ധാരാളം പ്രകൃതി ദുരന്തങ്ങളിലൂടെയാണ് പോയ കൊല്ലം രാജ്യം കടന്ന് പോയത്. വലുതും ചെറുതുമായ പല ദുരന്തങ്ങളും അഭിമുഖീകരിക്കേണ്ടി വന്നു. ധാരാളം വിലപ്പെട്ട ജീവനുകളും നമുക്ക് നഷ്‌ടമായി. അവയില്‍ പ്രധാനപ്പെട്ട ചിലത് നമുക്ക് ഓര്‍ത്തെടുക്കാം.
വെള്ളപ്പൊക്കം
അസം വെള്ളപ്പൊക്കം: ഇക്കൊല്ലം മെയ് മാസം അസമില്‍ കനത്ത മഴയാണ് പെയ്‌തത്. മഴക്കെടുതിയിൽ 117 മരണങ്ങള്‍ ഉണ്ടായെന്നാണ് ഏകദേശ കണക്ക്. 11 ജില്ലകളിലായി 349000 പേരെ വെള്ളപ്പൊക്കം ബാധിച്ചു. ധീമാജി, ദിബ്രുഗഡ്, നാഗാവ്, ഹൈയ്‌ലകണ്ടി, കാര്‍ബി-അങ്‌ലോങ്, വെസ്റ്റ് കാര്‍ബി അങ്‌ലോങ്, ദിമ ഹസാവോ, കരിംഗഞ്ച്, കച്ചാര്‍, ഹോജായ്, ഗോലാഘട്ട് എന്നീ ജില്ലകളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. പ്രധാന നദികളായ കോപിലി, ബാരക്, കതാഖല്‍, കുശിയാര തുടങ്ങിയവയുടെ ജലനിരപ്പ് ഉയര്‍ന്നത് മൂലമാണ് മിക്ക മുങ്ങിമരണങ്ങളും സംഭവിച്ചത്. റെമാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയാണ് നദികളിലെ ജലനിരപ്പ് ഉയരാന്‍ കാരണം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക്
ഹിമാചല്‍ വെള്ളപ്പൊക്കം: ജൂണ്‍ 27 നും ഓഗസ്റ്റ് പതിനാറിനുമിടയിലുണ്ടായ 51 മേഘവിസ്ഫോടനങ്ങളിലും മിന്നല്‍പ്രളയത്തിലും ഹിമാചല്‍ പ്രദേശില്‍ 31 ജീവനുകള്‍ പൊലിഞ്ഞു. 33 പേരെ കാണാതായെന്നും സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്‍റര്‍ അറിയിച്ചു. 121 വീടുകളെങ്കിലും വെള്ളപ്പൊക്കത്തില്‍ തകര്‍ന്നു. 35 ഉരുള്‍പൊട്ടലുണ്ടായതും നാശനഷ്‌ടങ്ങള്‍ ഇരട്ടിയാക്കി. 1140 കോടി രൂപയുടെ നാശമാണ് സംസ്ഥാനത്തുണ്ടായത്. റോഡുകളും കെട്ടിടങ്ങളും തകര്‍ന്നതാണ് വലിയ നാശനഷ്‌ടത്തിനിടയാക്കിയത്.
വിജയവാഡയിലെ വെള്ളപ്പൊക്കം: ഓഗസ്റ്റ് 31 നും സെപ്റ്റംബര്‍ ഒന്‍പതിനും ഇടയിലാണ് കനത്ത മഴയെ തുടര്‍ന്ന് വിജയവാഡയില്‍ അതിശക്തമായ വെള്ളപ്പൊക്കമുണ്ടായത്. നദികളെല്ലാം കരകവിഞ്ഞൊഴുകി. 45 വിലപ്പെട്ട ജീവനുകള്‍ നഷ്‌ടമായി. 270,000 പേരെ വെള്ളപ്പൊക്കം ബാധിച്ചു. കൃഷ്‌ണയും ബുദാമേരുവും കരകവിഞ്ഞൊഴുകിയതോടെ താഴ്‌ന്ന പ്രദേശങ്ങള്‍ മിക്കതും വെള്ളത്തിനടിയിലായി. വെള്ളപ്പൊക്ക നിയന്ത്രണ സംവിധാനങ്ങളൊന്നും കാര്യക്ഷമമായില്ല.
