ഭുവനേശ്വര്‍: പൊലീസ് ഡയറക്‌ടർ ജനറൽ/ഇൻസ്പെക്‌ടർ ജനറൽമാരുടെ അഖിലേന്ത്യാ സമ്മേളനത്തിന് നാളെ (നവംബര്‍ 30) ഭുവനേശ്വറില്‍ തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്-എൻഎസ്എ അജിത് ഡോവൽ എന്നിവര്‍ കോണ്‍ഫറൻസില്‍ പങ്കെടുക്കും. ഭുവനേശ്വറില്‍ ആദ്യമായി നടക്കുന്ന സമ്മേളനത്തില്‍ രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഡിജി-ഐജി ഓഫിസര്‍മാര്‍ക്കൊപ്പം മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും.
നാളെയും (നവംബര്‍ 30) മറ്റെന്നാളുമായി (ഡിസംബര്‍ 1) ഭുവനേശ്വറിലെ ലോക്‌സേവാഭവനിലെ സ്റ്റേറ്റ് കൺവെൻഷൻ സെൻ്ററിലാണ് കോണ്‍ഫറൻസ്. തീവ്രവാദം, ഇടതുപക്ഷ തീവ്രവാദം, തീരദേശ സുരക്ഷ, പുതിയ ക്രിമിനൽ നിയമങ്ങൾ, മയക്കുമരുന്ന് ഉള്‍പ്പടെ ദേശീയ സുരക്ഷയെ ബാധിക്കുന്ന നിര്‍ണായക ഘടകങ്ങളെ കുറിച്ച് കോണ്‍ഫറൻസില്‍ ചര്‍ച്ചകള്‍ നടക്കും. വിശിഷ്‌ട സേവനത്തിനുള്ള രാഷ്‌ട്രപതിയുടെ പൊലീസ് മെഡലും സമ്മേളനത്തില്‍ കൈമാറും.
![ALL INDIA POLICE CONFERENCE DGP IG CONFERENCE PM MODI ODISHA VISIT പൊലീസ് കോണ്‍ഫറൻസ്](https://etvbharatimages.akamaized.net/etvbharat/prod-images/29-11-2024/23004960_ajitdoval.png)
അതേസമയം, സമ്മേളനത്തിന്‍റെ ഭാഗമായി ഒഡിഷയില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്നത്. ഇന്ന് വൈകുന്നേരം നാലരയ്‌ക്ക് ഭുവനേശ്വര്‍ വിമാനത്താവളത്തില്‍ എത്തുന്ന മോദി പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്‌ത ശേഷമാകും രാജ്‌ഭവനിലേക്ക് പോകുക. തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളിലും സമ്മേളനത്തില്‍ പങ്കെടുക്കുന്ന മോദി ഡിസംബര്‍ ഒന്നിന് ന്യൂഡല്‍ഹിയിലേക്ക് തിരിക്കും.
ഖലിസ്ഥാൻ ഭീഷണി, കനത്ത സുരക്ഷയില്‍ ഭുവനേശ്വര്‍: നാഷണല്‍ സെക്യൂരിറ്റി മീറ്റ് തടസപ്പെടുത്തുമെന്ന് ഖലിസ്ഥാൻ നേതാവ് ഗുർപത്വന്ത് സിങ് പന്നൂൻ ഭീഷണിപ്പെടുത്തിയ സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് ഭുവനേശ്വറില്‍ ഒരുക്കിയിരിക്കുന്നത്. ഭുവനേശ്വറിലെ പല പ്രദേശങ്ങളും നോ ഫ്ലൈ ആൻഡ് നോ ഡ്രോൺ സോണായി സംസ്ഥാന പൊലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സംസ്ഥാന പൊലീസിൻ്റെ 72 പ്ലാറ്റൂണുകളും കേന്ദ്ര സേനയുടെ 12 കമ്പനികളുമടക്കം 108 പ്ലാറ്റൂൺ സേനയെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. വിമാനത്താവളം, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലും ഹോട്ടലുകള്‍ ഗസ്റ്റ് ഹൗസ് എന്നിവിടങ്ങളിലും പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തി. ദേശവിരുദ്ധ പ്രവർത്തനങ്ങളും തീവ്രവാദ പ്രവർത്തനങ്ങളും തടയാൻ രഹസ്യാന്വേഷണ വിഭാഗങ്ങളും പരിശോധന നടത്തുന്നുണ്ട്. ഡി സ്‌ക്വാഡ്, ബോംബ് സ്‌ക്വാഡ്, തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് എന്നിവരും കനത്ത ജാഗ്രതയിലാണ് പ്രവര്‍ത്തിക്കുന്നത്.
Also Read : നാലാം ദിവസവും ശക്തമായ പ്രതിപക്ഷ പ്രതിഷേധം; ഇരു സഭകളും ഇന്നത്തേക്ക് നിർത്തിവച്ചു