ന്യൂഡല്‍ഹി: കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ ഉയര്‍ത്താന്‍ എന്‍ഡിഎ സര്‍ക്കാരിന് സാധിച്ചുവെന്ന് നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത അഞ്ച് വര്‍ഷം രാജ്യത്തിന് വളരെ ഉപയോഗപ്രദമാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.
2014ല്‍ ആദ്യമായി രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായി അധികാരത്തിലേറിയപ്പോള്‍ താന്‍ പുതിയൊരു ആളായിരുന്നു. എന്നാല്‍ ഇത്രയും കാലം ഭരിച്ചതിലൂടെ തനിക്ക് നിരവധി അനുഭവങ്ങളുണ്ടായി. ഇത് രാഷ്‌ട്രീയ ജീവിതത്തില്‍ ഏറെ പ്രയോജനകരമാണ്. കാരണം മുന്നോട്ട് വേഗത്തില്‍ നീങ്ങാന്‍ ഈ അനുഭവ സമ്പത്ത് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
ലോകം ഇപ്പോള്‍ സംഘര്‍ഷങ്ങളുടെ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ 10 വര്‍ഷം കൊണ്ട് ഇന്ത്യക്ക് സ്വന്തം താത്‌പര്യങ്ങള്‍ സംരക്ഷിക്കാന്‍ മാത്രമല്ല മറിച്ച് സ്വന്തമായൊരു സ്വത്വം രൂപപ്പെടുത്താനും കഴിഞ്ഞു. ലോകം വളരെ ദുഷ്‌കരമായ സാഹചര്യത്തിലൂടെയാണിപ്പോള്‍ മുന്നോട്ട് നീങ്ങുന്നത്.
ഓരോ രാജ്യവും തങ്ങളുടെ പ്രതിസന്ധിയെ മറികടക്കാന്‍ ശ്രമിക്കുകയാണ്. ഇത്തരം പ്രയാസങ്ങള്‍ക്കിടയിലും ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായി ഉയര്‍ന്നുവരികയാണ്. രാജ്യത്തിന്‍റെ വളര്‍ച്ചയില്‍ മറ്റ് ലോകരാജ്യങ്ങള്‍ ഇന്ത്യയെ പ്രശംസിക്കുകയാണ്.
രാജ്യത്ത് സുസ്ഥിരമായൊരു സര്‍ക്കാര്‍ സംവിധാനം വന്നതോടെ മറ്റ് ലോക രാജ്യങ്ങള്‍ ഇന്ത്യയിലേക്ക് ഉറ്റുനോക്കാന്‍ തുടങ്ങി. രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും സര്‍ക്കാരില്‍ നിന്നും പ്രയോജനം ലഭിക്കും. വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളിലൂടെ സംസ്ഥാനങ്ങള്‍ക്കും യുവതലമുറയ്‌ക്കും വന്‍തോതില്‍ പ്രയോജനം ലഭിക്കുമെന്നും നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.
Also Read: മോദി രാഷ്‌ട്രപതിയെ കണ്ടു; സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു