൻ, രാജേഷ് ജൂൺ, സാവിത്രി ജിൻഡാൽ എന്നിവരും ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വിജയം ഉറപ്പിച്ച് ലഡു വിതരണം ചെയ്‌തു, കോണ്‍ഗ്രസിനെ 'കൈ'വിട്ട ഹരിയാന:
ഒക്‌ടോബര്‍ 8 ന് ഹരിയാന തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോള്‍ ആദ്യ ഘട്ടത്തില്‍ കോണ്‍ഗ്രസ് മുന്നിലായിരുന്നു. ആകെയുള്ള 90 അംഗ നിയമസഭയില്‍ 72 ഓളം സീറ്റില്‍ കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുകയും ചെയ്‌തു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് വിജയിച്ചെന്ന് കരുതി എഐസിസി ആസ്ഥാനത്ത് ലഡു വിതരണം ചെയ്യുന്ന സ്ഥതിയും ഉണ്ടായിരുന്നു.
എന്നാല്‍ പൊടുന്നനെ തെരഞ്ഞെടുപ്പ് ഫലം മാറി മറിയുകയും ബിജെപി ലീഡ് തിരിച്ചുപിടിക്കുകയും ചെയ്‌തു. അന്തിമ ഫലം വന്നപ്പോള്‍ ബിജെപി 48 സീറ്റുകള്‍ വിജയിച്ച് ഭരണം ഉറപ്പിച്ചു. കോണ്‍ഗ്രസിന് 37 സീറ്റുകള്‍ മാത്രമാണ് നേടാനായത്. ഇതിനുപിന്നാലെ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തുകയും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും ചെയ്‌തു.