നാരായണ്‍പൂര്‍ (ഛത്തീസ്‌ഗഡ്) : അബുജ്‌മദ് വനത്തില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ എട്ട് നക്‌സലുകള്‍ കൊല്ലപ്പെട്ടു. നാരായണ്‍പൂര്‍, ദന്തേവാഡ, ബിജാപൂര്‍ ജില്ലകളുടെ അതിര്‍ത്തി മേഖലയാണ് അബുജ്‌മദ്. ഇവിടെ ഉണ്ടായ ഏറ്റുമുട്ടല്‍ 21 മണിക്കൂറിന് ശേഷം അവസാനിച്ചതായും പ്രദേശത്തുനിന്ന് എട്ട് നക്‌സലുകളുടെ മൃതദേഹവും ആയുധങ്ങളും കണ്ടെടുത്തതായും സൈന്യം അറിയിച്ചു.
അബുജ്‌മദ് മേഖലയില്‍ എത്തിയ സുരക്ഷാസേന മടങ്ങാന്‍ തയാറെടുക്കവേയാണ് നക്‌സലുകള്‍ വെടിയുതിര്‍ത്തത്. ഉടന്‍ സേന തിരിച്ചടിച്ചു. ഏറ്റുമുട്ടലിന് ശേഷം നടത്തിയ തെരച്ചിലിലാണ് നക്‌സലുകളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
നിരവധി നക്‌സലുകള്‍ക്ക് പരിക്കേറ്റിട്ടുണ്ടാകാം എന്നാണ് ലഭിക്കുന്ന വിവരം. അതിനിടെ ചില നക്‌സലുകളെ അറസ്റ്റ് ചെയ്‌തെന്ന തരത്തിലും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ല.
മെയ് 21നാണ് നാരായണ്‍പൂര്‍, ബിജാപൂര്‍ ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ പല്ലെവയ ഹന്ദവാഡയില്‍ പ്ലാറ്റൂണ്‍ നമ്പര്‍ 16ലെയും ഇന്ദ്രാവതി ഏരിയ കമ്മിറ്റിയിലെയും നക്‌സലുകളുടെ സാന്നിധ്യത്തെ കുറിച്ച് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന് വിവരം ലഭിച്ചത്. ഉടന്‍ തന്നെ മേഖലയില്‍ എസ്‌ടിഎഫ് തെരച്ചില്‍ ആരംഭിക്കുകയായിരുന്നു. മെയ് 23ന് നക്‌സലുകള്‍ സുരക്ഷാസേനയ്‌ക്ക് നേരെ വെടിയുതിര്‍ത്തു. പിന്നാലെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
നക്‌സല്‍ ബാധിത മേഖലയായ അബുജ്‌മദില്‍ സുരക്ഷാസേന പുതിയ ക്യാമ്പ് തുറന്നത് നക്‌സലുകളെ ചൊടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. സേനയുടെ പ്രവര്‍ത്തനങ്ങള്‍ നക്‌സലുകള്‍ക്ക് വിലങ്ങുതടിയായി. മൊഹന്‍ദി ഗ്രാമം, ഓര്‍ക്കാ ബ്ലോക്ക്, കൊഹ്‌കമേട്ട തഹസില്‍, കൊഹ്‌കമേട്ട പൊലീസ് സ്റ്റേഷന്‍ എന്നിവയുടെ പരിധിയിലാണ് സേനയുടെ പുതിയ ക്യാമ്പ്. നക്‌സലുകളുടെ സുപ്രധാന നീക്കങ്ങള്‍ തടയാന്‍ സേനയ്‌ക്ക് സാധിച്ചതും പ്രകോപനത്തിന് കാരണമായി. ഈ വര്‍ഷം ഉണ്ടായ വിവിധ ഏറ്റുമുട്ടലുകളില്‍ 90ലധികം നക്‌സലുകള്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.