ദുരിതാശ്വാസ പ്രവര്‍ത്തകര്‍ 44,000ത്തിലേറെ പേര്‍ക്ക് അഭയ കേന്ദ്രങ്ങളൊരുക്കി. 473 മൃഗങ്ങളും വെള്ളപ്പൊക്കത്തില്‍ പെട്ട് ചത്തെന്നാണ് ഔദ്യോഗിക കണക്കുകള്‍. 71,639 പക്ഷികള്‍ക്കും ജീവന്‍ നഷ്‌ടമായി.16000ത്തിലേറെ മൃഗങ്ങള്‍ക്ക് അടിയന്തര ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ ലഭ്യമാക്കി.
മീന്‍പിടിക്കുന്നവര്‍ക്കാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. 377 വള്ളങ്ങള്‍ പൂര്‍ണമായും നശിച്ചു. 226 എണ്ണത്തിന് കേടുപാടുകളുണ്ടായി. 1939 മീന്‍പിടുത്ത വലകളും നശിച്ചു.
ഗുജറാത്ത് വെള്ളപ്പൊക്കം: ഓഗസ്റ്റിലെ അവസാന ആഴ്‌ചയില്‍ ഗുജറാത്തില്‍ കനത്ത മഴയാണ് ഉണ്ടായത്. ഇത് കനത്ത വെള്ളപ്പൊക്കത്തിനും ധാരാളം ജീവനുകള്‍ നഷ്‌ടമാകുന്നതിനും കാരണമായി. മഴയെ തുടര്‍ന്നുണ്ടായ ഇടിമിന്നലിലും ഭിത്തികള്‍ തകര്‍ന്നുവീണും മുങ്ങിയും 49 ജീവനുകളും നഷ്‌ടമായി. എന്‍ഡിആര്‍എഫ്, സൈന്യം, മറ്റ് ദുരിതാശ്വാസ പ്രവര്‍ത്തകര്‍ എന്നിവര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് രംഗത്തിറങ്ങേണ്ടി വന്നു. 37000ത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു. അസ്ന ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ന്യൂനമര്‍ദ്ദമാണ് കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും കാരണമായതെന്ന് സംസ്ഥാന ദുരന്ത നിവാരണ കമ്മീഷണര്‍ അറിയിച്ചു.
ഉരുള്‍ പൊട്ടല്‍
വയനാട്: ജൂലൈ 30 ന് കേരളത്തിലെ വയനാട് ചരിത്രത്തിലെ ഏറ്റവും കനത്ത ഉരുള്‍പൊട്ടലിന് ഇരയായി. പുഞ്ചിരിമട്ടം, ചൂരല്‍മല, മുണ്ടക്കൈ തുടങ്ങിയ ഗ്രാമങ്ങള്‍ പൂര്‍ണമായും തുടച്ച് നീക്കപ്പെട്ടു. 420 ജീവനുകള്‍ ഉരുളെടുത്തു. 397 പേര്‍ക്ക് പരിക്കേറ്റു. 47 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. 1500 വീടുകള്‍ തകര്‍ക്കപ്പെട്ടു. പതിനായിരങ്ങള്‍ക്ക് പിറന്ന മണ്ണ് വിട്ട് പോകേണ്ടി വന്നു.
തിരുവണ്ണാമല: ഡിസംബര്‍ രണ്ടിന് ഫെന്‍ജാല്‍ ചുഴലിക്കാറ്റിന്‍റെ ഫലമായുണ്ടായ തോരാമഴയെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയില്‍ കനത്ത ഉരുള്‍ പൊട്ടലുണ്ടായി. ഒരു കൂറ്റന്‍പാറ അടര്‍ന്ന് വീടിന് മുകളില്‍ പതിച്ച് അഞ്ച് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ് പേര്‍ മരിച്ചു.
ചുഴലിക്കാറ്റ്
റീമാല്‍ ചുഴലിക്കാറ്റ്: നാല് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നാശം വിതച്ച് വീശിയടിച്ച റീമാല്‍ ചുഴലിക്കാറ്റില്‍ 38 ജീവനുകള്‍ നഷ്‌ടമായി. ഇന്ത്യയിലും ബംഗ്ലാദേശിലുമായി 50 ജീവനുകളാണ് റീമാല്‍ എടുത്തത്. കടുത്ത കാറ്റും അതിശക്തമായ മഴയുമായിരുന്നു റീമാല്‍ സമ്മാനിച്ചത്. വോഖ, ഫീക്ക് ജില്ലകളിലായി ഏഴ് വയസുള്ള ബാലനടക്കം രണ്ട് പേര്‍ മരിച്ചതായി പിന്നീട് നാഗാലാന്‍ഡ് അറിയിച്ചു. അസമില്‍ മൂന്ന് പേരും മേഘാലയയില്‍ രണ്ട് പേരും മരിച്ചു. ഐസ്വാളിലെ മേഥുമിന് സമീപമുള്ള ഒരു കരിങ്കല്‍ ക്വാറിയില്‍ നിന്ന് രണ്ട് കുട്ടികളുടയടക്കം പതിനഞ്ച് മൃതദേഹങ്ങള്‍ കണ്ടെത്തിയതായി മിസോറം അധികൃതര്‍ അറിയിച്ചു. ഇന്ത്യാ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ഉരുള്‍ പൊട്ടല്‍ മൂലം പത്ത് ലക്ഷത്തിലേറെ പേരെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നു.
