ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ കോൺഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെയ്‌ക്ക് ക്ഷണം ലഭിച്ചതായി കോൺഗ്രസ്. പ്രസ്‌താവനയിലാണ് കോൺഗ്രസ് ഇക്കാര്യം അറിയിച്ചത്. ഇന്നത്തെ ചടങ്ങിലേക്ക് രാജ്യസഭയിലെ പ്രതിപക്ഷ നേതാവിനുള്ള ക്ഷണം ഇന്നലെ രാത്രി വൈകിയാണ് ബിജെപി നേതാവ് പ്രലാദ് ജോഷിയിൽ നിന്നും ലഭിച്ചതെന്നും വൃത്തങ്ങൾ അറിയിച്ചു.
ഇതിനിടെ ഡൽഹിയിൽ നടക്കുന്ന നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ഇന്ത്യ ബ്ലോക്കിൻ്റെ സഖ്യകക്ഷിയായ മമത ബാനർജി വ്യക്തമാക്കി. തന്നെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി തൃണമൂൽ കോൺഗ്രസ് നേതാവ് പറഞ്ഞു. ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമായ ഒരു പാർട്ടി സർക്കാർ രൂപീകരിക്കുന്നതിന് ആശംസകൾ നേരാൻ തനിക്ക് കഴിയില്ലെന്നും രാജ്യത്തിന് വേണ്ടിയായിരിക്കും തൻ്റെ ആശംസകൾ എന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പാർട്ടി നേതാക്കൾക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ ശനിയാഴ്‌ച പറഞ്ഞിരുന്നു. വിദേശ നേതാക്കളെ ക്ഷണിച്ചിട്ടുണ്ടെന്നും കോൺഗ്രസിനോ ഇന്ത്യ മുന്നണിക്കോ ക്ഷണമില്ലെന്നുമാണ് കെസി വേണുഗോപാൽ പറഞ്ഞത്. "അന്താരാഷ്ട്ര നേതാക്കളെ" മാത്രമേ ക്ഷണിച്ചിട്ടുള്ളൂവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷും പ്രതികരിച്ചിരുന്നു.
അതേസമയം ബിജെപി നേതാവ് നരേന്ദ്ര മോദി ഇന്ന് വൈകിട്ട് 7:15നാണ് മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക. രണ്ട് തവണ കാലാവധി പൂർത്തിയാക്കിയ ശേഷം മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‌റുവിൻ്റെ റെക്കോർഡിനൊപ്പമാകും ഇനി മോദിയും. മറ്റ് മന്ത്രിമാരും നരേന്ദ്ര മോദിയ്‌ക്കൊപ്പം ഇന്ന് സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മൂന്നാം എൻഡിഎ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിൽ ഏഴ് വിദേശ രാജ്യങ്ങളിലെ നേതാക്കള്‍ അടക്കം എണ്ണായിരത്തിലധികം പേരാണ് പങ്കെടുക്കുക. ശ്രീലങ്ക, മാലദ്വീപ് എന്നിവിടങ്ങളിലെ പ്രസിഡന്‍റുമാരും ബംഗ്ലാദേശ്, മൗറീഷ്യസ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരും ചടങ്ങില്‍ അതിഥികളായെത്തും. കനത്ത സുരക്ഷ സംവിധാനങ്ങളാണ് ചടങ്ങിന്‍റെ ഭാഗമായി രാഷ്‌ട്രപതി ഭവനിൽ ഒരുക്കിയത്. അർധസൈനിക വിഭാഗത്തെയും വിന്യസിക്കും.
543 ലോക്‌സഭ സീറ്റുകളിൽ ബിജെപി 240 സീറ്റുകളും നാഷണൽ ഡെമോക്രാറ്റിക് അലയൻസ് 292 സീറ്റുകളുമാണ് നേടിയത്. അതേസമയം ഇന്ത്യ ബ്ലോക്കിൻ്റെ ഭാഗമായാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ലോക്‌സഭയിൽ ബിജെപിക്ക് ഒറ്റയ്‌ക്ക് ഭൂരിപക്ഷം ലഭിക്കുന്നത് തടയാൻ ഇന്ത്യ ബ്ലോക്കിന് കഴിഞ്ഞു.