ന്യൂഡൽഹി: സായുധ സംഘം സൈനിക ക്യാമ്പ് ആക്രമിച്ചതിനെ തുടർന്ന് രക്ഷതേടി ഇന്ത്യൻ അതിർത്തി കടന്നെത്തിയ മ്യാൻമർ സൈന്യത്തെ നാട്ടിലെത്തിക്കാൻ തീരുമാനമായി. വിമത സേനയുമായുള്ള വെടിവെപ്പിനിടെ രക്ഷപ്പെടാനായി മിസോറാമിലേക്ക് കടന്ന മ്യാൻമർ സൈനികരെ ഉടൻ നാട്ടിലെത്തിക്കുമെന്ന് മിസോറാം സർക്കാർ അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ മിസോറാമിലേക്ക് പ്രവേശിച്ച എല്ലാ മ്യാൻമർ സൈനികരെയും തിരിച്ചയക്കുമെന്നാണ് വിവരം (Myanmar Army Personnel Who Entered Mizoram To Be Repatriated Soon).
മ്യാൻമറിലെ വിമത സേനയും ജുണ്ട ഭരണകൂടവും തമ്മിലുള്ള പോരാട്ടം രൂക്ഷമായതോടെയാണ് മുന്നൂറോളം മ്യാൻമർ സൈനികർ അതിർത്തി കടന്ന് ഇന്ത്യയിലെത്തിയത്. മിസോറാമിലെ ബൻദുക്ബൻക ഗ്രാമത്തിലേക്ക് ആണ് സൈന്യം എത്തിയത്. അതേസമയം ഷില്ലോങ്ങിൽ നടന്ന നോർത്ത് ഈസ്റ്റ് കൗൺസിലിന്‍റെ (NEC) കോൺഫറൻസിൽ, മിസോറം മുഖ്യമന്ത്രി ലാൽദുഹോമ, ആഭ്യന്തര മന്ത്രി അമിത് ഷായുമായി സ്ഥിതിഗതികൾ സംബന്ധിച്ച് ചർച്ച നടത്തി. അയൽരാജ്യത്ത് സ്ഥിതിഗതികൾ വഷളായതിന് പിന്നാലെയാണ് സൈന്യം ഉൾപ്പടെ മ്യാൻമറിൽ നിന്നുള്ള ആളുകൾ മിസോറാമിലെത്തിയതെന്ന് ലാൽദുഹോമ ഷില്ലോങ്ങിൽ പറഞ്ഞു. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് അവരെ താമസിക്കാൻ അനുവദിച്ചതെന്നും ലാൽദുഹോമ വ്യക്തമാക്കി.
മ്യാൻമർ സൈന്യത്തെ അവരുടെ രാജ്യത്തേക്ക് തിരിച്ചയക്കാൻ നടപടി എടുക്കണമെന്ന് കൂടിക്കാഴ്‌ചയിൽ ലാൽദുഹോമ ആഭ്യന്തരമന്ത്രിയോട് അഭ്യർഥിച്ചിട്ടുണ്ട്. മിസോറാം മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി വിഷയം ചർച്ച ചെയ്‌തതായ ലാൽദുഹോമയുടെ പ്രിൻസിപ്പൽ സെക്രട്ടറി അംഗു അറിയിച്ചു. ഇക്കാര്യത്തിൽ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ മിസോറാം സർക്കാരിന് ഉറപ്പുനൽകിയതായും അംഗു വ്യക്തമാക്കി.
സൈനികരെ തിരിച്ചയക്കുമെന്നും നേരത്തെ ഇത്തരത്തിൽ ഇന്ത്യയിലേക്ക് കടന്ന എല്ലാ സൈനികരെയും തങ്ങൾ തിരിച്ചയച്ചിട്ടുണ്ടെന്നും അസം റൈഫിൾസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മ്യാൻമറുമായുള്ള ഇന്ത്യയുടെ അന്താരാഷ്‌ട്ര അതിർത്തിയിൽ അസം റൈഫിൾസ് കാവൽ നിൽക്കുന്നുണ്ട്. 2023 നവംബറിൽ, മിലിറ്ററി ഗ്രൂപ്പായ പീപ്പിൾസ് ഡിഫൻസ് ഫോഴ്‌സുമായുള്ള (പിഡിഎഫ്) വെടിവെപ്പിനെ തുടർന്ന് മിസോറാമിലേക്ക് പലായനം ചെയ്‌ത 29 മ്യാൻമർ സൈനികരെ അവരുടെ രാജ്യത്തേക്ക് തിരിച്ചയച്ചിരുന്നു.
ഇതുവരെയായി നൂറിലധികം മ്യാൻമർ സൈനികരെ അവരുടെ രാജ്യത്തേക്ക് തിരിച്ചയച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നേരത്തെ, മ്യാൻമർ സൈനികരെ മണിപ്പൂർ-മ്യാൻമർ അതിർത്തിയിലൂടെ മോറെയിലേക്ക് എയർലിഫ്റ്റ് ചെയ്യുകയും അവിടെ നിന്ന് അടുത്തുള്ള മ്യാൻമർ പട്ടണമായ തമുവിലേക്ക് അയക്കുകയും ചെയ്‌തിരുന്നു.
2023 നവംബറിന്‍റെ തുടക്കത്തിൽ അയൽ രാജ്യത്ത് യുദ്ധം ആരംഭിച്ചതിന് ശേഷം 5,000-ത്തിലധികം സാധാരണക്കാർ മിസോറാമിലേക്ക് കടന്നത് വാർത്തയായിരുന്നു. പിന്നീട് അവരിൽ ഭൂരിഭാഗവും അവരുടെ രാജ്യത്തേക്ക് മടങ്ങുകയും ചെയ്‌തിരുന്നു. 2021ൽ ഉണ്ടായ സൈനിക അട്ടിമറിക്ക് ശേഷം മ്യാൻമറിൽ ആഭ്യന്തര കലാപം രൂക്ഷമാണ്.
അതേസമയം മ്യാൻമറുമായി 510 കിലോമീറ്റർ നീളത്തിൽ മിസോറാം അതിർത്തി പങ്കിടുന്നുണ്ട്. ചമ്പായി, സിയാഹ, ലോങ്‌ട്‌ലായ്, സെർച്ചിപ്പ്, ഹനഹ്തിയാൽ, സെയ്‌തുവൽ എന്നിവയുൾപ്പടെ സംസ്ഥാനത്തെ ആറ് ജില്ലകളാണ് മ്യാൻമറുമായി അതിർത്തി പങ്കിടുന്നത്.