ഇടിമിന്നല്‍ ദുരന്തങ്ങള്‍
07 ജൂലൈ: ബിഹാറില്‍ വിവിധയിടങ്ങളില്‍ ഇടിമിന്നലേറ്റ് 21 പേര്‍ മരിച്ചു. ആറു പേര്‍ മധുബാനി ജില്ലയില്‍ മാത്രമാണ് മരിച്ചത്. ഔറംഗാബാദില്‍ നാല് പേര്‍ക്ക് ജീവഹാനിയുണ്ടായി. പാറ്റ്‌നയില്‍ രണ്ട് പേരും റോഹ്‌താസ്, ഭോജ്‌പൂര്‍, കൈമൂര്‍, സരണ്‍, ജെഹാനാബാദ്, ഗോപാല്‍ഗഞ്ജ്, സുപൗല്‍, ലഖിസരായ്, മധേപുര ജില്ലകളില്‍ ഓരോരുത്തരും മിന്നലേറ്റ് മരിച്ചുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
ജൂലൈ 10: ഉത്തര്‍പ്രദേശില്‍ മറ്റൊരു സംഭവത്തില്‍ 38 പേര്‍ക്ക് ഇടിമിന്നലേറ്റ് ജീവന്‍ നഷ്‌ടമായി. എന്നാല്‍ ഇത് വെള്ളപ്പൊക്ക മരണങ്ങളായാണ് സംസ്ഥാന സര്‍ക്കാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ജനജീവിതം നിശ്ചലമാക്കിയ വെള്ളപ്പൊക്കമാണ് സംസ്ഥാനത്ത് ഉണ്ടായത്. പ്രതാപ് ഗഡിലാണ് മിന്നലേറ്റ് എറ്റവും അധികം പേര്‍ക്ക് ജീവഹാനി സംഭവിച്ചത്. പതിനൊന്ന് പേരാണ് ഇവിടെ മിന്നലേറ്റ് മരിച്ചത്. തൊട്ടുപിന്നാലെ ഏഴ് മരണവുമായി സുല്‍ത്താന്‍പൂരുണ്ട്. ചന്ദൗലിയില്‍ ആറും മെയിന്‍പുരിയില്‍ അഞ്ചും പ്രയാഗ് രാജില്‍ നാലും ഔരിയ, ദേവ്‌റ, ഹത്രാസ്, വാരണസി, സിദ്ധാര്‍ത്ഥ് നഗര്‍ തുടങ്ങിയ ഇടങ്ങളില്‍ ഓരോരുത്തരും മിന്നലേറ്റ് മരിച്ചു. നിരവധി പേര്‍ക്ക് ഈ ജില്ലകളില്‍ പൊള്ളലേല്‍ക്കുകയും ചെയ്‌തു.
19 ഒക്‌ടോബര്‍: ഗുജറാത്തിലെ അമ്രേലി, രാജ്കോട്ട്, ബോത്താഡ് ജില്ലകളില്‍ ഉണ്ടായ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഇടിമിന്നലേറ്റ് ഏഴ് പേര്‍ മരിച്ചു. അമ്രേലിയില്‍ മരിച്ച അഞ്ച് പേരില്‍ മൂന്ന് പേരും ഒരു കുടുംബത്തിലെ ആളുകളായിരുന്നു. ഒരമ്മയും രണ്ട് കുഞ്ഞുങ്ങളുമാണ് മരിച്ചത്. രാജ്‌കോട്ടില്‍ നിന്ന് വീട്ടിലേക്ക് മടങ്ങും വഴിയാണ് ഒരാള്‍ മിന്നലേറ്റ് മരിച്ചത്. ബോത്താഡില്‍ ഒരു വയലില്‍ പണിയെടുത്ത് കൊണ്ടിരുന്ന സ്‌ത്രീയ്ക്കും ജീവന്‍ നഷ്‌ടമായി.
Also Read: കണ്ണീർ വറ്റാതെ വയനാട്, എങ്ങുമെത്താതെ പുനരധിവാസം; കണക്കുകളും വസ്‌തുതകളും വിരൽ ചൂണ്ടുന്നതെങ്ങോട്ട്?