മുംബൈ: റോഡരികിലെ തട്ടുകടയിൽ നിന്ന് ഷവർമ കഴിച്ച യുവാവ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. പ്രതാമേശ് ഭോക്‌സെ (19) ആണ് മരിച്ചത്. മഹാരാഷ്ട്രയിലെ മാൻകുർദിലാണ് സംഭവം. ഭക്ഷ്യവിഷബാധയേറ്റ് 12 പേർ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് കട ഉടമകളായ രണ്ട് പേരെ ട്രോംബെ പൊലീസ് അറസ്റ്റ് ചെയ്‌തു.
കടുത്ത വയറുവേദനയും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്ന് പ്രതാമേശിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്‌ക്കിടെ ഇന്നലെയാണ് യുവാവ് മരിച്ചത്. കടയുടെ ഉടമകളായ ആനന്ദ് കാംബ്ലെ, മുഹമ്മദ് അഹമ്മദ് റെസ ഷെയ്ഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്‌തതെന്ന് ട്രോംബെ പൊലീസ് സ്റ്റേഷനിലെ സീനിയർ പൊലീസ് ഇൻസ്‌പെക്‌ടർ രാജേഷ് ഷിൻഡെ പറഞ്ഞു. ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലിരിക്കുന്ന 12 പേരുടെയും നില തൃപ്‌തികരമാണെന്നും അദ്ദേഹം അറിയിച്ചു.
സംഭവം ഇങ്ങനെ: മെയ് 3-ന് വൈകുന്നേരം 6 മണിയോടെയാണ് പ്രതാമേശ് അമ്മാവനൊപ്പം വന്ന് കടയിൽ നിന്നും ഷവർമ കഴിച്ചത്. പിറ്റേന്ന് രാവിലെ കഠിനമായ വയറുവേദനയും ഛർദിയും ഉണ്ടായതിനെ തുടർന്ന് യുവാവിനെ മുനിസിപ്പൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാല്‍ ആരോഗ്യനില മോശമായതിനെ തുടർന്ന് പ്രതാമേശിനെ കെഇഎം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയ്ക്കിടെയാണ് 19-കാരന്‍റെ മരണം.