ചണ്ഡീഗഡ് : പാർട്ടിയിൽ ചേരാൻ സന്നദ്ധത അറിയിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ തന്നെ സമീപിച്ചിരുന്നതായി കോൺഗ്രസ് നേതാവ് നവ്‌ജ്യോത് സിങ് സിദ്ദു. ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങളെക്കുറിച്ചും പാർട്ടി തന്നെ സമീപിച്ചിട്ടുണ്ടോയെന്നും മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ സിദ്ദു വ്യക്തമാക്കി. കൂടാതെ അഭിമുഖത്തിന്‍റെ ഒരു ഭാഗം തന്‍റെ എക്‌സ് ഹാൻഡിലും അദ്ദേഹം പങ്കിട്ടു.
'കോൺഗ്രസിൽ ചേർത്താൽ അദ്ദേഹം ഞങ്ങളുടെ ഡെപ്യൂട്ടി ആകാൻ തയ്യാറാണെന്നും ഞങ്ങൾ ആം ആദ്‌മി പാർട്ടിയിലേക്ക് വന്നാലും അദ്ദേഹം ഡെപ്യൂട്ടി ആകാൻ തയ്യാറാണെന്നും ഭഗവന്ത് മാൻ പറഞ്ഞിരുന്നു' -കോൺഗ്രസ് നേതാവ് ആരോപിച്ചു. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയോടും പ്രിയങ്ക ഗാന്ധിയോടും താൻ പ്രതിജ്ഞാബദ്ധനാണെന്നും അവരെ വിട്ടുപോകാൻ തനിക്ക് കഴിയില്ലെന്നും മാനിനോട് പറഞ്ഞതായും സിദ്ദു അവകാശപ്പെട്ടു.
കോൺഗ്രസിൽ ചേരുന്നത് സ്വാഗതം ചെയ്യുന്നതായും ഡൽഹിയിലെ പാർട്ടി നേതൃത്വവുമായി സംസാരിക്കണമെന്നും മാനിനോട് പറഞ്ഞതായി സിദ്ദു വ്യക്തമാക്കി. ഇതിനുശേഷം കൂടുതൽ ചർച്ചകളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'പഞ്ചാബിലെ ജനങ്ങളെ സേവിക്കുക മാത്രമാണ് തന്‍റെ ലക്ഷ്യം. നേതാക്കള്‍ വിമാനങ്ങളിലും ആഢംബര വാഹനങ്ങളിലും സഞ്ചരിക്കുന്നു. എന്നാൽ കടം പഞ്ചാബികൾ അടയ്ക്കണം' -പഞ്ചാബില്‍ നേരിടുന്ന കടക്കെണിയെച്ചൊല്ലി മാനിന്‍റെ നേതൃത്വത്തിലുള്ള എഎപി സർക്കാരിനെ ലക്ഷ്യമാക്കി നവ്‌ജ്യോത് സിങ് സിദ്ദു പരാമര്‍ശിച്ചു.